സിദ്ധാന്ത്; ലോകത്തെ ആദ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് വാച്ച് നിര്‍മ്മാതാവായ 19കാരന്‍








സിദ്ധാന്ത്; ലോകത്തെ ആദ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് വാച്ച് നിര്‍മ്മാതാവായ 19കാരന്‍

Wednesday October 21, 2015,

3 min Read

ഒരു വാച്ച് കൊണ്ട് നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാകും? സമയം നോക്കാം, അലാറം ഉപയോഗിക്കാം ഇതൊക്കെയല്ലേ സാധാരണ ഗതിയില്‍ ചെയ്യാനാകുന്നത്. എന്നാല്‍ ഒരു വാച്ച് കൊണ്ട് ഫോണ്‍ ചെയ്യാനായാലോ? ഇന്റര്‍നെറ്റ്, ചാറ്റിംഗ്, വാട്‌സ് ആപ്പ്, മ്യൂസിക്, ക്യാമറ....എങ്ങനെയുണ്ടാകും? സിദ്ധാന്ത് എന്ന പതിനേഴുകാരന്റെ ബുദ്ധിവൈഭവത്തിന്റെ സംഭാവനയാണിത്. ലോകത്തിലെ ആദ്യ സ്മാര്‍ട് വാച്ചുകള്‍ എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ തന്റെ വാച്ചുകള്‍ക്ക് സിദ്ധാന്ത് ഇണങ്ങുന്ന പേരുമിട്ടു- ആന്‍ഡ്രോയിഡ്‌ലി.

image


സിദ്ധാന്ത് വാട്‌സിനോട് കുറച്ച് സമയം സംസാരിച്ചിരുന്നാല്‍ ഇദ്ദേഹം മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനാണെന്ന് മനസിലാകും. തന്റെ സ്വപ്‌നങ്ങളെ പിന്തുടരാനുള്ള അഗാധമായ അഭിനിവേശമാണ് സിദ്ധാന്തിനുള്ളത്. അതിനായി അദ്ദേഹം തന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും ഉപേക്ഷിച്ചു. പഠനം പിന്നീടാകാം എന്ന സിദ്ധാന്തിന്റെ തീരുമാനത്തെപ്പറ്റി അറിഞ്ഞപ്പോള്‍ അവന്റെ മാതാപിതാക്കള്‍ ഞെട്ടിപ്പോയി.

സമപ്രായക്കാരില്‍ നിന്നും സിദ്ധാന്തിനെ മുന്നിട്ട് നിര്‍ത്തുന്ന ചില വസ്തുതകളുണ്ട്. അവനൊരു സ്വപ്നസഞ്ചാരിയാണ്‌. അതാണ് അവനെ ചെറിയ പ്രായത്തിലേ ഒരു വ്യവസായ സംഘാടകനാക്കാന്‍ സഹായിച്ചതും. വെല്ലുവിളികളെ ഏറ്റെടുക്കുന്നതില്‍ സിദ്ധാന്തിന് യാതൊരു മടിയുമില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ അവയെ വെല്ലുവിളികളായി അവന്‍ കണക്കാക്കിയിട്ടേയില്ലെന്നതാണ് സത്യം.

image


വെല്ലുവിളികള്‍ ബോളിവുഡ് സിനിമയിലെ സംഭാഷണങ്ങളില്‍ പറയുന്നത് പോലെയാണെന്നാണ് സിദ്ധാന്ത് പറയുന്നത് ''എല്ലാം ശുഭമായി പര്യവസാനിക്കും. ഇനി അവ ശുഭമായില്ലെങ്കില്‍.. സിനിമ ഇനിയും ബാക്കിയുണ്ട് സുഹൃത്തേ..'' എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സിദ്ധാന്ത് തന്റെ എന്‍ ജി ഒ ആരംഭിച്ചു. നിയമങ്ങള്‍ക്കുളളില്‍ സ്വയം അടക്കി നില്‍ക്കാനല്ല അവന്‍ ശ്രമിച്ചത്. തനിക്ക് ശരിയെന്ന് തോന്നിയതെന്തോ അവ അവന്‍ ചെയ്യാനായിരുന്നു ആ കൗമാരക്കാരന്റെ ശ്രമം.

സുഹൃത്തായ അപൂര്‍വ സുകാന്തിനും മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് സിദ്ധാന്ത് ആന്‍ഡ്രോയിഡ്‌ലി സിസ്റ്റംസ് സ്ഥാപിച്ചത്. ഇതിന് പിന്നാലെ നടന്നപ്പോള്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം രണ്ട് വര്‍ഷമാണ് സിദ്ധാന്ത് വൈകിപ്പിച്ചത്. ആന്‍ഡ്രോയിഡ്‌ലി സ്മാര്‍ട്ട് വാച്ചുകള്‍ 2013 മദ്ധ്യത്തോടെ ലോകത്താകമാനം ലഭ്യമായിത്തുടങ്ങിയിരുന്നു. 220 ഡോളറാണ് വില. 110 രാജ്യങ്ങളില്‍ ഈ വാച്ച് വിറ്റഴിച്ചിട്ടുണ്ട്. ഈ വര്‍ഷത്തോടെ ഇതിന്റെ അടുത്ത പതിപ്പ് പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അടുത്ത പതിപ്പിലെ ആന്‍ഡ്രോയിഡ്‌ലി സ്മാര്‍ട്ട് വാച്ചുകളില്‍ പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനാകും ഉണ്ടാവുക എന്നും അതിന്റെ ഡിസൈന്‍ സാധാരണ വാച്ചിന് സമാനമായിരിക്കും എന്നും സിദ്ധാന്ത് പറഞ്ഞു. (ഇപ്പോഴുള്ള വാച്ച് വലിപ്പത്തില്‍ അല്‍പം വലുതാണ്). ഇതിനെ ഒരു ഫാഷന്‍ ഉപകരണമായും ഉപയോഗിക്കാമെന്നും സിദ്ധാന്ത് വ്യക്തമാക്കി.

സിദ്ധാന്ത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അവന്‍ കമ്പ്യൂട്ടറിന്റെ അടിസ്ഥാന വിവരങ്ങള്‍, ഇംഗ്ലീഷ്, കണക്ക് തുടങ്ങിയ വിഷയങ്ങള്‍ കുട്ടികളെ പഠിപ്പിക്കാറുണ്ടായിരുന്നു. പിന്നീട് അവന്‍ എന്‍ ജി ഒ പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരുകയും, രക്തദാന ക്യാമ്പ്, സമൂഹത്തിലുള്ളവര്‍ക്കായി ആരോഗ്യ പരിശോധനകള്‍ എന്നിവ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

എന്‍ ജി ഒ യുടെ ഏറ്റവും വലിയ നേട്ടത്തെപ്പറ്റി സിദ്ധാന്തിന്റെ പ്രതികരണം ഇങ്ങനെ: 'എന്റെ എന്‍ ജി ഒ യിലൂടെ യു എസ് എയിലെ വിര്‍ജീനിയയിലുള്ള ഒരു ആശ്രമത്തിന്റെ സഹകരണത്തില്‍ ബോധ്ഗയയില്‍ ഒരു അന്താരാഷ്ട്ര ആശ്രമം നിര്‍മിക്കാനായി. വളരെ വലിയ വിദേശ നിക്ഷേപത്തിലൂടെയാണ് അത് നടത്തിയത്. ഉദ്ഘാടന ദിവസം തന്നെ ആയിരത്തോളം ഡെലിഗേറ്റുകള്‍ അവിടെ എത്തിയിരുന്നു. ഇത് ബീഹാറിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കും. വിനോദസഞ്ചാരത്തിലൂടെ ഇവിടുത്തെ സമ്പദ്ഘടനയില്‍ മാറ്റമുണ്ടാകും' എന്നും സിദ്ധാന്ത് വ്യക്തമാക്കി.

ടെക്‌സാസ്, ലോകത്തിലെ മികച്ച 100 ബിസിനസ്ുകാര്‍ പങ്കെടുക്കുന്ന ഹൊറാസിസ് ബിസിനസ് മീറ്റ്, ബില്‍ ഗേറ്റ്‌സിനൊപ്പം ബിഗ് ഐ എഫ് തുടങ്ങി നിരവധി സമ്മേളനങ്ങളില്‍ സിദ്ധാന്ത് പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും സിദ്ധാന്തിന് മികച്ച വ്യവസായ സംഘാടകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം യു എസ് പ്രസിഡന്റ് ബറാക് ഒബാമ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. സിദ്ധാന്തിന്റെ അമ്മ ആരംഭിച്ച ഫലക് ഫൗണ്ടേഷന്‍ എന്ന സംഘടന വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക അവബോധം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

താനൊരു കാര്യവും ഏറെ കാലം ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ലെന്നാണ് സിദ്ധാന്ത് പറയുന്നത്. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എനിക്കെന്റെ സ്വപ്‌നങ്ങളെ പിന്തുടരണം. എന്റെ മനസില്‍ എന്തൊക്കെ എത്തുന്നോ അവയെല്ലാം എനിക്ക് ചെയ്യണം. യാതൊന്നും എനിക്ക് പ്രചോദമാകുന്നില്ല. എനിക്കെന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാല്‍ ഞാനത് ചെയ്യും കാരണം, അവയ്‌ക്കെല്ലാം ഉള്ള സമയം എന്റെ പക്കലുണ്ട് എന്നും സിദ്ധാന്ത് വ്യക്തമാക്കി.

image


ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിസന്ധി നമ്മളെ നിരുത്സാഹപ്പെടുത്തുന്ന അയല്‍വാസികളും കുടുംബസുഹൃത്തുക്കളുമാണെന്നാണ് സിദ്ധാന്തിന്റെ പക്ഷം. നമ്മളുടെ ഐഡിയ കാല്‍ക്കാശിന് കൊള്ളില്ലെന്ന് അവര്‍ പറയും. അത് കൂടാതെ, നിങ്ങളൊഴികെ മറ്റ് പലരും എന്തുകൊണ്ട് ആ ഐഡിയ നല്ലതല്ലെന്നതിന്റെ കാര്യ കാരണങ്ങള്‍ വിശദമാക്കി തരികയും ചെയ്യും. എന്നാല്‍ ആരും നമ്മുടെ അടുത്തെത്തി അതെങ്ങനെ നടത്തിക്കാം എന്ന് പറഞ്ഞ് തരില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകളിലുള്ളവര്‍ക്കും ഒന്നിക്കാനും മറ്റുള്ളവര്‍ക്ക് പ്രചോദനമേകാനുമായി ഒരു അന്താരാഷ്ട്ര പ്ലാറ്റ്‌ഫോം നിര്‍മിക്കണമെന്നാണ് സിദ്ധാന്തിന്റെ ആഗ്രഹം. നേതൃത്വ ഉച്ചകോടി(ലീഡര്‍ഷിപ്പ് സമ്മിറ്റ്) എന്നാണ് അദ്ദേഹം അതിന് പേരിട്ടിരിക്കുന്നത്. അവിടെ വച്ച് ജനങ്ങള്‍ക്ക് അവരുടെ പ്രചോദനാത്മകമായ കഥകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാം. ഇവയെ കൂടുതല്‍ വിപുലീകരിച്ച് സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും എത്തിക്കാനും തനിക്ക് പദ്ധതിയുണ്ടെന്നും അതിനായുള്ള പ്രവര്‍ത്തനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.