സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

0

സംസ്ഥാനത്ത് ഇത്തവണ കനത്ത മഴ ലഭിക്കുമെന്ന് സൂചന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കാലവര്‍ഷം ശക്തിയായി പെയ്യുമെന്നും കൂടതല്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ ഇക്കുറി വേനല്‍ മഴ കുറവായിരുന്നെങ്കിലും വരും ദിവസങ്ങളില്‍ മഴയുടെ അളവ് കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം. കഴിഞ്ഞ 50 വര്‍ഷത്തെ ശരാശരി മഴ 89 സെന്റീമീറ്ററാണ്. എന്നാല്‍ ഇക്കുറി 96 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്രകാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം ശരിവെച്ചു കൊണ്ട് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ നാളെ രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യാനാണ് സാധ്യത. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റടിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് ഇന്നലെ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. സിയാല്‍ കൊച്ചി, ആലുവ, പെരുമ്പാവൂര്‍, പീരുമേട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് ഒമ്പതു സെന്റീമീറ്റര്‍. കൊടുങ്ങല്ലൂര്‍ എട്ടുസെന്റീമീറ്റര്‍ മഴ പെയ്തു. പിറവം, കുഡുലു, ആര്യങ്കാവ് എന്നിവിടങ്ങളില്‍ ആറുസെന്റീമീറ്റര്‍ വീതവും, കൊച്ചി എ.പി, മൂന്നാര്‍, ഇടുക്കി, തളിപ്പറമ്പ, പന്നിയൂര്‍, ഇരിക്കൂര്‍, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളില്‍ അഞ്ചുസെന്റീമീറ്ററും മഴ പെയ്തു.

കോഴിക്കോട്, ഹരിപ്പാട്, തൊടുപുഴ, ഹൊസ്ദുര്‍ഗ്, ചാലക്കുടി, എണമാക്കല്‍, വൈത്തിരി (നാലുസെന്റീമീറ്റര്‍ വീതം), ആലപ്പുഴ, എറണാകുളം, സൗത്ത്, തലശ്ശേരി, കണ്ണൂര്‍, വൈക്കം, വടകര, കൊയിലാണ്ടി, പൊന്നാനി, കരിപ്പൂര്‍ എ.പി, കോന്നി, മാനന്തവാടി, കുപ്പാടി (മൂന്നുസെന്റീമീറ്റര്‍ വീതം), കണ്ണൂര്‍, തിരുവനന്തപുരം, ചേര്‍ത്തല, ചെങ്ങന്നൂര്‍, മയിലാടുംപാറ, കുമരകം, കാഞ്ഞിരപ്പള്ളി, മഞ്ചേരി , പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്. കുരുടുമണ്ണില്‍ (രണ്ടുസെന്റീമീറ്റര്‍ വീതം), പുനലൂര്‍, ഒറ്റപ്പാലം, ആലത്തൂര്‍, കൊല്ലംകോട്, പട്ടാമ്പി, തൃത്താല, പെരിങ്ങമല, പെരിങ്കടവിള, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വെള്ളാനിക്കര, വടക്കഞ്ചേരി, അമ്പലവയല്‍ (ഒരു സെന്റീമീറ്റര്‍ വീതം) എന്നിവിടങ്ങളിലും മഴ ലഭിച്ചു.

കുന്ദംകുളത്ത് കനത്ത മഴയോടൊപ്പമുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ആര്‍ത്താറ്റ്, കുന്ദംകുളം, ചെമ്മണ്ണൂര്‍, മറ്റം എന്നിവിടങ്ങളില്‍ മഴയും കാറ്റും വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, ഹോളിക്രോസ് പള്ളി, സെന്റ് തോമസ് പള്ളി, സെന്റ് തോമസ് എല്‍പി സ്‌കൂള്‍ എന്നിവയ്ക്ക് ചുഴലിക്കാറ്റില്‍ ഭാഗിക നാശമുണ്ടായി. കത്തീഡ്രലിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ വീണ് 15 പേര്‍ക്ക് പരുക്കേറ്റു.