മില്‍മക്ക് പുതിയ ആസ്ഥാന മന്ദിരം 

0

മില്‍മയുടെ തിരുവനന്തപുരം മേഖലാ യൂനിയന് പുതിയ ആസ്ഥാന മന്ദിര സമുച്ചയം. പട്ടം ക്ഷീരഭവന്‍ അങ്കണത്തിലാണ് പുതിയ അഞ്ച് നില കെട്ടിടം ഒരുങ്ങുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശിലാ സ്ഥാപന കര്‍മം നിര്‍വഹിക്കുന്നത്.

1985ല്‍ രൂപീകൃതമായ മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂനിയന്‍ ആദ്യ വര്‍ഷങ്ങളില്‍ ഒരു വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1992ല്‍ അമ്പലത്തറയില്‍ മില്‍മയുടെ ആധുനിക ഡയറി പ്ലാന്റ് കമ്മീഷന്‍ ചെയ്തതിനെ തുടര്‍ന്ന് പട്ടത്ത് പഴയ ഡയറി സ്ഥിതി ചെയ്തിരുന്ന കെട്ടിടം രൂപാന്തരപ്പെടുത്തി മേഖലാ യൂനിയന്റെ ആസ്ഥാനമാക്കി മാറ്റുകയായിരുന്നു. ഈ കെട്ടിടത്തിന്റെ കാലപ്പഴക്കവും ബലക്ഷയവും കണക്കിലെടുത്തും നഗരത്തിലെ പ്രധാന പ്രദേശമെന്ന നിലയില്‍ പട്ടത്തെ വാണിജ്യ സാധ്യത മുന്‍നിര്‍ത്തിയുമാണ് ഏറ്റവും ഉചിതമായ രീതീയില്‍ അഞ്ച് നിലകളിലായി ഒരു ആസ്ഥാന മന്ദിരം രൂപകല്‍പ്പന ചെയ്തത്

രണ്ട് വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു. അഞ്ച് നില കെട്ടിടമാണ് നിലവില്‍ പണിയുന്നതെങ്കിലും പിന്നീട് നിലകളുടെ എണ്ണം വര്‍ധിപ്പിക്കും. 17.5 കോടി രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതിനായി നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായം തേടും. തിരഞ്ഞെടുപ്പിന് ശേഷമേ ടെന്റര്‍ നടപടികള്‍ ആരംഭിക്കൂ.

താഴത്തെ നിലയില്‍ കാര്‍ പോര്‍ച്ച് കൂടാതെ ലോകത്തെ മുഴുവന്‍ ഡയറി ഉത്പന്നങ്ങളും ലഭിക്കുന്ന ഡയറി സൂപ്പര്‍ മാര്‍ക്കറ്റും ആരംഭിക്കും. ഒരു നില മാത്രം മില്‍മക്കായി ഉപയോഗിക്കുകയും ബാക്കിയുള്ളവ വാടകക്ക് നല്‍കുകയുമാണ് ലക്ഷ്യം. വിറ്റുവരവിന്റെ 12 ശതമാനവും പാല്‍ ഉത്പന്നങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത്. കൂടുതല്‍ പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിനായി ഒരു റിസേര്‍ച്ച് വിംഗിനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചെറുകിട കര്‍ഷകര്‍, വനിതകള്‍, ഭൂരഹിതര്‍, ജീവനക്കാര്‍, വില്പ്പനക്കാര്‍ തുടങ്ങി അസംഖ്യം പേര്‍ക്ക് തൊഴിലും ഐശ്വര്യവും പ്രദാനം ചെയ്തുകൊണ്ട് നിരവധി സംഭരണ, സംസ്‌ക്കരണ, വിപണന കേന്ദ്രങ്ങളുമായി സംസ്ഥാനത്തുടനീളം പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒരു ബ്രഹത് സ്ഥാപനമാണ് കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍. എന്‍ ഡി ഡി ബിയുടെ കീഴിലുളള ഓപ്പറേഷന്‍ ഫഌ് എന്ന ക്ഷീരവികസന പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനായി തിരുവനന്തപുരം ആസ്ഥാനമായി കെ സി എം എം എഫ് സ്ഥാപിതമായി. സാമ്പത്തിക അഭിവൃദ്ധിക്കിടയിലും പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന കേരള ജനതയെക്കുറിച്ച് കഴിഞ്ഞകാലത്തിനുളളില്‍ ഒരു ദീര്‍ഘകാല ആരോഗ്യ സംബന്ധമായ കാഴ്ച്ചപ്പാട് രൂപപ്പെടുത്തിയിട്ടുണ്ട്.

സമീകൃത പോഷണവും ചെലവുകുറഞ്ഞ ആരോഗ്യപരിപാലനവും ഉറപ്പുവരുത്തുന്നതിനായി ഉത്പന്ന ശ്രേണി മില്‍മ അനുരൂപമായി സംവിധാനം ചെയ്തിട്ടുണ്ട്. ക്ഷീരോല്പ്പന്നങ്ങള്‍ കൂടാതെ മറ്റു പുതിയ പാനീയങ്ങള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. 'ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി' എന്ന മഹത്തായ ജനാധിപത്യതത്വത്തില്‍ കെട്ടിപ്പടുത്ത മില്‍മയുടെ പ്രബലമായ പരിഗണന സാമ്പത്തിക നഷ്ടം ഇടവരാതെ സമൂഹത്തിന്് ഉത്തമമായ സേവനം പ്രദാനം ചെയ്യുക എന്നുളളതാണ്.

ക്രിസ്പി ചോക്കളേറ്റ്, ഗുലാബ് ജാമുന്‍, മില്‍മ ഇന്‍സ്റ്റെന്റ് പാലടമിക്‌സ്, മില്‍മ പേട, പാസ്ച്ചുറൈസ്ഡ് സ്റ്റാന്റഡൈസ്ഡ് മില്‍ക്ക്, പാസ്ച്ചുറൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (സ്‌പെഷ്യല്‍), പാസ്ച്ചുറൈസ്ഡ് ടോണ്‍ഡ് മില്‍ക്ക്, പാസ്ച്ചുറൈസ്ഡ് ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് (സ്മാര്‍ട്ട് മില്‍ക്ക്), പനീര്‍, സെറ്റ് കര്‍ഡ്, സംഭാരം, സ്‌കിമ്ഡ് മില്‍ക്ക് കര്‍ഡ്, മില്‍മ നെയ്യ്, മില്‍മ ബട്ടര്‍, കുള്‍ഫി, കോണ്‍ ഐസ്‌ക്രീം, ചോക്കോ ബാര്‍, ഐസ്‌ക്രീം, കസാട്ട, മില്‍മ സിപ്പ്അപ്, മില്‍മ പ്ലസ് (ചോക്കളേറ്റ്), പാല്‍പ്പൊടി, വാട്ടര്‍ (പായ്ക്കു ചെയ്ത കുടിവെളളം), മില്‍മ റിഫ്രഷ്, കാലിത്തീറ്റകളായ മില്‍മ റിച്ച്, മില്‍മാമിന്‍ എന്നിവയാണ് മില്‍മയുടെ ഉത്പന്നങ്ങള്‍.