സ്വന്തം കഥ പറഞ്ഞ് പാക് സിനിമ

0

മൂര്‍ എന്ന ഉറുദു വാക്കിന്റെ അര്‍ത്ഥം അമ്മ എന്നാണ്. അമ്മയും അച്ഛനും മകനും മകളും ബന്ധുക്കളുമൊക്കെ അടങ്ങുന്ന ഒരു ചെറിയ കുടുംബത്തിന്റെ വലിയ കഥയാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച 'മൂര്‍' എന്ന പാക്കിസ്ഥാനി സിനിമ പറയുന്നത്. പാകിസ്ഥാനി സിനിമകള്‍ എന്നും ബോളിവുഡിനെ അനുകരിക്കുകയാണ് പതിവ്. പരമ്പരാഗത ഹിന്ദി സിനിമകളില്‍നിന്ന് വ്യത്യസ്തമായ സിനിമാജീവിതം പാക്കിസ്ഥാന്‍ സിനിമയ്ക്കില്ലെന്നതായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍ ആ വിലയിരുത്തലുകളെ തിരുത്തി കുറിക്കുകയാണ് മൂര്‍.

പാക്കിസ്ഥാനിലെ കുടുംബ ബന്ധങ്ങളുടെയും അവിടുത്തെ സാമൂഹ്യ വ്യവസ്ഥിതി ആ ബന്ധങ്ങളെ ഏതൊക്കെ തരത്തില്‍ ബാധിക്കുന്നു എന്നതിന്റെയും കഥയാണ് ജംഷദ് മഹമൂദ് സംവിധാനം ചെയ്ത 'മൂര്‍' പറയുന്നത്. രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'മൂര്‍' നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.

പാക്കിസ്ഥാനില്‍ നിന്നുള്ള ഒസ്‌കാര്‍ നോമിനേഷന്‍ നേടിയിട്ടുള്ള ഈ ചിത്രം ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഗോവയില്‍ നടന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ടിടങ്ങളിലും വലിയ തോതിലുള്ള പ്രേക്ഷക ശ്രദ്ധയും പ്രശംസയും ഈ ചലച്ചിത്രം നേടി.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഉള്‍നാടന്‍ ഗ്രാമമായ ഷേലേ ബാഗിലാണ് കഥാകേന്ദ്രം. സിനിമയുടെ ആരംഭത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒരു കഥയെ ആസ്പദമാക്കിയാണ് സിനിമ ചെയ്തിട്ടുള്ളതെന്ന് അറിയിക്കുന്നുണ്ട്. ഷേലേബാഗ് റെയില്‍വേസ്റ്റേഷനും പാക്കിസ്ഥാന്‍ റെയില്‍വേയും കഥയിലെ പ്രധാന പരാമര്‍ശ വിഷയങ്ങളാണ്. ബലൂചിസ്ഥാനിലെ മഞ്ഞിനെ കീറിമുറിച്ചോടുന്ന തീവണ്ടി പ്രധാന കഥാപാത്രവും. ഷേലേബാഗ് റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററായ വാഹിദിനെ കേന്ദ്രീകരിച്ചാണ് കഥ. കുട്ടിക്കാലത്തെ ദുരന്തപൂര്‍ണമായ ഓര്‍മകളുടെ ദുഃഖഭാരവും പേറിയാണ് വാഹിദിന്റെ ജീവിതം. റെയില്‍വേയെ തകര്‍ക്കാനും റെയില്‍വേയില്‍ അഴിമതികാണിക്കാനുമുള്ള സ്വന്തം സഹോദരന്റെ താല്പര്യങ്ങള്‍ക്ക് വശംവദനാകേണ്ടി വന്ന വാഹിദിന് ഒരു ഘട്ടത്തില്‍ തന്റെ ഭാര്യയെ നഷ്ടപ്പെടുന്നു. വാഹിദിന്റെ പ്രവൃത്തികളില്‍ മനം നൊന്താണ് ഭാര്യ മരിക്കുന്നത്. സ്വന്തം നാടിനെയും ജോലി ചെയ്യുന്ന സ്ഥാപനത്തെയും എല്ലാം അമ്മയായി കാണണമെന്നാണ് വാഹിദിന്റെ ഭാര്യ അയാളോട് പറയുന്നത്. എന്നാല്‍ അത് മനസ്സിലാക്കാന്‍ അയാള്‍ക്കായില്ല. എല്ലാത്തില്‍ നിന്നും വിടുതല്‍ നേടി ഒരു ഘട്ടത്തില്‍ കറാച്ചിയില്‍ മെച്ചപ്പെട്ട ജീവിതം നയിക്കുന്നു എന്ന് കരുതപ്പെട്ടിരുന്ന മകന്റെ അടുത്തേക്ക് വാഹിദ് പോകുന്നുണ്ടെങ്കിലും അവിടെയും കാത്തിരുന്നത് ദുരന്തങ്ങളായിരുന്നു.

പാക്കിസ്ഥാനി ജീവിതത്തില്‍ കൗമാരവും യുവത്വവും തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് പോകുന്നത് എങ്ങനെയെന്ന് സിനിമ കാട്ടിത്തരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും ഏതൊക്കെ രീതിയിലാണ് ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ തകര്‍ക്കുന്നതെന്നത് പാക്കിസ്ഥാന്‍ റെയില്‍വേയിലൂടെ നമുക്ക് ബോധ്യപ്പെടുത്തുകയാണ് സംവിധായകന്‍ ജംഷദ് മഹമൂദ്. ഇത് പാക്കിസ്ഥാനിലെ മാത്രം കഥയല്ലായിരിക്കാം. എന്നാല്‍ ജീവിതത്തിനൊപ്പം റെയില്‍വേ എന്ന സ്ഥാപനത്തെയും നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന കുറെ ആത്മാര്‍ത്ഥ ജീവിതങ്ങള്‍ക്ക് അതൊട്ടും സഹിക്കാവുന്നതായിരുന്നില്ല. അത്തരം പ്രവൃത്തികള്‍ അവരുടെ ജിവിതത്തെ തന്നെ പാടെ മാറ്റിമറിക്കുകയാണ്.

ജീവിതത്തില്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കിലും നാടിനോടും വീടിനോടും ആദര്‍ശങ്ങളോടുമുള്ള പ്രതിബദ്ധത വെളിപ്പെടുത്തുകയാണ് വാഹിദ്. മകനും അച്ഛനും തമ്മിലുണ്ടാകേണ്ട ആത്മബന്ധവും കുടുംബത്തിലും തൊഴിലിടങ്ങളിലും ഉണ്ടാകേണ്ട സത്യസന്ധതയുമെല്ലാം സിനിമ വിളിച്ചു പറയുന്നുണ്ട്. ബലൂചിസ്ഥാന്റെ മഞ്ഞു മൂടിയ ഭംഗിയാണ് സിനിമയുടെ എടുത്തു പറയേണ്ട പ്രത്യേകത. ഈ ഭംഗിയുള്ള സ്ഥലമാണ് തീവ്രവാദികള്‍ക്ക് താവളമായി മാറിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം. പാക്കിസ്ഥാന്‍ റെയില്‍വേയിലെ എല്ലാ നല്ല ജോലിക്കാര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ചിത്രം പാക് സിനിമയുടെ മാറ്റവും സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞതിന്റെ വ്യക്തമായ തെളിവുമാണ് പ്രേക്ഷകനുമുന്നില്‍ സമര്‍പ്പിക്കുന്നത്.