നിശാഗന്ധിക്ക് പിന്തുണയുമായി വിമാനക്കമ്പനികള്‍

0

കേരളത്തിലെ ഏറ്റവും വലിയ സംഗീതനൃത്തമേളയ്ക്ക് അമൂല്യമായ പിന്തുണ ആകാശമാര്‍ഗവും എത്തുന്നു. ജനുവരി 20ന് തലസ്ഥാനത്ത്ആരംഭിക്കുന്ന നിശാഗന്ധി മേളയ്ക്കായി കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തി ആഭ്യന്തര, അന്തര്‍ദേശീയ വിമാനക്കമ്പനികള്‍. മേളയില്‍ പങ്കെടുക്കാനെത്തുന്ന അന്താരാഷ്ട്ര പ്രേക്ഷകരെയാണ് യാത്രാക്കൂലിയിലെ കിഴിവുകൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ദേശീയ വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ് തിരുവനന്തപുരത്തേക്കുള്ള ഫ്‌ളൈറ്റുകളില്‍ ആകര്‍ഷകമായ 25 ശതമാനം ഡിസ്‌കൗണ്ടാണ് കലാസ്വാദകരുടെ സൗകര്യാര്‍ഥം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിശാഗന്ധി മേളയില്‍പങ്കെടുക്കാനെത്തുന്ന കലാകാരന്‍മാര്‍ക്കും കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ജെറ്റ് എയര്‍വേയ്‌സ്.

എട്ടുദിവസം നീണ്ടുനില്‍ക്കുന്ന നൃത്തസംഗീതമേളയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 20ന് തിരികൊളുത്തും. അന്താരാഷ്ട്ര പ്രശസ്ത കലാകാരന്‍മാരായ ഉസ്താദ് സക്കീര്‍ ഹുസൈന്‍, ഹേമ മാലിനി, അനുഷ്‌ക ശങ്കര്‍ തുടങ്ങിയവര്‍തിരുവനന്തപുരത്ത് കനകക്കുന്നിലെ നിശാഗന്ധിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ മേളയില്‍ പങ്കെടുക്കും.

ദേശീയഅന്തര്‍ദേശീയ വ്യോമഗതാഗത കമ്പനികള്‍ നിശാഗന്ധി മേളയ്ക്കു പിന്തുണയുമായി എത്തിയതില്‍ സന്തോഷിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി എ. പി. അനില്‍ കുമാര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രമുഖ കലാകാരന്‍മാരെ ആകര്‍ഷിക്കുന്ന മേള അന്താരാഷ്ട്ര സാംസ്‌കാരിക കലണ്ടറില്‍തന്നെ സ്ഥാനംപിടിച്ചിട്ടുള്ളതാണ്. എല്ലാ വര്‍ഷവും സംസ്ഥാന ടൂറിസം വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്. വര്‍ഷങ്ങളിലൂടെയുള്ള വളര്‍ച്ചയിലൂടെ മേള രാജ്യാന്തര സാംസ്‌കാരിക രംഗത്ത് സുപ്രധാന സ്ഥാനം നേടിയിരിക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു.

വൈവിധ്യമേറിയ നൃത്തകാലപാരമ്പര്യങ്ങളുള്ള കേരളം സാംസ്‌കാരിക വിനോദസഞ്ചാരത്തില്‍ ഇന്ന ആഗോളതലത്തില്‍തന്നെ ഒന്നാമതാണെന്ന് ടൂറിസം സെക്രട്ടറി ജി. കമലവര്‍ദ്ധന റാവു പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാസാംസ്‌കാരിക തല്‍പ്പരര്‍ നിശാഗന്ധി മേളയ്ക്കു സാക്ഷ്യംവഹിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നിശാഗന്ധി മേള, കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കൊച്ചിമുസിരിസ് ബിനാലെ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സാംസ്‌കാരിക പരിപാടികളോടെ കേരളം സാംസ്‌കാരിക വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറിയിരിക്കുകയാണെന്ന് ടൂറിസം ഡയറക്റ്റര്‍ പി. ഐ. ഷേക്ക് പരീത് പറഞ്ഞു.

തബല മാന്ത്രികന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍, പണ്ഡിറ്റ് രവിശങ്കറിന്റെ പുത്രിയും പ്രശസ്ത സിത്താറിസ്റ്റുമായ അനുഷ്‌ക ശങ്കര്‍, ബോളിവുഡ് നടിയും നര്‍ത്തകിയുമായ ഹേമ മാലിനി, ട്രാന്‍സ് ഗ്ലോബല്‍ ഫ്യൂഷന്‍ ബാന്‍ഡുമായി ഡോ. എം. ലളിത, എം. നന്ദിനി, എന്നിവരോടൊപ്പം പ്രശസ്ത കഥക് കലാകാരികളായ മരാമി മേഥിമേഘരഞ്ജിനി മേഥി, ഇറ്റലിയില്‍നിന്നെത്തിയ നര്‍ത്തകി പദ്മശ്രീ ഇലിയാന സിറ്റാരിസി, കര്‍ണാടക സംഗീതവിദ്വാന്‍ പദ്മഭൂഷണ്‍ ടി. വി. ശങ്കരനാരായണന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

പിന്നണിഗായിക ഗായത്രി അശോക്, പ്രശസ്ത കര്‍ണാടക സംഗീതജ്ഞശ്രീരഞ്ജിനി കോടമ്പള്ളി എന്നിവരുടെ കര്‍ണാടകഹിന്ദുസ്ഥാനി ജുഗല്‍ബന്ദി, നര്‍ത്തകിമാരായ വൈജയന്തി കാശിപ്രതീക്ഷ കാശി എന്നിവരുടെ കുച്ചിപ്പുടി, യുവനര്‍ത്തകി സ്മിത മാധവ് അവതരിപ്പിക്കുന്ന ഭരതനാട്യം, സത്രിയ നൃത്ത ഗുരു രാമകൃഷ്ണ തലൂക്ദാര്‍, ശിഷ്യ കൃഷ്ണാക്ഷി കശ്യപ്, മാന്‍ഡൊലിന്‍ സംഗീതജ്ഞന്‍ സുഗതോ ഭാധുരി, പുല്ലാങ്കുഴല്‍വാദകരായ ശശാങ്ക് സുബ്രഹ്മണ്യം, രാകേഷ് ചൗരസ്യ, മറ്റ് യുവ കലാകാരന്‍മാര്‍ എന്നിവരും നിശാഗന്ധി മേളയില്‍ പങ്കെടുക്കും. മേള 27ന് സമാപിക്കും.