ത്യാഗത്തിന്‍റേയും സൗഹാര്‍ദത്തിന്‍റെയും സന്ദേശം പകര്‍ന്നു നല്‍കി ചെറിയപെരുന്നാള്‍

ത്യാഗത്തിന്‍റേയും സൗഹാര്‍ദത്തിന്‍റെയും സന്ദേശം പകര്‍ന്നു നല്‍കി ചെറിയപെരുന്നാള്‍

Tuesday June 27, 2017,

2 min Read

വ്രതശുദ്ധിയുടേയും ത്യാഗത്തിന്‍റേയും സൗഹാര്‍ദത്തിന്‍റെയും സന്ദേശം പകര്‍ന്നു നല്‍കി വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിച്ചു. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്കു സമാപ്തി കുറിച്ചു പെരുനാള്‍ ദിനത്തില്‍ വിശ്വാസികള്‍ പുതുവസ്ത്രമണിഞ്ഞു ഈദ്ഗാഹില്‍ സംഗമിച്ചു. തലസ്ഥാനത്തെ പ്രധാന പള്ളികളിലും ഈദ് ഗാഹുകളും ഭക്തി നിര്‍ഭരമായി. 

image


വിവിധ ജമാഅത്തുകളുടെയും സംഘടനകളുടെയും ഈദ്ഗാഹ് കമ്മിറ്റികളുടെയും നേതൃത്വത്തിലായിരുന്നു പെരുന്നാള്‍ നമസ്കാരം സംഘടിപ്പിച്ചിരുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരങ്ങളാണ് ഈദ്ഗാഹില്‍ പങ്കെടുത്തത്. സ്ത്രീകള്‍ക്കായി പ്രത്യേക നമസ്കാര സ്ഥലമൊരുക്കിയിരുന്നു. ആശ്ലേഷിച്ചും സൗഹൃദങ്ങള്‍ പങ്കിട്ടും നന്മയുടെ സന്ദേശങ്ങള്‍ പരസ്പരം പങ്കിട്ടു. മഴയെപോലും അവഗണിച്ചുകൊണ്ട് പുലര്‍ച്ചെ മുതല്‍ തന്നെ വലിയൊരു ജനസമൂഹം പെരുന്നാള്‍ നമസ്കാരത്തിന് എത്തിയിരുന്നു. തിരുവനന്തുപുരം പാളയത്ത് നടന്ന ഈദ് നമസ്കാരത്തിന് പാളയം ഇമാം പി.പി.സുഹൈബ് മൗലവി നേതൃത്വം നല്‍കി.

സംസ്ഥാനത്തെ മദ്യനയം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നു പെരുന്നാള്‍ ദിന സന്ദേശത്തില്‍ പാളയം ഇമാം ആവശ്യപ്പെട്ടു. ബീഫ് വിഷയത്തില്‍ തര്‍ക്കത്തിന് ഇടവരുത്തേണ്ടെന്നു പറഞ്ഞ ഇമാം ലോകത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിന്‍െറ മേല്‍ വെച്ചു കെട്ടേണ്ട എന്നും പറഞ്ഞു. അതേസമയം, ബുദ്ധിശൂന്യരായ ചില ചെറുപ്പക്കാര്‍ ഇസ്ലാമിലുണ്ടെന്നത് അംഗീകരിക്കണമെന്നും അദ്ദേഹം.

മഴയെ തുടര്‍ന്ന് ഈദ് നമസ്കാരം ചിലയിടങ്ങളില്‍ പള്ളികള്‍ക്ക് ഉള്ളിലാണു നടന്നത്. ഇന്നലെ ഉച്ചയോടെ നഗരം തിരക്കിലമര്‍ന്നു. സ്കൂളുകള്‍ക്കും കോളെജുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്നലെ അവധി ആയിരുന്നതാല്‍ നഗരത്തിലെ പ്രധാന വിനോദ കേന്ദ്രങ്ങളായ മ്യൂസിയം, ശംഖുമുഖം ബീച്ച്, കോവളം, വേളി എന്നിവിടങ്ങളില്‍ നല്ല തിരക്കനുഭവപ്പെട്ടു. ബീച്ചുകള്‍ സന്ദര്‍ശകരെ കൊണ്ടു നിറഞ്ഞു. രാവിലെ പെയ്ത മഴയ്ക്ക് ഉച്ചയോടെ ശമനമുണ്ടായപ്പോഴാണു മിക്കവരും നഗര സന്ദര്‍ശനത്തിനായി ഇറങ്ങിയത്. നഗരത്തിലെ വസ്ത്രശാലകളില്‍ രണ്ടുദിവസമായി നല്ല തിരക്കാണനുഭവപ്പെട്ടത്. കൂടാതെ പെരുന്നാളിനോടനുബന്ധിച്ച് എല്ലാ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക്ക് ഷോറൂമുകളിലും ഡിസ്കൗണ്ട് മേളകളും തുടങ്ങിയിരുന്നു. നഗരത്തിലെ തിരക്കു നിയന്ത്രിക്കാനും അനധികൃത പാര്‍ക്കിങ് നിരോധിക്കാനും പൊലീസിനു നന്നേ പാടുപെടേണ്ടി വന്നു. പെരുനാളിനോടനുബന്ധിച്ച് നഗരത്തിലെയും നാട്ടിന്‍പുറത്തെയും പ്രധാന ജംക്്ഷനുകളില്‍ ഇറച്ചി വ്യാപാരവും പൊടിപൊടിച്ചു. വഴിയോര കച്ചവടക്കാര്‍ക്കു രണ്ടു ദിവസമായി നല്ല കച്ചവടമായിരുന്നു. നഗരത്തിലെ ഓട്ടോക്കാര്‍ക്കും ഇന്നലെ ചാകരയായിരുന്നു.ശംഖുമുഖം, വേളി, കോവളം ബീച്ചു ഭാഗങ്ങളിലേക്ക് അധികം ബസ് സര്‍വീസുകള്‍ ഇല്ലാത്തതും ഓട്ടോക്കാര്‍ക്ക് അനുകൂലമായി. നഗരത്തില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നു പൊലീസ്. നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളായ പാളയം കന്നിമാറയിലും ചാലയിലും തിരക്ക് അനുഭവപ്പെട്ടു. നഗരത്തിലെ മിക്ക സിനിമ തിയെറ്ററുകളിലും എല്ലാ ഷോകള്‍ക്കും ഹൗസ്ഫുള്ളായിരുന്നു. 

    Share on
    close