വൈദ്യുതി ലാഭിക്കാന്‍ മാതൃകയൊരുക്കി സ്റ്റുഡന്റ് പോലീസ്; ആകാംഷയോടെ ഡി ജി പി

വൈദ്യുതി ലാഭിക്കാന്‍ മാതൃകയൊരുക്കി സ്റ്റുഡന്റ് പോലീസ്; ആകാംഷയോടെ ഡി ജി പി

Friday September 23, 2016,

2 min Read

വൈദ്യുതി ലാഭിക്കുന്നതിനുള്ള വ്യത്യസ്ത മാതൃക സംസ്ഥാന പോലീസ് മേധാവിക്ക് മുന്നില്‍ അവതരിപ്പിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍. പോലീസ് ആസ്ഥാനത്ത് പോലീസ് മേധാവിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് എത്തിയ ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് തങ്ങളുടെ പഞ്ചായത്തില്‍ വൈദ്യുതി ലാഭിക്കുന്നതിനുള്ള മാതൃകാ പദ്ധതി അവതരിപ്പിച്ചത്. 

image


പഞ്ചായത്തിലെ 8000 വീടുകളിലെ ഒരു 40 വാട്ട് ബള്‍ബ് ആറുമണി മുതല്‍ 10 മണിവരെ കെടുത്തിയാല്‍ പ്രതിമാസം 38,400 യൂണിറ്റ് വൈദ്യുതിയും ചാര്‍ജ് ഇനത്തില്‍ ഉപഭോക്താക്കള്‍ക്ക് 153,600 രൂപയും സര്‍ക്കാരിന് 307,200 രീപയും ലാഭിക്കാം. പ്രതിമാസം ഓരോ വീട്ടുകാരും 10 യൂണിറ്റ് വൈദ്യുതി കുറയ്ക്കുന്നതിനുള്ള ക്യാമ്പയ്ന്‍ വഴി എട്ടു ലക്ഷം രൂപ നാട്ടുകാര്‍ക്കും 16 ലക്ഷം രൂപ സര്‍ക്കാരിനും ലാഭിക്കാമെനുള്ള പദ്ധതിയാണ് ചേമ്പിലോട് സ്‌കൂള്‍ എസ്.പി.സി. വിഭാവനം ചെയ്യുന്നത്. കേരളത്തിലെ എല്ലാ എസ്.പി.സി. യൂണിറ്റുകളും ഇത് ഏറ്റെടുക്കുക വഴിയുള്ള ലാഭം ഒരു ചെറുകിട പദ്ധതിയില്‍ നിന്നും വിഭാവനം ചെയ്യുന്ന വൈദ്യുതിക്ക് തുല്യമാണെന്നും കുട്ടികള്‍ പറയുന്നു.

ഇതടക്കം നിരവധി നിര്‍ദ്ദേശങ്ങളും കുട്ടികള്‍ ഡിജിപിക്ക് മുന്നില്‍ എത്തിച്ചു. എസ്.പി.സി. പദ്ധതി പത്താം ക്ലാസിലേക്കും കോളേജ് തലത്തിലേക്കും വ്യാപിപ്പിക്കാന്‍ സാധിക്കുമോ, സര്‍ക്കാര്‍ സ്‌കൂളുകളിലുള്ള പോലെ എയ്ഡഡ് സ്‌കൂളുകളിലെ ഭക്ഷണച്ചെലവിന് ഫണ്ട് കൂട്ടുമോ, എല്ലാ സ്‌കൂളുകളിലും എസ്.പി.സി. പദ്ധതി ആരംഭിക്കുമോ, സ്‌കൂള്‍- കോളേജ് തലത്തില്‍ ഒരു വര്‍ഷമെങ്കിലുമുള്ള നിര്‍ബന്ധിത സൈനികപരിശീലനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാമോ, എസ്.പി.സി.യുടെ സാമ്പത്തിക സഹായം എയ്ഡഡ് സ്‌കൂളുകളില്‍ ലഭ്യമാക്കാമോ തുടങ്ങിയ ചോദ്യങ്ങളും കുട്ടികള്‍ സംസ്ഥാന പോലീസ് മേധാവിയുടെ മുന്നില്‍ ഉന്നയിച്ചു.

image


എസ്.പി.സി. പദ്ധതി സാമ്പത്തിക സ്ഥിതി അനുവദിക്കുന്നതനുസരിച്ചു കൂടുതല്‍ സ്‌കൂളുകളില്‍ നടപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. എസ്.പി.സി. കുട്ടികളെ ട്രാഫിക്ക് നിയന്ത്രണം, മയക്കുമരുന്നിനും മറ്റുമെതിരെയുള്ള ബോധവത്കരണം, മയക്കുമരുന്നു വില്പന കണ്ടെത്തെല്‍ തുടങ്ങിയ ചുമതലകളില്‍ പോലീസിനെ സഹായിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ഇത് ആദ്യം നടപ്പാക്കും. ചുറ്റുമുള്ളവര്‍ക്കും സമൂഹത്തിനുംവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള നല്ല അവസരമാണ് എസ്.പി.സി. പദ്ധതിയിലൂടെ ലഭിക്കുന്നതെന്നും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും കുട്ടികളെ ഉപദേശിച്ചു.

എസ്.പി.സി. സംവിധാനം കുട്ടികള്‍ക്കു വലിയ ആത്മവിശ്വാസവും അച്ചടക്കബോധവും നല്കുന്നുണ്ടെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നതെന്ന് എഡിജിപി ആര്‍. ശ്രീലേഖ പറഞ്ഞു.എസ്.പി.മാരായ കാളിരാജ് മഹേഷ് കുമാര്‍, മുഹമ്മദ് ഷബീര്‍, രാഹുല്‍ ആര്‍ നായര്‍, എസ്. സുരേന്ദ്രന്‍ തുടങ്ങിയവരും കുട്ടികളുമായുള്ള സംവാദത്തില്‍ പങ്കെടുത്തു.