പൂവച്ചൽ സ്കൂളിന് 'കൃഷിപാഠം' പുരസ്കാരം

0

പ്രശസ്ത പത്രപ്രവർത്തകനായിരുന്ന അന്തരിച്ച വിതുര ബേബിയുടെ സ്മരണാർഥം വിതുര ബേബി ഫൗണ്ടേഷനും അഗ്രി ഫ്രണ്ട്സ് കൃഷി സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ സംസ്ഥാന തല കൃഷിപാഠം പുരസ്കാരം 2017 പൂവച്ചൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്.

വിദ്യാർഥികളിൽ കാർഷിക അഭിരുചി വളർത്തുന്നതിന് സ്കൂൾളിലും പഞ്ചായത്തിലുമായി വിജയകരമായി നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷി ,സ്കൂൾ പ്രവേശനോത്സവ ദിവസം ഓരോ പുതിയ വിദ്യാർത്ഥികളെ കൊണ്ട് " ഒരു കുട്ടിയ്ക്ക് ഒരു വാഴ" പദ്ധതി പ്രകാരം തൈകൾ വച്ചു.ഒരു വീട്ടിൽ ഒരു കശുമാവ് പദ്ധതി പ്രകാരം 1001 തൈകൾ വച്ചു. പരിസരത്തെ മൂന്ന് സ്കൂളുകളിൽ ഒരു കുട്ടിക്ക് ഒരു ഗ്രോ ബാഗ് പദ്ധതിപ്രകാരം 500 ൽ കൂടുതൽ ഗ്രോ ബാഗിൽ പച്ചക്കറി കൃഷി നടത്തി. ആലമുക്ക് വാർഡിനെ സംപൂർണ്ണ ജൈവ ഹരിത വാർഡാക്കി മാറ്റി, കറിവേപ്പില തൈകൾ കട്ടയ്ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വിതരണം ചെയ്തു.സ്കൂളിലും പരിസരത്തും കറിവേപ്പില പാർക്കിന് തുടക്കം കുറിച്ചു.

ജൈവവളം, ജൈവ കീടനാശിനി എന്നിവ പായ്ക്ക് ചെയ്ത് ഹോർട്ടികോർപ്പ്, VFPCK ഔട്ട് ലെറ്റ് വഴി വിൽക്കുന്നു."പനിക്കൊരു പപ്പായ കുട" എന്ന പദ്ധതി പ്രകാരം 101 പപ്പായ തൈകൾ വച്ചു പിടിപ്പിച്ചു, സ്കൂളിന് പരിസരത്തെ 50 സെന്റ് വസ്തുവിൽ മരച്ചീനി കൃഷി തുടങ്ങിയ മാത്യകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. സ്കൂളിലെ വിദ്യാർത്ഥികളായ ഗോകുൽ കൃഷ്ണൻ, ഹാഷിം, വിഷ്ണു, അജീഷ് അധ്യാപകരായ സമീർ സിദ്ദീഖി.പി, സിജു കെ ബാനു തുടങ്ങിയവർ പുരസ്കാരം ഏറ്റുവാങ്ങി. സംസ്ഥാനത്ത് പത്ത് സ്കൂളുകൾക്കാണ് ഈ പുരസ്കാരം. തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എഞ്ചിനീയേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ അംബാസഡർ ശ്രീ. റ്റി.പി.ശ്രീനിവാസൻ അവാർഡ് സമ്മാനിച്ചു. എൻ.രാജ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഗ്രി ഫ്രണ്ട്സ് പ്രവർത്തകരായ എം.പി.ലോക് നാഥ്, എസ്.ജയകുമാർ, ഡി.ആർ.ജോസ്, പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാലു കിരിയത്ത്, രോഹിണി ഇൻറർനാഷണൽ എം.ഡി വിജയൻ നായർ എന്നിവർ സംബന്ധിച്ചു.