കര്‍ഷകനെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയണം:മന്ത്രി വി.എസ്.സുനില്‍കുമാര്‍  

0

കൃഷിക്കാരനെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്ക് വഹിക്കാനുണ്ടെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കൃഷി സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രത സ്വാഗതാര്‍ഹമാണ്. പുതിയ തലമുറയെ കൃഷിയിലേക്ക് കൊണ്ടുവരണമെങ്കില്‍ കൃഷിയുടെ പ്രാധാന്യം അവരെ ബോധ്യമാക്കുന്നവിധം വലിയ പ്രചാരണം സംഘടിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 

കളിസ്ഥലം പോലെ കൃഷിസ്ഥലവും വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കിയാലെ പുതിയ തലമുറയെ കൃഷിയിലേക്കു കൊണ്ടുവരാന്‍ കഴിയൂ. കാര്‍ഷിക വിപണിക്കും മൂല്യവര്‍ധനവിനും ഊന്നല്‍ നല്‍കിയാല്‍ പുതിയ തലമുറ സംരംഭകര്‍ക്ക് കൃഷിയില്‍ താത്പര്യമുണ്ടാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ചേര്‍ന്ന് സംഘടിപ്പിച്ച കാര്‍ഷിക മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൃഷി പോക്കറ്റ് നിറയ്ക്കുമോ എന്നതിനപ്പുറം സമൂഹത്തിന് എന്തു ലാഭം ഉണ്ടാക്കും എന്നതാണ് നോക്കേണ്ടത്. കാര്‍ഷിക സംസ്‌കാരം നഷ്ടമായതാണ് സമൂഹത്തില്‍ അക്രമ സംസ്‌കാരം വ്യാപിക്കാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആസ്ഥാന മന്ദിരത്തില്‍ നടന്ന ശില്പശാലയില്‍ കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. കാര്‍ഷികോത്പാദന കമ്മീഷണര്‍ രാജു നാരായണസ്വാമി, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ എന്നിവരും സംസാരിച്ചു.

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നടത്തിയ കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തിലും വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ലേഖന മത്സരത്തിലും വിജയികളായവര്‍ക്കും ഫാം ഇന്‍ഫര്‍മേഷന്‍ പ്രസിദ്ധീകരണമായ കേരള കര്‍ഷകന് ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുമുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. കേരള കര്‍ഷകന്‍ നവവത്സരപ്പതിപ്പും ചടങ്ങില്‍ പ്രകാശനം ചെയ്തു.