സേവനത്തിന്റെ പ്രതീകമായി 'ഹൗസ് മേഡ് ഫോര്‍ യു'

0

ചിലര്‍ അങ്ങനെയാണ്, ജീവിതത്തില്‍ തങ്ങളുടെ സുഖസന്തോഷങ്ങള്‍ക്കൊപ്പം മറ്റുള്ളവരുടെ സന്തോഷത്തിനും പ്രാധാന്യം നല്‍കും. മറ്റുള്ളവരുടെ ദുഖങ്ങളും വിഷമങ്ങളും മനസിലാക്കാന്‍ ശ്രമിക്കും. രതി റാണാ എന്ന ഫ്‌ളൈറ്റ് അറ്റന്ററുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് ഇതാണ്. കിംഗ്ഫിഷര്‍, ഇന്‍ഡിഗോ എന്നീ വിമാനകമ്പനികളില്‍ ഉയര്‍ന്ന ജോലിയിലും ശമ്പളത്തിലും സുഖസൗകര്യങ്ങളിലുമെല്ലാം മുഴുകി കഴിയുമ്പോഴും സമൂഹത്തിലെ നിരാലംബരായ സ്ത്രീകളെക്കുറിച്ചായിരുന്നു രതിയുടെ ചിന്ത. ഇതില്‍ നിന്നാണ് രതി ഇന്ന് നേതൃത്വം വഹിക്കുന്ന ഹൗസ് മെയിഡ് ഫോര്‍ യു എന്ന സ്ഥാപനത്തിന്റെ ഉദയം. വീട്ട് ജോലികള്‍ക്ക് ആളുകളെ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുക വഴി പാവപ്പെട്ട സ്ത്രീകളെ വരുമാനമുണ്ടാക്കാന്‍ സഹായിക്കുന്ന ഒരു വലിയ സംരംഭമായി ഇന്ന് ഹൗസ് മെയിഡ് ഫോര്‍ യു മാറിക്കഴിഞ്ഞു.

മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു രതിക്ക്. ക്രിസ്തുമസിനും അതുപോലുള്ള മറ്റ് ആഘോഷ വേളകളിലുമെല്ലാം തന്നെ രതി ഓര്‍ഫനേജുകള്‍ സന്ദര്‍ശിച്ച് അവിടെയുള്ളവര്‍ക്ക് പണവും ഭക്ഷണവുമെല്ലാം നല്‍കിയിരുന്നു. കുറച്ച് സമയം അവരോടൊപ്പം ചെലവഴിക്കാറുമുണ്ടായിരുന്നു. എന്നാല്‍ ഇത് മാത്രമായിരുന്നില്ല രതി അവര്‍ക്ക് വേണ്ടി ചെയ്യണമെന്നാഗ്രഹിച്ചിരുന്നത്. ഒരിക്കല്‍ വീട്ടുജോലികള്‍ക്ക് പോയി ഉപജീവനം കണ്ടെത്തുന്ന ഒരു യുവതിയെ രതി കണ്ടുമുട്ടുകയുണ്ടായി. രതിയുടെ വാക്കുകളില്‍ അവരാണ് ഹൗസ് മെയിഡ് ഫോര്‍ യു എന്ന സ്ഥാപനത്തിലേക്ക് തന്നെ പ്രേരിപ്പിച്ചഘടകം.

തന്റെ ആശയം ഭര്‍ത്താവ് പ്രതീകിനോട് പങ്കുവെച്ച രതിക്ക് അദ്ദേഹത്തില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിച്ചു. അങ്ങനെയാണ് ഹൗസ് മെയിഡ് ഫോര്‍ യു തുടങ്ങിയത്. വീട്ടുജോലിക്ക് തയ്യാറായി വരുന്ന അപേക്ഷകരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ജോലിക്ക് ആളെ ആവശ്യപ്പെട്ട് വരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. അവര്‍ ആവശ്യപ്പെടുന്ന ജോലികള്‍ക്ക് തയ്യാറാകുന്നവരെ ഇന്റര്‍വ്യൂ ചെയ്താണ് തിരഞ്ഞെടുക്കുന്നത്. പ്രായമായവരെ പരിചരിക്കാനാണ് ആവശ്യമെങ്കില്‍ ആ ജോലിയില്‍ പരിശീലനം ഉള്ളവരെ അയക്കും. കുട്ടികളെ നോക്കാനാണെങ്കിലും അതുപോലെ തന്നെ. ജോലി ചെയ്യേണ്ട വീടുകള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ഹൗസ് മെയിഡ് ഫോര്‍ യു തന്നെ വിലയിരുത്തിയ ശേഷമാണ് ഇവരെ അങ്ങോട്ട് അയക്കുന്നത്. മാത്രമല്ല ഇവരുടെ ശമ്പളം എല്ലാ മാസവും കൃത്യമായി ലഭിക്കാറുണ്ടോ എന്ന കാര്യവും ശ്രദ്ധിക്കാറുണ്ട്.

അപേക്ഷകര്‍ക്ക് എല്ലാവര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സും പ്രോവിഡന്റ് ഫണ്ടും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഹൗസ് മെയിഡ് ഫോര്‍ യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷത്തില്‍ 12 അവധികളാണ് ഇവര്‍ക്ക് നല്‍കുന്നത്. ഇതിന് പുറമെ എല്ലാ ഞായറാഴ്ചയും അവധിയായിരിക്കും. ഒരു പ്രൊഫഷണലിനെ പോലെ ഇവരെക്കൊണ്ട് ജോലി ചെയ്യിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് രതി പറയുന്നു. ഇതിനായി ഇവര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. തങ്ങള്‍ ചെയ്യുന്ന ജോലി എത്ര മഹത്വമര്‍ഹിക്കുന്നതാണെന്ന് അവരെ മനസിലാക്കിക്കുകയും ചെയ്യുന്ന ജോലി മികച്ചതാക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ശ്രദ്ധിക്കാനും അവര്‍ക്ക് നിര്‍ദേശം നല്‍കും.

രതി തന്റെ സാമൂഹിക പ്രതിബദ്ധത നിറവേറ്റാനുള്ള തിരക്കിലാണ് എപ്പോഴുമെന്ന് ഭര്‍ത്താവ് പ്രതീക് പറയുന്നു. എന്‍ ജി ഒകള്‍ വഴി ശില്‍പശാലകള്‍ സംഘടിപ്പിക്കുകയും അപേക്ഷകര്‍ക്കായി ഇന്റര്‍വ്യൂകള്‍ നടത്തുകയും അവര്‍ക്ക് പരിശീലനം നല്‍കുകയും അവരെ വരുമാനമുണ്ടാക്കുന്ന തരത്തില്‍ സ്വയം പര്യാപ്തരാക്കുകയും ചെയ്യുന്ന മഹത്തായ കാര്യമാണ് രതി നിറവേറ്റുന്നത്. ഭിക്ഷയെടുത്ത് ജീവിതം കഴിച്ച് കൂട്ടുന്നവരെയും വീട് നഷ്ടപ്പെട്ട് തെരുവുകളില്‍ കഴിയുന്ന സ്ത്രീകളെയുമെല്ലാം രതി ഇത്തരത്തില്‍ കണ്ടെത്തി അവര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്ന് പ്രതീക് പറയുന്നു.

2015 ജൂലെ 31ന് ഹൗസ് മെയിഡ് ഫോര്‍ യു അതിന്റെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. വനിതകളെ പ്രൊഫഷണലിസത്തിലേക്ക് നയിക്കുന്നതില്‍ നിരവധി ജയപരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പോകുന്നു. എന്നിരുന്നാലും അവര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ സാധിക്കുന്നതില്‍ രതി സന്തുഷ്ടയാണ്. തങ്ങളുടെ അപേക്ഷകരില്‍ മാസം 10,000 രൂപയും അതിന് മുകളിലും ശമ്പളം വാങ്ങുന്നവരുണ്ട്. ഈ വനിതകളില്‍ പലരും ഇന്ന് ഒന്നിലധികം വീടുകളില്‍ പോയി വരുമാനമുണ്ടാക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ഒരു മഹത്തായ സംരംഭം തുടങ്ങാനായതിന്റെ സന്തോഷത്തിലാണ് രതി.

തന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ രതി പൂര്‍ണ സന്തുഷ്ടയാണ്. തനിക്ക് ഇനിയും ഏറെ ചെയ്ത് തീര്‍ക്കാനുണ്ടെന്ന് രതി പറയുന്നു. തന്റെ സംരംഭത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങുകയാണ് അടുത്ത ലക്ഷ്യമെന്ന് രതി പറയുന്നു. ഈ സംരംഭം തുടങ്ങിയപ്പോള്‍ രതിക്ക് പലരില്‍നിന്നും നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു. പലരും തനിക്ക് പിന്തുണ നല്‍കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ താന്‍ അവരോടൊക്കെ വളരെ സൗമ്യമായി തന്നെ മറുപടി പറഞ്ഞു. അന്ന് പിന്തുണക്കാത്തവര ഇപ്പോഴത്തെ തന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് അവരില്‍നിന്ന് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ച് തന്നെ സമീപിക്കാറുണ്ടെന്ന് രതി പറയുന്നു.

കുടുംബം തന്നെയാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യ ഊര്‍ജ്ജം. എല്ലാകാര്യത്തിലും അവര്‍ തനിക്കൊപ്പമുണ്ടായിരുന്നു. പ്രത്യേകിച്ച് പ്രതീക് എല്ലാ പിന്തുണയും നല്‍കി സര്‍വ്വ സമയവും തനിക്കൊപ്പമായിരുന്നു. ആഴ്ചകളുടെ അവസാന ദിവസങ്ങള്‍ താന്‍ വലിയ തിരക്കിലായിരിക്കും. പ്രതീകുമായി പരസ്പരം കാണാന്‍ പോലും നേരമുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞ് പ്രതീക് തന്നെ പിന്തുണച്ചു.

നിരവധി ത്യാഗങ്ങള്‍ സഹിച്ചും തന്റെ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിക്കാന്‍ രതി ശ്രദ്ധിക്കാറുണ്ട്. ഇതെല്ലാം രതിയുടെ ആശയങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് പ്രതീക് അഭിമാനത്തോടെ പറയുന്നു. അവള്‍ എല്ലാ കാര്യങ്ങളും മാനേജ് ചെയ്യുന്നുണ്ട്. പ്രതീകിന്റെ വാക്കുകളില്‍ മാറ്റത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്. ഓരോരുത്തരും അവരുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ മാത്രമാണ് മാറ്റമുണ്ടാകുന്നത്. രാവിലെ മുതല്‍ വൈകുന്നേരെ സേവനം ആവശ്യപ്പെടുകയും എന്നാല്‍ പ്രതിഫലം നല്‍കാന്‍ തയ്യാറാകാത്തതുമായ നിരവധി പേര്‍ ഇപ്പോഴും ഉണ്ടെന്നും പ്രതീക് പറയുന്നു.

ഹൃദയഹാരിയായ നിരവധി അനുഭവങ്ങള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു വലിയ കോര്‍പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിക്ക് തന്റെ കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ജോലി രാജിവെക്കേണ്ട സ്ഥിതിയിലെത്തി. എന്നാല്‍ സ്ഥാപനത്തിന്റെ മാനേജര്‍ അദ്ദേഹത്തിന്റെ അയല്‍വക്കത്തുള്ള ഹൗസ് ഫോര്‍ മെയിഡിന്റെ ജീവനക്കാരി വഴി അദ്ദേഹം തങ്ങളുമായി ബന്ധപ്പെട്ട് സേവനം ആവശ്യപ്പെട്ടു. യുവതിയുടെ കുഞ്ഞിനെ നോക്കാനുള്ള ആയയെ തങ്ങള്‍ തയ്യാറാക്കി കൊടുത്തു. അവര്‍ ഇപ്പോഴും സന്തോഷത്തോടെ സ്ഥാപനത്തില്‍ ജോലിക്ക് പോകുന്നുണ്ട്.

തങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ രതിക്ക് മറക്കാനാകാത്ത കാര്യങ്ങള്‍ നിരവധിയാണ്. ഒരു വലിയ റീട്ടെയില്‍ ഷോപ്പില്‍ ജോലിക്ക് നിന്നിരുന്ന യുവതി അതുപേക്ഷിച്ച് ജോലി അന്വേഷിച്ച് തങ്ങളെ സമീപിച്ചു. ഒരു സ്‌കൂട്ടര്‍ വാങ്ങണമെന്നതായിരുന്നു അവരുടെ ഏറ്റവും വലിയ ആഗ്രഹം. അവര്‍ക്ക് ജോലി ശരിയാക്കി കൊടുത്ത ശേഷം വാഹനം വാങ്ങാനുള്ള ലോണും തങ്ങള്‍ തരപ്പെടുത്തി കൊടുത്തു. വാഹനം സ്വന്തമാക്കിയ യുവതിയുടെ അഭിമാനാര്‍ഹമായ ചിരി മറക്കാനകുന്നതല്ലെന്ന് രതിയും പ്രതീകും പറയുന്നു.