സംസ്ഥാനത്തെ ആദ്യ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്താകാനൊരുങ്ങി അരുവിക്കര

0


തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയെ ഭക്ഷ്യസുരക്ഷാ മാതൃകാ പഞ്ചായത്താക്കാനൊരുങ്ങി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് അരുവിക്കര ഗ്രാമപഞ്ചായത്തിലെ 34 ഓളം അംഗനവാടികള്‍ക്ക് സ്റ്റീല്‍ കണ്ടെയിനറുകളും ടംബ്ലറുകളുമെല്ലാം വിതരണം ചെയ്തു. 25 ലിറ്റര്‍ വെള്ളം കൊള്ളുന്ന കണ്ടയിനറുകളാണ് വിതരണം ചെയ്തത്. പഞ്ചായത്തിലെ അംഗനവാടികളില്‍ കുട്ടികള്‍ക്ക് തിളപ്പിച്ച കുടിവെള്ളം പ്ലാസ്റ്റിക് ബക്കറ്റുകളില്‍ സൂക്ഷിച്ച് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇതൊഴിവാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്റ്റീല്‍ കണ്ടെയിനറുകള്‍ വാങ്ങി നല്‍കിയത്.

അരുവിക്കര പഞ്ചായത്തിനെ ഭക്ഷ്യസുരക്ഷാ മാതൃക പഞ്ചായത്താക്കി മാറ്റാന്‍ കഴിഞ്ഞ വര്‍ഷമാണ് വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പഞ്ചായത്തില്‍ നിരവധി അവബോധ പരിപാടികളും ലൈസന്‍സ് മേളകളും സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിലെ കച്ചവടക്കാരെക്കൊണ്ട് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം ലൈസന്‍സ് എടുപ്പിക്കുന്നതിനും വകുപ്പിന് സാധിച്ചിട്ടുണ്ട്. തങ്ങള്‍ പദ്ധതി തുടങ്ങിയ സമയത്ത് പഞ്ചായത്തിലെ 25 ശതമാനം കച്ചവടക്കാര്‍ക്ക് മാത്രമായിരുന്നു ലൈസന്‍സ് ഉണ്ടായിരുന്നതെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി വി അനുപമ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ 90 ശതമാനം വ്യാപാരികളും ലൈസന്‍സ് ഉള്ളവരാണ്.

പഞ്ചായത്തില്‍ ഭക്ഷ്യസുരക്ഷയില്‍ എന്തെങ്കിലും ലംഘനം നടക്കുന്നതായി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ബേക്കറികളില്‍നിന്നും ഹോട്ടലുകളില്‍നിന്നും കടകളില്‍ നിന്നുമെല്ലാം ഭക്ഷണ സാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ആറ് സാമ്പികളുകളില്‍ മാത്രമാണ് പോരായ്മകള്‍ കണ്ടെത്തിയത്. ഒരു ഐറ്റത്തില്‍ കീടങ്ങള്‍ കണ്ടെത്തിയിരുന്നു. മറ്റുള്ള അഞ്ച് എണ്ണത്തില്‍ ലേബലിംഗിന്റെ പ്രശ്‌നം മാത്രമാണ് കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് അവരെ വ്യക്തിപരമായി സമീപിച്ച് ലേബലിംഗ് കൃത്യമായി ഉണ്ടായിരിക്കണമെന്നും ഇത് നിയമം അനുശാസിക്കുന്നതാണെന്നും അവരെ പറഞ്ഞ് മനസിലാക്കിയിട്ടുള്ളതായും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഇനി അവശേഷിക്കുന്നത് ജൈവ പച്ചക്കറിതോട്ടം തയ്യാറാക്കാനുള്ള ജോലി മാത്രമാണ്. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കൃഷി ഭവനുമായി മീറ്റിംഗ് നടത്തിയിരുന്നു. കൃഷിക്കുള്ള സ്ഥലം കണ്ടെത്തുന്ന ശ്രമത്തിലാണ് കൃഷിഭവന്‍. ഇതിനിടെ തന്നെ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ജൈവപച്ചക്കറി കൃഷിയില്‍ പരിശീലന ക്ലാസും സംഘടിപ്പിക്കുന്നുണ്ട്.