നക്‌സല്‍ ജില്ലകളില്‍ വെളിച്ചമെത്തിച്ച് ഛത്തീസ്ഗഢ്

നക്‌സല്‍ ജില്ലകളില്‍ വെളിച്ചമെത്തിച്ച് ഛത്തീസ്ഗഢ്

Wednesday December 09, 2015,

2 min Read

ഛത്തീസ്ഗഢ് സംസ്ഥാനം വൈദ്യുത രംഗത്ത് ഏറെ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് ലൈന്‍ വഴി വൈദ്യുതി എത്തിക്കാന്‍ സാധിക്കാത്ത ഉള്‍പ്രദേശങ്ങളില്‍ സോളാര്‍ വൈദ്യുതി എത്തിച്ച് സംസ്ഥാനം മാതൃക കാട്ടുന്നു. ഛത്തീസ്ഗഢിലെ നക്‌സല്‍ ബാധിത പ്രദേശങ്ങളായ 140 ഗ്രാമങ്ങളില്‍ ഇനിയും വെളിച്ചം കടന്നെത്തിയിട്ടില്ല. എന്നാല്‍ ഇവിടെ വൈകാതെ സൗരോര്‍ജ്ജം ലഭ്യമാകും.

ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സിയാണ് (സി ആര്‍ ഇ ഡി എ) വന മേഖലകളായ ബസ്റ്റാര്‍ ഡിവിഷന്റെ കീഴിലും സര്‍ഗുജ ഡിവിഷന്റെ കീഴിലുമുള്ള ഗ്രാമങ്ങളിലേക്ക് റിമോട്ട് വില്ലേജ് ഇലക്ട്രിഫിക്കേഷന്‍ പദ്ധതിയുടെ ഭാഗമായി സൗരോര്‍ജ്ജം എത്തിക്കുന്നത്.

image


2003ല്‍ ഛത്തീഡ്ഗഡിലെ 1700 ഗ്രാമങ്ങള്‍ക്കാണ് സി ആര്‍ ഇ ഡി എ വെളിച്ചം നല്‍കിയത്. ഈ സ്ഥലങ്ങള്‍ വളരെ ഉള്ളിലായതിനാല്‍തന്നെ സാധാരണ രീതിയിലുള്ള വൈദ്യുതി ഇവിടങ്ങളിലേക്ക് എത്തിക്കാന്‍ പ്രയാസമാണ്. അതിനാലാണ് ബാസാറ്റര്‍, സര്‍ജുഗ ഡിവിഷനുകള്‍ക്ക് കീഴിലെ ഗ്രാമങ്ങളിലും സോളാര്‍ വൈദ്യുതി എത്തിക്കുന്നതെന്ന് സി ആര്‍ ഇ ഡി എ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജിവ് ഗ്യാനി പറയുന്നു.

ഈ ഗ്രാമങ്ങള്‍ മാവോയിസ്റ്റ് കേന്ദ്രങ്ങളായ ബിജാപുര്‍, നാരായണ്‍പുര്‍, സര്‍ഗുജ, ദന്തവാഡ ജില്ലകളിലാണ് ഉള്‍പ്പെടുന്നത്. 2000ല്‍ സംസ്ഥാനം രൂപീകരിക്കുന്ന സമയത്ത് 17,682 ഗ്രാമങ്ങള്‍ മാത്രം വൈദ്യുതീകരിച്ചിരുന്നത് ഇപ്പോള്‍ 19,567 ആയി ഉയര്‍ന്നിട്ടുണ്ട്. ഈ കാലഘട്ടത്തില്‍തന്നെ 10,375 ചേരികള്‍ വൈദ്യുതീകരിച്ചിരുന്നിടത്ത് ഇപ്പോള്‍ 25,168 ആണ് എണ്ണം.

2000 മുതല്‍ 2003 വരെയായി 102 ഗ്രാമങ്ങളിലാണ് സോളാര്‍ വൈദ്യുതി എത്തിച്ചത്. ഗ്രാമങ്ങളിലും ചേരികളിലും മിക്കവയും ഭൂപടത്തില്‍പോലും കാണിക്കാത്തവയാണ്. ഇവിടങ്ങളില്‍ ദേശീയ പാര്‍ക്കുകളും കടുവ സങ്കേതങ്ങളും ഉള്‍പ്പെടെയുണ്ട്. ഇവിടങ്ങളിലും സോളാര്‍ വൈദ്യുതി തന്നെയാണ് ലഭിക്കുന്നത്.

റായ്പൂരില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയായി ബര്‍ണവാപറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നിടത്തെ ഗ്രാമങ്ങളെല്ലാം തന്നെ ഇപ്പോള്‍ സി ആര്‍ ഇ ഡി എയുടെ കീഴില്‍ വൈദ്യുതീകരിക്കപ്പെട്ടിട്ടുണ്ട്. സോളാര്‍ സിസ്റ്റം സംരക്ഷിക്കുന്നതിന്റെ ചുമതലയും ഗ്രാമവാസികളെ ഏല്‍പിച്ചിട്ടുണ്ട്.

സോളാര്‍ സിസ്റ്റം സ്ഥാപിച്ച എല്ലാ ഗ്രാമങ്ങളിലും ഗ്രാമവാസികളിലൊരാളെ ലോക്കല്‍ ഓപ്പറേറ്ററായി നിയമിച്ചിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 1015 ഗ്രാമങ്ങള്‍ക്കായി ഒരു ക്ലസ്റ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇനിയും കൂടുതല്‍ ഗ്രാമങ്ങളിലേക്ക് സോളാര്‍ വൈദ്യുതി എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗ്യാനി പറയുന്നു.