സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകണ്ട: ഗെറ്റ് നൗ അറ്റിലൂടെ സാധനങ്ങള്‍ പടിവാതിലിലെത്തും

0


2020 ആകുമ്പോള്‍ ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖലയില്‍ ഒരു ട്രില്യന്‍ ഡോളറിന്റെ വളര്‍ച്ചയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതില്‍ 60 ബില്യന്‍ ഡോളര്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്തുനിന്നായിരിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ ചെറുകിട വ്യാപാര മേഖലയ്ക്ക് ഇപ്പോഴും ശരിയായൊരു ഘടന ഉണ്ടായിട്ടില്ല. നേരിട്ടു വ്യാപാരം നടത്തുന്നവരും ഓണ്‍ലൈനിലൂടെ വ്യാപാരം നടത്തുന്നവരും തമ്മില്‍ വലിയൊരു വിടവുണ്ട്. ഇവിടെയാണ് നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗെറ്റ്‌നൗഅറ്റ് സംരംഭം വിജയം നേടിയത്.

കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാതെ എവിടെയിരുന്നും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു നിങ്ങളുടെ വാതില്‍ക്കല്‍ എത്തിക്കാന്‍ ഗെറ്റ്‌നൗഅറ്റ് സഹായിക്കും. ഇന്റര്‍നെറ്റിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ (ഗെറ്റ്‌നൗ.അറ്റ്/ആപ്പ്), ഫോണിലൂടെയോ, വാട്‌സ്ആപ്പിലൂടെയോ ഓര്‍ഡറുകള്‍ നല്‍കാം. നിലവില്‍ പതിനായിരത്തോളം ഉപഭോക്താക്കള്‍ ഗെറ്റ്‌നൗഅറ്റിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. ഇതുവരെ 3,000 ത്തോളം പേര്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഒരു മാസം 2,000 ലധികം ഓര്‍ഡറുകള്‍ ലഭിക്കുന്നു.

കേക്കുകള്‍, ബേക്കറി സാധനങ്ങള്‍, മധുരപലഹാരങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍, കംപ്യൂട്ടര്‍ തുടങ്ങി നിരവധി സാധനങ്ങള്‍ ഗെറ്റ്‌നൗഅറ്റിലൂടെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. നിങ്ങളുടെ വാതിലിനു മുന്നില്‍ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തും. ഇനി ടിക്കറ്റുകളും മരുന്നുകളും ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള നീക്കത്തിലാണ് ഗെറ്റ്‌നൗഅറ്റ് സംരംഭകര്‍.

ഓണ്‍ലൈന്‍ രംഗത്തേക്കുള്ള ചുവടുവയ്പ്

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെക്കുറിച്ച് ഇപ്പോഴും പലര്‍ക്കും വ്യക്തമായി അറിയില്ല. ഈ രംഗത്ത് സംരംഭം തുടങ്ങിയാല്‍ വിജയിക്കുമോ എന്നുള്ള പേടി പലര്‍ക്കും ഇപ്പോഴുമുണ്ടെന്നു ഗെറ്റ്‌നൗഅറ്റ് സ്ഥാപകര്‍ പറയുന്നു. ഇന്ത്യയിലെ 57 ശതമാനം വ്യപാരം നടക്കുന്നത് പലചരക്കു സാധനങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളുമാണ്. ഒരാള്‍ ജീവിക്കുന്നതിനു ഏതാനും കുറച്ചു കിലോമീറ്ററുകള്‍ക്കുള്ളില്‍ തന്നെയാണ് വ്യാപാരവും നടക്കുന്നത്. ഇതിപ്പോഴും ഉപഭോക്താക്കള്‍ നേരിട്ടാണ് നടത്തുന്നതെന്ന് ഗെറ്റ്‌നൗഅറ്റ് സ്ഥാപകന്‍ ജയേഷ് ബാഗ്‌ഡെ (35) പറഞ്ഞു.

വില്‍പ്പനക്കാരന്റെ സമീപത്തേക്ക് നേരിട്ട് ചെല്ലാതെ ഓണ്‍ലൈനില്‍ക്കൂടി ഉപഭോക്താക്കളെ സാധനങ്ങള്‍ വാങ്ങിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്. അതിനായി ഉപഭോക്താക്കളുമായി നേരിട്ടു സംസാരിച്ചു. അവരില്‍ നിന്നും ഓര്‍ഡറുകള്‍ സ്വീകരിച്ചു. കടകളില്‍ നിന്നും സാധനം വാങ്ങി ആ ദിവസം തന്നെ അവരുടെ വാതില്‍ക്കല്‍ എത്തിച്ചു. അപ്പോള്‍ തന്നെ പണവും വാങ്ങിക്കുന്നുവെന്നും ഗെറ്റ്‌നൗഅറ്റിന്റെ സഹസ്ഥാപകന്‍ ശൈലേഷ് ദേശ്പാണ്‍ഡെ (36) പറയുന്നു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് വ്യക്തിയായ അതുല്യ മിട്ടല്‍ 2015 ല്‍ ഗെറ്റ്‌നൗഅറ്റില്‍ നിക്ഷേപം നടത്തി. ഒരു ബിസിനസ് മീറ്റില്‍ വച്ച് ജയേഷ് ഇദ്ദേഹവുമായി സ്ഥാപിച്ച സൗഹൃദമാണ് നിക്ഷേപം നടത്താന്‍ ഇടയാക്കിയത്. തങ്ങളുടെ സംരംഭത്തോടുള്ള അവരുടെ ആത്മാര്‍ഥതയും ഉത്സാഹവും തന്നെ സ്വാധീനിച്ചതായും നിക്ഷേപം നടത്തിയത് ഇതിനാലാണെന്നും അതുല്യ അഭിപ്രായപ്പെട്ടു.

ഒരേ മനസ്സുള്ള വ്യവസായ സംരംഭകര്‍

ജയേഷ് നിരവധി സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ടൂറിസ്റ്റ്‌ലിങ്ക് ഡോട്‌കോമിന്റെ സഹസ്ഥാപകനാണ്. കൂടാതെ ഹോളിഡെ ഡോട്‌കോം, ഗോട്രിപ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സാള്‍ട്ട് ലേക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിലയുടെ മേധാവിയാണ്. 2014 ലാണ് ജയേഷ് ഒറ്റയ്ക്ക് ഗെറ്റ്‌നൗഅറ്റ് തുടങ്ങിയത്. നാഗ്പൂരില്‍ ഇന്തിലോഫ്റ്റില്‍ ജോലി ചെയ്വുകയായിരുന്നു ശൈലേഷ്. ഒരു ബിസിനസ് പരിപാടിക്കിടയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. അപ്പോള്‍ തന്നെ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുവരും തീരുമാനിച്ചു.

ഓണ്‍ലൈനിലൂടെ ഏതു സമയത്തും ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യം നിറവേറ്റുക എന്നതായിരുന്നു ഗെറ്റ്‌നൗഅറ്റിന്റെ പ്രധാന ലക്ഷ്യം. സാധനങ്ങള്‍ എത്തിച്ചു കൊടുക്കുമ്പോള്‍ ഉപഭോക്താവില്‍ നിന്നും പ്രതിഫലം വാങ്ങുന്നുണ്ട്. കച്ചവടക്കാരെപ്പോലെ സാധനങ്ങളില്‍ നിന്നും അമിത തുക ഈടാക്കാറില്ല. ഉപഭോക്താക്കളില്‍ നിന്നും വളരെ ചെറിയൊരു തുക മാത്രമേ ഡെലിവറി ചാര്‍ജായി വാങ്ങുന്നുള്ളൂവെന്നും ശൈലേഷ് പറഞ്ഞു.

ഈ രംഗത്തെ മല്‍സരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ: ഇന്ത്യയില്‍ ചെറുകിട വ്യാപാരരംഗത്തെ 57 ശതമാനവും വില്‍പന നടക്കുന്നത് പലചരക്കു സാധനങ്ങളാണ്. 570 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് മൊത്ത വിപണിയില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇതില്‍ 40 ശതമാനവും മെട്രോ നഗരങ്ങളിലാണ് നടക്കുന്നത്. മറ്റിടങ്ങളില്‍ 340 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് ഏകദേശ കണക്ക്. വന്‍കിട സംരംഭകര്‍ക്ക് വളരാനുള്ള സാഹചര്യം ഇവിടെ ഏറെയാണ്. എന്നാല്‍ ചെറുകിട സംരംഭകര്‍ക്കും വളര്‍ച്ച നേടാമെന്നു ജയേഷ് പറഞ്ഞു.

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിച്ചത്. ഉദാഹരണത്തിന് അപ്പപ്പോള്‍ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഗ്രോഫേഴ്‌സ്, പെപ്പര്‍ ടാബ്, ബിഗ് ബാസ്‌ക്കറ്റ് തുടങ്ങിയവയെപ്പോലുള്ളവ. ഇവരോടൊപ്പം മല്‍സരിക്കാനല്ല, മറിച്ച് നല്ല നിക്ഷേകരെ ആകര്‍ഷിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചതെന്നും ശൈലേഷ് പറഞ്ഞു. നിലവില്‍ നാഗ്പൂരില്‍ മാത്രമാണ് ഗെറ്റ്‌നൗഅറ്റ് പ്രവര്‍ത്തിക്കുന്നത്. ബിസിനസ് കൂടുതല്‍ ലാഭകരമാക്കാനാണ് ഇപ്പോഴത്തെ ശ്രമം. മറ്റു പല നഗരങ്ങളിലേക്കും ബിസിനസ് വ്യാപിക്കാന്‍ പദ്ധതിയുണ്ടെന്നും ശൈലേഷ് കൂട്ടിച്ചേര്‍ത്തു.

പുതിയ സംരംഭത്തില്‍ നിന്നും പഠിച്ചത്

ഓണ്‍ലൈന്‍ സംരംഭത്തില്‍ നിന്നും തങ്ങള്‍ പഠിച്ച ചില കാര്യങ്ങള്‍ ഗെറ്റ്‌നൗഅറ്റ് സ്ഥാപകര്‍ പങ്കുവച്ചു.

1. ഉപഭോക്താക്കള്‍ പലവിധമാണ്. എല്ലാ സാധനങ്ങളും എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല. ചിലര്‍ക്ക് ഇഷ്ടമുള്ളത് മറ്റൊരാള്‍ക്ക് ഇഷ്ടമുണ്ടാവില്ല. ഇതെപ്പോഴും ഓര്‍മ വേണം.

2. എത്രയും പെട്ടെന്ന് സാധനങ്ങള്‍ എത്തിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ സേവനത്തെ മാത്രമല്ല ഉപഭോക്താക്കള്‍ എപ്പോഴും വിലയിരുത്തുന്നത്. മറിച്ച് അവരുടെ പണത്തിനു അനുയോജ്യമായ വിലക്കു സാധനങ്ങള്‍ നല്‍കുക എന്നതും പ്രധാനമാണ്.

3. ഉപഭോക്താക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നത് ബിസിനസിന് ഗുണം ചെയ്വും. പരസ്യവും ഡിസ്‌കൗണ്ടും നല്‍കാതെ തന്നെ കൂടുതല്‍ ഉപഭോക്താക്കളെ ഇതുവഴി ലഭിക്കും.

4. ഉപഭോക്താക്കളുടെ സ്വഭാവം മനസ്സിലാക്കി പെരുമാറുക. ഉപഭോക്താക്കളെ നഷ്ടപ്പെടുത്താതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം.

ചെറിയ നഗരങ്ങളിലോ പട്ടണങ്ങളിലോ താമസിക്കുന്നവര്‍ വലിയ ബിസിനസ് തുടങ്ങണമെന്നു സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അവരെ അഭിനന്ദിക്കുന്നതായി ശൈലേഷ് പറഞ്ഞു. ഈ ചിന്തയാണ് യുഎസില്‍ നിന്നും എന്നെയും തിരികെ ഇന്ത്യയിലേക്ക് കൊണ്ടെത്തിച്ചത്. സമര്‍ത്ഥരായവര്‍ എവിടെ ആയാലും തങ്ങലുടെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് എന്റെ പ്രതീക്ഷ. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ സംരംഭകരായ ഓരോരുത്തര്‍ക്കും ബിസിസനസ് ലാഭകരമായാല്‍ മാത്രമേ ഇന്ത്യയിലും സംരംഭങ്ങള്‍ തുടങ്ങിയാല്‍ വിജയിക്കുമെന്നു സത്യസന്ധമായി പറയാന്‍ കഴിയൂവെന്നും ശൈലേഷ് വ്യക്തമാക്കി