മെഡക്‌സിന് അരക്കോടി വകയിരുത്തിയ സര്‍ക്കാരിന് നന്ദിയുമായി സംഘാടകര്‍

മെഡക്‌സിന് അരക്കോടി വകയിരുത്തിയ സര്‍ക്കാരിന് നന്ദിയുമായി സംഘാടകര്‍

Thursday March 30, 2017,

1 min Read

രാജ്യത്തെ ആദ്യത്തെ ആരോഗ്യ വിദ്യാഭ്യാസ കലാപ്രദര്‍ശനമായിരുന്ന മെഡക്‌സിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ 50 ലക്ഷം രൂപ വകയിരുത്തിയ സംസ്ഥാന സര്‍ക്കാരിനും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനും മെഡക്‌സ് സംഘാടക സമിതി നന്ദി പറഞ്ഞു. പൊതുജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനൊപ്പം ആരോഗ്യരംഗത്തിന് പുത്തന്‍ ഉണര്‍വ്വു പകരാനും സഹായകമായ ഈ പ്രദര്‍ശനത്തിന് ബജറ്റില്‍ പണം വകയിരുത്തിയതിലൂടെ സര്‍ക്കാര്‍ പിന്തുണ നല്‍കിയത് ഏറെ വിലപ്പെട്ട കാര്യമാണെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഡോ. ജോബി ജോണും ജനറല്‍ കണ്‍വീനര്‍ അമല്‍ അഹമ്മദും പറഞ്ഞു.

image


ഇത്തവണത്തെ ബജറ്റില്‍ ഇതിനു മുന്‍പൊരിക്കലുമില്ലാത്തവിധത്തില്‍ ആരോഗ്യമേഖലയ്ക്ക് മികച്ച മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയിലൂടെ ആധുനിക ചികില്‍സാ രംഗത്തെ നവീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍, മെഡിക്കല്‍ വിദ്യാഭ്യാസമേഖലയ്ക്കും രോഗീപരിചരണത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ കുറിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതിനൊപ്പം മെഡക്‌സ് എക്‌സിബിഷനും പണം അനുവദിച്ചത് തങ്ങള്‍ക്കുള്ള പ്രോല്‍സഹാനത്തിനൊപ്പം പുരോഗമനപരമായ ആശയങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ പിന്തുണകൂടിയാണ്. പ്രദര്‍ശനത്തിന്റെ സംഘാടരില്‍ ഇത് പുതിയ ഊര്‍ജ്ജമാണ് നിറയ്ക്കുന്നത്. സര്‍ക്കാരും ധനമന്ത്രിയും മെഡക്‌സ് സംഘാടകരില്‍ അര്‍പ്പിച്ച വിശ്വാസത്തിനനുസരിച്ചുതന്നെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ഡോ. ജോബി ജോണും അമല്‍ അഹമ്മദും വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടര ലക്ഷത്തോളം ചതുരശ്ര സ്ഥലത്തായി ഒരുക്കിയ മെഡക്‌സ് 45 ദിവസം കൊണ്ട് രണ്ടു ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്. പരിപാടി സാമ്പത്തികമായി വിജയമായതിനെ തുടര്‍ന്ന് ഇതിനായി വാങ്ങിയ ഏതാണ്ട് അരക്കോടിയോളം രൂപ വിലവരുന്ന ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിനും ആശുപത്രിക്കുമായി സംഭാവന നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം എന്‍എച്ച്എമ്മിന്റെ പിന്തുണയോടെ മെഡിക്കല്‍ കോളജിന്റെ ടെറസില്‍ സ്ഥിരം മ്യൂസിയം സജ്ജീകരിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. ഇതിനൊപ്പമാണ് മെഡക്‌സിന് ബജറ്റില്‍ 50 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നത്.

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക