തകര്‍ച്ചയില്‍നിന്നും ബിസിനസിന്റെ മുന്‍നിരയിലെത്താന്‍ തയ്യാറെടുത്ത് ഇന്‍മൊബി

തകര്‍ച്ചയില്‍നിന്നും ബിസിനസിന്റെ മുന്‍നിരയിലെത്താന്‍ തയ്യാറെടുത്ത് ഇന്‍മൊബി

Monday March 14, 2016,

4 min Read


ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പരസ്യ കമ്പനിയായ ഇന്‍മൊബി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചില അപവാദ പ്രചരണങ്ങള്‍ അടുത്തിടെയുള്ള മാസങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തകര്‍ച്ചയില്‍ നിന്നും ബിസിനസ് മുന്‍നിരയിലേക്കുള്ള മുന്നേറ്റത്തിലാണ് ഇന്‍മൊബി. ആരും അസൂയപ്പെടുന്ന തരത്തിലുള്ള ജോലിക്കാരുള്ള സ്ഥാപനമായി ഇന്‍മൊബി വളര്‍ന്നുവെന്നത് സത്യമായിരിക്കുന്നു.

image


കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കഴിവുള്ള ഏതാനും ചില പേര്‍ ഇന്‍മൊബിയില്‍ നിന്നും പുറത്തേക്കുപോയി. എന്നാല്‍ ഫ്‌ലിപ്കാര്‍ട്ട് പോലുള്ള വന്‍കിട കമ്പനികളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇന്‍മൊബിയില്‍നിന്നും പോയവരുടെ എണ്ണം കുറവാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഇന്‍മൊബി നടപ്പിലാക്കിയ ചില പദ്ധതികളുടെയും പരിഷ്‌കാരങ്ങളുടെയും ഫലമാണിതെന്നാണ് കമ്പനിയുടെ എച്ച്ആര്‍ വിദഗ്ധര്‍ പറയുന്നത്.

ഞങ്ങളുടെ കഴിവുകളെ ഞങ്ങള്‍ തന്നെ സ്വയം വിലയിരുത്തുകയാണ് ചെയ്യാറുള്ളത്. അതിനു പുറത്തുനിന്നുള്ള ആരെക്കാളും നല്ലത് ഞങ്ങള്‍ തന്നെയാണ്. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞങ്ങള്‍ ഇതു നടപ്പിലാക്കിയത്. ഇന്നു ഞങ്ങള്‍ക്ക് അതിന്റെ ഫലം ലഭിക്കുന്നുണ്ട്. പുറത്തുനിന്നുള്ളവര്‍ക്കു ഞങ്ങളുടെ വളര്‍ച്ച കാണാന്‍ സാധിക്കില്ല. ഒരു വ്യക്തിയുടെ കഴിവുകള്‍ പുറത്തു മാത്രമല്ല അകത്തിരുന്നാലും വളരും. അതിനെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുപകയും ചെയ്യാം. വളരെ നീണ്ട കാലത്തേക്ക് ഉപയോഗിക്കാന്‍ കഴിയുന്ന നിക്ഷേപമായിട്ടാണ് ഞങ്ങളിതിനെ കാണുന്നതെന്നും ഇന്‍മൊബിയുടെ സഹസ്ഥാപകനും സിഇഒയുമായ നവീന്‍ തിവാരി പറഞ്ഞു.

2011- 12 കാലയളവില്‍ ഇന്‍മൊബിക്ക് മുന്നിലുണ്ടായിരുന്ന രണ്ടു പ്രധാന കൃത്യങ്ങളായിരുന്നു കഴിവുള്ളവരെ ആകര്‍ഷിക്കുകയും അവരെ നിലനിര്‍ത്തുകയും ചെയ്യുക എന്നത്. മറ്റു കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് തങ്ങളുടെ രീതികളെന്ന് നവീനും മറ്റു സഹസ്ഥാപകരും ചില മുതിര്‍ന്ന ഇന്‍മൊബി എക്‌സിക്യൂട്ടീവ്‌സും മനസ്സിലാക്കി. കോര്‍പറേറ്റ് ലോകത്ത് ജീവിക്കുമ്പോള്‍ അവര്‍ പ്രതീക്ഷിക്കുന്നതായിരിക്കണം നല്‍കേണ്ടത്. മറിച്ച് ഇന്‍മൊബി ചെയ്യാന്‍ ഉദ്ദേശിക്കുന്നവയായിരിക്കരുതെന്നും മനസ്സിലായതായി നവീന്‍ പറഞ്ഞു.

image


ബോണസും വാര്‍ഷിക ശമ്പള വര്‍ധനവും യാത്രാചെലവുകള്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ നിന്നും കമ്പനി അകലം പാലിക്കാന്‍ തുടങ്ങി. ഒരു കോര്‍പറേറ്റ് കമ്പനി എങ്ങനെയാണോ തൊഴിലാളികളെ നിയന്ത്രിക്കുന്നത് അതുപോലെ കാര്യങ്ങള്‍ കൊണ്ടുവന്നു. ആദ്യം ഇതു പരീക്ഷിക്കുമ്പോള്‍ ഭയന്നിരുന്നതായി നവീന്‍ പറഞ്ഞു. എന്നാല്‍ ഇതാണ് ശരിയെന്നും ഇതാണു ചെയ്യേണ്ടതെന്നും ഞങ്ങള്‍ ചിന്തിച്ചതായും നവീന്‍ വ്യക്തമാക്കി.

ഫൗണ്ടേഴ്‌സ് സ്റ്റാഫ് പ്രോഗ്രാം

2009 ല്‍ നവീനാണ് ഫൗണ്ടേഴ്‌സ് സ്റ്റാഫ് പ്രോഗ്രാം എന്നൊരു ആശയം കൊണ്ടുവന്നത്. പ്രോജക്ടുകളില്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരെ ഒപ്പം കൂട്ടുകയായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്ന ആശയം. നവീന് ഒരുകൂട്ടം മാനേജര്‍മാര്‍ ഉണ്ടായിരുന്നു. പക്ഷേ അവര്‍ക്കെല്ലാം തന്നെ അവരുടേതായ ജോലികള്‍ ഉണ്ടായിരുന്നു. എന്റെ ജോലിയില്‍ എന്നെ സഹായിക്കാനായി ഒരാള്‍ എനിക്കാവശ്യമായിരുന്നുനവീന്‍ പറഞ്ഞു.

ഈ സമയത്താണ് അഭിഷേക് പാട്ടീല്‍ നവീന്റെ ടീമില്‍ ചേരുന്നത്. പുതിയ വിപണിയിലേക്ക് കടക്കാനുള്ള ഇന്‍മൊബിയുടെ പ്രവര്‍ത്തനങ്ങളെ അഭിഷേക് ഏറെ സഹായിച്ചു. ഇന്‍മൊബിയെ സംബന്ധിച്ചിടത്തോളം യുഎസും ചൈനയുമാണ് വലിയ വിപണികള്‍. അഭിഷേക് നടത്തിയ അവലോകനങ്ങളും ചര്‍ച്ചകളും ഏതു വിപണിയിലേക്കാണ് കടന്നുചെല്ലേണ്ടതെന്നു തീരുമാനം എടുക്കാന്‍ നവീനെ സഹായിച്ചു. അപ്പോള്‍ അഭിഷേകിന് 26 വയസ്സായിരുന്നു പ്രായം. എംബിഎ ബിരുദം നേടിയതേ ഉണ്ടായിരുന്നുള്ളൂ. 2011 ല്‍ അഭിഷേക് ഇന്‍മൊബിയില്‍ നിന്നും പോയി സ്വന്തം സ്റ്റാര്‍ട്ടപ്പായ ഒലീവ്‌ബോര്‍ഡ് തുടങ്ങി. സ്വന്തമായി സ്റ്റാര്‍ട്ടപ് തുടങ്ങാനുള്ള ധൈര്യം നല്‍കിയതിന് അഭിഷേക് ഇന്‍മൊബിക്കാണ് നന്ദി പറയുന്നത്.

ബിസിനസ് പശ്ചാത്തലമുള്ള കുടുംബമാണ് എന്റേത്. പക്ഷേ എംബിഎ കഴിഞ്ഞപ്പോള്‍ ഒരു സംരംഭകനാവാന്‍ ഞാന്‍ തയാറായിരുന്നില്ല. എന്നാല്‍ ഇന്‍മൊബിയിലെ പ്രവൃത്തി പരിചയം ഒരു ടെക് ബിസിനസ് തുടങ്ങുന്നതെങ്ങനെയാണെന്നും എങ്ങനെയാണ് ഒരു സ്ഥാപനം മുന്നോട്ടു കൊണ്ടു പോകേണ്ടത് എന്നതിനെക്കുറിച്ചൊക്കെയുള്ള അനുഭവപരിചയം കിട്ടിയതായി അഭിഷേക് പറഞ്ഞു.

image


കരിയറിന്റെ വളര്‍ച്ചയ്ക്കും വ്യത്യസ്തമായ ജോലികള്‍ ചെയ്യുന്നതിനുമുള്ള അവസരം ഇന്‍മൊബി തരുന്നുണ്ട്. ഇതുമൂലം ജീവനക്കാര്‍ സ്വയം കമ്പനി വിട്ടുപോകുന്നു. ഇതവരുടെ വിജയമാണ്. പക്ഷേ ആഡ് ടെക് കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്‌നവും ഇതാണ്. ഇന്‍മൊബിക്കൊപ്പവും മറ്റു വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പവും പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ വിദഗ്ധ അഭിപ്രായപ്പെട്ടു.

അഭിഷേകിന്റെ സ്റ്റാര്‍ട്ടപ് സംരംഭം വിജയിച്ചതോടെയാണ് ഫൗണ്ടേഴ്‌സ് സ്റ്റാഫ് പ്രോഗ്രാം ഒരു മുഴുനീള പരിപാടിയാക്കി മാറ്റിയത്. ഇന്നു ഈ പരിപാടിയിലൂടെ നിരവധി തുടക്കക്കാര്‍ ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നു.

ജോലികള്‍ വാടകയ്ക്ക് ഏറ്റെടുത്ത് ചെയ്യുന്നത് ഇന്നു വളര്‍ന്നുകൊണ്ടിരിക്കുന്ന മറ്റൊരു കരിയര്‍ മേഖലയാണ്. 32 വയസ്സുകാരിയായ ഇന്നു നെവേദിയയുടെ കാര്യം തന്നെ നോക്കാം. ഇന്‍മൊബിയിലെ ഗ്ലോബല്‍ റവന്യൂ ഡെലിവറിയുടെയും പെര്‍ഫോമന്‍സ് ബിസിനസിന്റെയും വിപിയാണവര്‍. 2010 ല്‍ ഐഎസ്ബി പാസായ ഉടന്‍ തന്നെ ഫൗണ്ടേഴ്‌സ് സ്റ്റാഫില്‍ചേര്‍ന്നു. രണ്ടു വര്‍ഷം പരിപാടിയില്‍ പങ്കെടുത്തു. ഒരേസമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യുന്നതിന് ഈ പരിപാടി ഇന്നുവിനെ പ്രാപ്തയാക്കി.

ഇപ്പോഴത്തെ നിലയില്‍ എത്തിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. അതിനുമുന്‍പ് എല്ലാവരെയും പോലെ ഒരേ വഴിയിലായിരുന്നു ഞാനും സഞ്ചരിച്ചിരുന്നത്. ബിസിനസിന്റെ എല്ലാ മേഖലയെക്കുറിച്ചും പഠിക്കുന്നതിന് ഫൗണ്ടേഴ്‌സ് സ്റ്റാഫ് സഹായിക്കും. പല ടീമിനോടൊപ്പം ജോലി ചെയ്യുന്നതിനുള്ള അവസരം ലഭിക്കും. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കമ്പനിയിലെ വ്യത്യസ്ത മേഖലയിലുള്ളവരോടൊപ്പം ഒരുമിച്ച് ചേര്‍ന്ന് ജോലി ചെയ്യുന്നതെങ്ങനെയാണെന്ന് ഈ പരിപാടി മനസ്സിലാക്കി തരുംഇന്നു പറയുന്നു.

ഇത്തരത്തിലൊരു പരിപാടിയുടെ പ്രയോജനം എന്താണ്? ഒരാളുടെ കഴിവുകള്‍ മനസിലാക്കാതെ തന്നെ അയാള്‍ക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നു. വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പിനു ഇതു പ്രയോജനകരമാണോ? ഇതു കൊണ്ടുള്ള പ്രയോജനം ഇരട്ടിയെന്നാണ് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവായി നവീന്‍ പറയുന്നത്. ഒരു വ്യക്തിയുടെ കഴിവും ഇഷ്ടങ്ങളും വ്യത്യസ്ത പ്രോജക്ടുകള്‍ ചെയ്യുന്നതിലൂടെ മാത്രമേ കമ്പനിക്ക് മനസ്സിലാക്കാന്‍ സാധിക്കൂ. ഇത്തരത്തിലൊരു പരിപാടിയിലൂടെ ഒരു വ്യക്തിയെ ഉത്തരവാദിത്ത ചുമതല ഏറ്റെടുക്കാനാണ് പഠിപ്പിക്കുന്നത്. മുന്‍പത്തെ കാലഘട്ടങ്ങളിലെ തൊഴിലാളികള്‍ വിശ്വാസ്യത ഉള്ളവരായിരുന്നു. എന്നാല്‍ ഇന്നു അങ്ങനെയല്ല. ഇന്നു ജനങ്ങള്‍ ഉയരങ്ങളിലെത്താനാണ് ആഗ്രഹിക്കുന്നത്. പ്രത്യേക പശ്ചാത്തലകത്തില്‍ നിന്നും ഇവിടെ വരുന്നവര്‍ക്ക് എങ്ങനെ വലിയ വളര്‍ച്ച കൊടുക്കാനാവുകയെന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. ഇത്തരം വ്യക്തികള്‍ കമ്പനിയെ നല്ലവണ്ണം മനസ്സിലാക്കുന്നുവെന്നതാണ് മറ്റൊരു ഗുണം.

ലൈവ് യുവര്‍ പൊട്ടന്‍ഷല്‍

നല്ല കഴിവുള്ളവരെ നിലനിര്‍ത്താനുള്ള മറ്റൊരു പരിപാടിയാണിത്. നിരവധി അവസരങ്ങള്‍ ലഭിക്കാത്തത് ജീവനക്കാരെ ദുര്‍ബലപ്പെടുത്തുന്നതായി 2014 ല്‍ ഇന്‍മൊബി മാനേജര്‍മാര്‍ മനസ്സിലാക്കി. അതിനാല്‍ കമ്പനിക്കുള്ളില്‍ അവരുടെ കഴിവുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇത്തരമൊരു പരിപാടി തുടങ്ങാന്‍ തീരുമാനിച്ചു.

മറ്റുള്ള കമ്പനികളില്‍ നിന്നും എന്താണ് വ്യത്യസ്തമായിട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നു അവരോട് ചോദിച്ചു. ഇതുസംബന്ധിച്ചു ഒരു കണക്കെടുപ്പ് നടത്തി. 13 മാസങ്ങള്‍ക്കുശേഷം നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ തല്‍പരരാണെന്നു മനസ്സിലാക്കി ലൈവ് യുവര്‍ പൊട്ടന്‍ഷന്‍ പരിപാടിയുടെ ചുമതലയുള്ള നനന്ദിക പറഞ്ഞു.

കമ്പനിക്കുള്ളില്‍ തന്നെയുള്ള പരിപാടി കൂടുതല്‍ നേട്ടങ്ങള്‍ നേടിത്തരും. ഇവിടെ ഏതു ടീമിനു വേണമെങ്കിലും ചെറിയ കാലയളവിലുള്ള ഒരു പ്രോജക്ട് ഏറ്റെടുക്കാം. കമ്പനിയുടെ ജീവനക്കാരനോ ജീവനക്കാരിക്കോ ദിവസേനയുള്ള ഉത്തരവാദിത്തങ്ങള്‍ക്കു കൂടാതെയുള്ള സമയം ഇതിനായി വിനിയോഗിക്കാം. എല്ലാവരും പുതിയൊരു ചുമതല ഏറ്റെടുക്കാന്‍ തയാറാവില്ല. അങ്ങനെ ചെയ്താല്‍ ബിസിനസിനെ കൂടുതല്‍ അടുത്തറിയാന്‍ ഇതവരെ സഹായിക്കുമെന്നും നന്ദിക പറയുന്നു.

നവീന്റെ ചില നിര്‍ദേശങ്ങള്‍

1. ദീര്‍ഘകാലത്തേക്ക് നിങ്ങളുടെ ടീമില്‍ നിക്ഷേപം നടത്തുക.

2. സ്വന്തം ടീമിനെ വിശ്വസിക്കുക. വെല്ലുവിളികള്‍ ഏറ്റെടുത്ത് നടത്താന്‍ അവര്‍ക്ക് അവസരം നല്‍കുക

3. എന്താണോ നിങ്ങളുടെ ജീവനക്കാരുടെ പാഷന്‍ അതു മനസ്സിലാക്കി ജോലി ചെയ്യാനുള്ള അവസരം അവര്‍ക്ക് നല്‍കുക

4. പുതിയ അവസരങ്ങള്‍ തേടി പുറത്തേക്കു പോകാന്‍ അനുവദിക്കാതെ കമ്പനിക്കുള്ളില്‍ തന്നെ അവരുടെ കഴിവുകള്‍ക്കനുസരിച്ചുള്ള ജോലി നല്‍കുക

5. ജീവനക്കാരുടെ കഴിവുകളുടെ വളര്‍ച്ചയ്ക്കാവശ്യമായ അവസരം നല്‍കുക

വരുമാനത്തെക്കാള്‍ പ്രധാനമാണ് എപ്പോഴും സംസ്‌കാരം. നിങ്ങളൊരു പുതിയ കമ്പനി സ്ഥാപിക്കുകയാണെങ്കില്‍ അതു ദീര്‍ഘനാള്‍ നിലനില്‍ക്കണം. അതിനു നിങ്ങള്‍ പുതുമ നിറഞ്ഞ പാരിസ്ഥിതിക ചുറ്റുപാടുകള്‍ നിര്‍മിക്കണം. ഞങ്ങള്‍ അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌നവീന്‍ പറഞ്ഞു.