മെസ്സിയുടെ വിരമിക്കല്‍ വിശ്വസിക്കാനാകാതെ കായികലോകം

0

ഇതിഹാസ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി വിരമിക്കുന്നത് വിശ്വസിക്കാനാകാതെ ഫുട്‌ബോള്‍ ലോകം. മെസ്സി വിരമിച്ചു എന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും മുക്തരാകാത്ത ആരാധകര്‍ മെസിയുടെ തീരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ചാനലുകളും സോഷ്യല്‍ മീഡിയയിലുമടക്കം ചര്‍ച്ചയാകുകയാണ് മെസിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് അര്‍ജന്റീന ക്യാപ്റ്റന്‍ കൂടിയായ മെസ്സിതന്നെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ദേശീയ ടീമില്‍ ഇനി കളിക്കാനില്ലെന്ന് വ്യക്തമാക്കിയ മെസി ഇക്കാര്യം താന്‍ നിശ്ചയിച്ച് കഴിഞ്ഞുവെന്ന് ഉറപ്പിച്ചു പറഞ്ഞതാണ് ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തിയത്.

ദേശീയ ടീമിനൊപ്പം ഒരു പ്രധാന കിരീടം പോലും നേടാനാകാതെയാണ് മെസ്സിയുടെ വിടവാങ്ങല്‍. കഴിഞ്ഞ വര്‍ഷവും കോപ്പ അമേരിക്ക ഫൈനലില്‍ മെസ്സി നയിച്ച അര്‍ജന്റീന ചിലിയോട് ഷൂട്ടൗട്ടില്‍ തോറ്റിരുന്നു. 2014ലെ ലോകകപ്പിലും അര്‍ജന്റീന ഫൈനലിലെത്തിയിരുന്നെങ്കിലും കലാശപ്പോരില്‍ ജര്‍മനിയോട് തോല്‍ക്കുകയായിരുന്നു. ബാഴ്‌സലോണക്ക് നിരവധി തവണ ലോക ഫുട്‌ബോള്‍ കിരീടം നേടിക്കൊടുക്കുകയും ലോക ഫുട്‌ബോളര്‍ പട്ടം അഞ്ച് തവണ സ്വന്തമാക്കുകയും ചെയ്ത മെസിക്ക് രാജ്യത്തിന് വേണ്ടി കിരീടം നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന ദുഖമാണ് വിരമിക്കലിന് വഴിവെച്ചത്. 2008ല്‍ ബീജിംഗ് ഒളിമ്പിക്‌സില്‍ അര്‍ജന്റീനക്ക് സ്വര്‍ണം നേടിക്കൊടുക്കാന്‍ കഴിഞ്ഞതാണ് രാജ്യത്തിന് വേണ്ടി മെസിക്ക് നല്‍കാന്‍ കഴിഞ്ഞ വലിയ നേട്ടം. ലോകമെമ്പാടുമുള്ള ആരാധകരുടെ സ്വപ്നം പൂവണിയിക്കാന്‍ സാധിക്കുന്നമെന്ന മെസിയുടെ പ്രതീക്ഷയാണ് ഇത്തവണ പിഴച്ചത്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീന തോല്‍വി അറിയാതെ മുന്നേറിയപ്പോള്‍ ഓരോ കളികളിലും തന്റേതായ സംഭാവന നല്‍കാന്‍ സാധിച്ച മെസിക്ക് കലാശപ്പോരാട്ടത്തില്‍ അടിപതറുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഉണ്ടായ അപകടത്തില്‍ നിന്നും മോചിതനായി തിരിച്ചു വന്നയുടനെയാണ് രാജ്യാന്തര ഫുഡ്‌ബോളില്‍ നിന്നും വിരമിക്കുന്നു എന്ന പ്രഖ്യാപനം മെസി നടത്തിയിരിക്കുന്നത്. അര്‍ജന്റീനയോട് പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ തെളിവാണ് കോപ്പക്കു മന്നോടിയായി ഹോണ്ടുറാസിനെതിരായുള്ള കളിയില്‍ കടുത്ത നടുവേദന അവഗണിച്ച് മെസി സ്‌പെയിനില്‍ നിന്നും അര്‍ജന്റീനയില്‍ എത്തിച്ചേര്‍ന്നത്.

ഡീഗോ മാറഡോണയുടെ വീഴ്ചയ്ക്കുശേഷമുള്ള അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ മഹാശൂന്യത തേടിയ ഉത്തരം തന്നെയായിരുന്നു മെസ്സി. ലോകകപ്പ് നേട്ടം മാറ്റിനിര്‍ത്തിയാല്‍ ഡീഗോ അര്‍ജന്റീനയ്ക്കുവേണ്ടി നേടിയത് 34 ഗോളും മെസ്സി നേടിയത് 55 ഗോളുമാണ്. ക്ലബ് ഫുട്‌ബോളില്‍ മറഡോണ 259 ഉം മെസ്സി 453 ഉം ഗോളുമാണ് നേടിയത്. മെസി നല്ലൊരു ആളാണ്, എന്നാല്‍ വ്യക്തിത്വവും നേതൃപാടവവും ഇല്ലെന്നായിരുന്നു കോപ്പ അമേരിക്ക നടക്കുന്നതിനിടയില്‍ മറഡോണ മെസിയെക്കുറിച്ച് പറഞ്ഞത്.

ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ നിരവധി പുരസ്‌കാരങ്ങള്‍ മെസിയെ തേടിയെത്തിയിട്ടുണ്ട്. ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അഞ്ച് വര്‍ഷങ്ങളില്‍ മെസിക്ക് ലഭിച്ചിരുന്നു. സ്വര്‍ണ്ണപ്പന്ത്, ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദ ഇയര്‍, ഫിഫ ടീം ഓഫ് ദ ഇയര്‍, യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍, ലാ ലിഗ പ്ലെയര്‍ ഓഫ് ദ ഇയര്‍, യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ, യുവേഫ ചാമ്പ്യന്‍സ് ലീഗ് ടോപ്പ് ഗോള്‍ സ്‌കോറര്‍, യുവേഫ ബെസ്റ്റ് പ്ലെയര്‍ ഇന്‍ യൂറോപ്പ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

29 വയസ്സുള്ള മെസിക്ക് ഇനിയും ഫുട്‌ബോളിന്റെ നല്ലനാളുകള്‍ ബാക്കിയാണെന്ന് കായിക രംഗം ഒന്നടങ്കം പറയുന്നു. കളിയില്‍ തോറ്റതിന്റെ പേരില്‍ കളിക്കളം വിട്ടുപോകുന്നതിലൂടെ ഫുട്‌ബോളിലെ വരും തലമുറക്ക് നല്‍കുന്ന ഒരു തെറ്റായ ഉപദേശമായി അത് മാറും. തീരുമാനം തിരുത്തി മെസി തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍.