ജീവിതശൈലീ രോഗങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ആയുഷ് ആരോഗ്യനയം

0


കേരളത്തെ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ആഗോള തലസ്ഥാനമാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആയുഷ് ആരോഗ്യനയം നിലവില്‍വന്നു. മന്ത്രി വി എസ് ശിവകുമാറിന്റെ അധ്യക്ഷതയില്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ആയുഷ് ആരോഗ്യനയത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചത്.

ആയുഷ് വകുപ്പിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വ്യക്തമായ ദിശാബോധം നല്‍കുന്ന ആരോഗ്യനയം, ആയുഷ് വകുപ്പ് രൂപീകരിച്ച് ആറുമാസത്തിനകം തയ്യാറാക്കി നടപ്പിലാക്കാന്‍ സാധിച്ചു. കേരളത്തിന്റെ തനതായ ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് കരുത്ത് പകരുന്ന കാര്യങ്ങളാണ് ആരോഗ്യനയത്തിലുള്ളത്. ആയുഷ് ചികിത്സാ സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ സേവനം പ്രാഥമികാരോഗ്യരംഗത്ത് വിപുലമാക്കുക, ആയുഷ് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുക മുതലായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയത്തിന് 10 വര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കും.

വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ആയുര്‍വേദം ഹോമിയോ മുതലായ ആയുഷ് ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് വിപുലമായ പ്രചാരം നല്‍കേണ്ടത് അത്യാവശ്യമാണ്. കേരളത്തെ സമ്പൂര്‍ണ ആയുര്‍വേദ സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടക്കുന്നത്. പുതുതായി രൂപവത്കരിച്ചതുള്‍പ്പെടെയുള്ള ഏതാനും പഞ്ചായത്തുകളില്‍ക്കൂടി ചികിത്സാ കേന്ദ്രങ്ങളായാല്‍ കേരളം സമ്പൂര്‍ണ ഹോമിയോ സംസ്ഥാനമായും മാറും. ഇതിനാവശ്യമായ തുക അനുവദിച്ചുകഴിഞ്ഞു.

യോഗ-പ്രകൃതിചികിത്സ, യുനാനി, സിദ്ധ എന്നീ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളും ഘട്ടംഘട്ടമായി കൂടുതല്‍ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിന് ആയുഷ് ആരോഗ്യനയം തീര്‍ച്ചയായും സഹായകമാകും. ഔഷധ സസ്യങ്ങളുടെയും ഗുണനിലവാരമുള്ള മരുന്നുകളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. ഔഷധി, ഹോംകോ മരുന്നുനിര്‍മാണശാലകളുടെ വികസനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കാഷ്-ആയുഷ് നിലവാരത്തിലേക്ക് ആയുഷ് സ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ആയുഷ് ഗവേഷണകേന്ദ്രവും സ്ഥാപിക്കും. ഈ ലക്ഷ്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് ആയുഷ് നയം നടപ്പിലാക്കിയിരിക്കുന്നത്.