അര്‍ജന്റീനക്കും പൈറസി പ്രധാന വെല്ലുവിളി: പാബ്ലോ ചെര്‍ണോവ്

0

ഇന്ത്യക്കെന്നപോലെ അര്‍ജന്റീനിയന്‍ സിനിമാ ലോകത്തും പ്രധാന വെല്ലുവിളി പൈറസിയാണെന്ന് സംവിധായകന്‍ പാബ്ലോ ചെര്‍ണോവ്. ചലച്ചിത്രമേളയുടെ നാലാം ദിനത്തില്‍ ടഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അന്തര്‍ദേശീയ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രൊജക്ട് ഓഫ് ദ സെഞ്ച്വറിയുടെ സംവിധായകനായ അദ്ദേഹം.

2000 മുതല്‍ ആര്‍ജന്റീനിയന്‍ സിനിമയുടെ നവോത്ഥാന കാലഘട്ടമാണ്. തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലാണ് കൂടുതല്‍ സിനിമകളും പ്രദര്‍ശിപ്പിക്കുന്നത്. 4.1 കോടി ജനസംഖ്യയുള്ള തങ്ങളുടെ രാജ്യത്ത് നാലുശതമാനം പ്രേക്ഷകര്‍ എത്തുന്ന സിനിമയെയാണ് ജനകീയ സിനിമയെന്നു വിലയിരുത്തുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജ്യത്തെ മികച്ച സിനിമകള്‍ ലോക സിനിമാപട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ബ്രസീലില്‍ സംവിധാനത്തിലും അഭിനയത്തിലും ഇപ്പോള്‍ നിരവധി വനിതകള്‍ കടന്നു വരുന്നുണ്ടെന്ന് ഫിലിം ഓര്‍ഗനൈസര്‍ സൂസന്ന സാന്‍തോഷ് പറഞ്ഞു. ലോകോത്തര ചിത്രങ്ങള്‍ ആസ്വദിക്കുന്നതില്‍ ഐഎഫ്എഫ്‌കെ പ്രേക്ഷകരുടെ ആകാംക്ഷയും ആവേശവും തന്നെ അത്ഭുതപ്പെടുത്തിയതായും അവര്‍ വ്യക്തമാക്കി.സൗന്ദര്യത്തിന്റേയും യാതനയുടേയും കഥകള്‍ പകര്‍ന്നു നല്‍കുന്ന സംതിങ് എബൗട്ട് അസ് ആദ്യമായാണ് രാജ്യാന്തര തലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന്

ചിത്രത്തിലെ നായിക സബറീന അഭിപ്രായപ്പെട്ടു. തന്റെ ചിത്രം മറ്റുരാജ്യത്തെ ജനങ്ങളോടോപ്പം ആസ്വദിക്കുന്നത് വേറിട്ട അനുഭവമാണെന്നും അവര്‍ പറഞ്ഞു.മരംവെട്ട് തൊഴിലാക്കിയ സഹോദരന്‍മാരായ കെമലിന്റേയും സെമലിന്റേയും കഥയാണ് തന്റെ ചിത്രം എന്റാംഗിള്‍മെന്റെന്ന് തുര്‍ക്കിഷ് സംവിധായകന്‍ തുഞ്ച് ദാവുദ് പറഞ്ഞു.