പ്രതീക്ഷകള്‍ നല്‍കി 'മെഷിനറി എക്‌സ്‌പോ 2016'

0

കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം ഉല്പാദന മേഖലകള്‍ക്കാവശ്യമായ യന്ത്രസാമഗ്രികളേയും സാങ്കേതിക വിദ്യയേയും കോര്‍ത്തിണക്കി കൊച്ചിയില്‍ വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല യന്ത്രപ്രദര്‍ശന മേള 'മെഷിനറി എക്‌സ്‌പോ 2016'ന്റെ ലോഗോ പ്രകാശനം ചെയ്തു.

നിലവിലെ വ്യവസായ സംരംഭകര്‍ക്ക് ഉല്പാദനക്ഷമതയും ഗുണമേന്മയും വര്‍ധിപ്പിക്കാനും ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനും പുതുതായി വ്യവസായ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സാങ്കേതികവിദ്യയും യന്ത്രസാമഗ്രികളും പരിചയപ്പെടുന്നതിനും 2016 ജനുവരി 27 മുതല്‍ 30 വരെ സംസ്ഥാനതലത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന മേള സഹായകമാകും.

അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന എക്‌സ്‌പോയില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം എസ് എം ഇ) പുരോഗതി ലക്ഷ്യമാക്കിയുള്ള സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളുമാണ് അവതരിപ്പിക്കപ്പെടുക. രാജ്യത്തെ പ്രധാനപ്പെട്ട യന്ത്ര നിര്‍മാതാക്കളും വിതരണക്കാരും പങ്കെടുക്കുന്ന മേളയില്‍ ഭക്ഷ്യസംസ്‌കരണം, കൈത്തറി, ടെക്‌സ്‌റ്റൈല്‍സ്, ഗാര്‍മെന്റ്‌സ്, റബര്‍, തടിവ്യവസായം, ആയുര്‍വേദ, ഔഷധസസ്യ ഉല്പന്നങ്ങള്‍, എന്‍ജിനീയറിംഗ്, ഓട്ടോമൊബൈല്‍, പ്രിന്റിംഗ് ആന്‍ഡ് പാക്കേജിംഗ് തുടങ്ങിയ മേഖലകള്‍ക്കാവശ്യമായ യന്ത്രങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കപ്പെടും. സംരംഭകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും സംരംഭക സഹായികള്‍ക്കും മേളയില്‍ പങ്കെടുക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്.

എയര്‍കണ്ടീഷന്‍ ചെയ്ത 125 സ്റ്റാളുകളിലാണ് പ്രദര്‍ശനം ക്രമീകരിക്കുന്നത്. ഒന്‍പത് ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ഒരു സ്റ്റാളിന് 10,000 രൂപയാണ് വാടക. തടസം കൂടാതെയുള്ള വൈദ്യുതി ലഭ്യതയും അത്യാധുനിക സൗകര്യങ്ങളും സ്റ്റാളുകളിലുണ്ടായിരിക്കും. ംംം.ാമരവശിലൃ്യലഃുീസലൃമഹമ.രീാ എന്ന വെബ്‌സൈറ്റില്‍ പ്രദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സംസ്ഥാനത്ത് എം എസ് എം ഇ രംഗത്ത് 20122013ല്‍ 13043 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നെങ്കില്‍ 15% വര്‍ധനയോടെ 20132014ല്‍ ഇത് 14997 ആയി. ഇതേ കാലയളവില്‍ നിക്ഷേപത്തില്‍ 20% വര്‍ധനയും പുത്തന്‍ തൊഴിലവസരങ്ങളില്‍ 7% വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. 201415 വര്‍ഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 3% വര്‍ധന യൂണിറ്റുകളുടെ എണ്ണത്തിലും (15455) 17% വര്‍ധന നിക്ഷേപത്തിലും (2394.10 കോടി) 19% വര്‍ദ്ധന തൊഴിലവസരങ്ങളിലും (83515) ഉണ്ടായിട്ടുണ്ട്.

എം എസ് എം ഇ മേഖലയില്‍ സംസ്ഥാനത്തിന് കൈവരിക്കാന്‍ സാധിച്ച ശ്രദ്ധേയമായ പുരോഗതി ഈ രംഗത്ത് സൃഷ്ടിക്കാന്‍ കഴിഞ്ഞ തൊഴിലവസരങ്ങളാണ്. ജനസംഖ്യയും തൊഴിലവസരങ്ങളും തമ്മിലുള്ള അനുപാതത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണ്. 3.34 കോടി ജനസംഖ്യയുള്ള ഇവിടെ 33.2 ലക്ഷം തൊഴിലവസരങ്ങളുണ്ട്. ജനസംഖ്യയും ചെറുകിട സംരംഭങ്ങളും തമ്മിലുള്ള അനുപാതത്തിലും നമ്മുടെ സംസ്ഥാനമാണ് മുന്നില്‍.

എം എസ് എം ഇ ക്ലസ്റ്റര്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാമില്‍ സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണ്. കമ്മീഷന്‍ ചെയ്ത 8 പ്രോജക്ടുകളിലായി ആകെ 34.2 കോടി രൂപയുടെ പ്രോജക്ടുകള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കേന്ദ്ര ഗവണ്‍മെന്റ് സഹായത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആറ് എം എസ് എം ഇ ക്ലസ്റ്റര്‍ പദ്ധതികളിലായി 51.66 കോടി രൂപയുടെ പ്രോജക്ടുകളും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം ഇ ജി പി നടപ്പിലാക്കുന്നതിലും സംസ്ഥാനത്തിന് ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 201314 വര്‍ഷത്തില്‍ 783 പ്രോജക്ടുകള്‍ വഴി 11.33 കോടി രൂപയുടെ സബ്‌സിഡി നല്‍കുകയും 4420 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇത് 201314 വര്‍ഷത്തില്‍ സംസ്ഥാനത്തിന് നല്‍കിയ ലക്ഷ്യത്തിനും മേലെയാണ്. ആയതിനാല്‍ 201415 വര്‍ഷത്തില്‍ 678 പ്രോജക്ടുകള്‍ മാത്രമേ അംഗീകരിക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ. അതിന് 10.52 കോടി രൂപയുടെ സബ്‌സിഡി അനുവദിക്കുകയും നടപ്പിലാക്കിയ പ്രോജക്ടുകള്‍ വഴി 3942 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആരംഭിച്ച പി എം ഇ ജി പി യൂണിറ്റുകളുടെ 85 ശതമാനവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ദേശീയ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്.

താരതമ്യേന കുറഞ്ഞ മൂലധന നിക്ഷേപത്തോടെ വരുമാനവും തൊഴിലും സൃഷ്ടിച്ചെടുക്കുന്ന സംരംഭങ്ങള്‍ ഈ മേഖലയില്‍ സംസ്ഥാനത്ത് വളര്‍ന്നുവരുന്നു എന്നു മാത്രമല്ല സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ടുള്ള വളര്‍ച്ച കൈവരിക്കുന്നതിനും സാമൂഹ്യവും സാമ്പത്തികവുമായ അസമത്വങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.