സ്വപ്‌നവീട് വയ്ക്കാന്‍ വിശ്വസിച്ചേല്‍പ്പിക്കാം ബില്‍ഡ്‌സറിനെ

സ്വപ്‌നവീട് വയ്ക്കാന്‍ വിശ്വസിച്ചേല്‍പ്പിക്കാം ബില്‍ഡ്‌സറിനെ

Wednesday January 06, 2016,

3 min Read


സ്വന്തമായൊരു വീട് എന്ന ലക്ഷ്യവും സ്വപ്‌നവും ഏവര്‍ക്കുമുണ്ട്. പലര്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍മാത്രം സാധ്യമാകുന്നതാണ് വീടെന്ന സ്വപ്‌നം. പൂമുഖവും ഇടനാഴിയും അടുക്കളയും അങ്ങിനെ വീടിന്റെ ഓരോ ഭാഗവും സ്വന്തം പ്ലാനില്‍ തയാറാക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. എന്നാല്‍ അതിന് മുന്നിട്ടിറങ്ങിയാല്‍ കീശയിലെ കാശുപോകുന്നതു മിച്ചം. കൃത്യമായ അളവിലോ ഗുണമേന്‍മയിലോ ഉള്ള സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതു മുതല്‍ തുടങ്ങും സംശയം. ഈ തലവേദനകള്‍ സഹിക്കാന്‍ കഴിയാതെയാണ് പലരും ഇടനിലക്കാരെ തേടുന്നത്. അവിടെയും പോകും നല്ലൊരു ശതമാനം പണം. അങ്ങനെ പണം കളയേണ്ട എന്നു ചിന്തിച്ചാണ് ഡല്‍ഹി സ്വദേശി വിനീത് സിംഗ് സ്വന്തം മേല്‍നോട്ടത്തില്‍ വീടു പണിയാനിറങ്ങിയത്. ബില്‍ഡ്‌സര്‍ എന്ന സംരംഭത്തിനു കാരണമായതും അതു തന്നെയാണെന്ന് വിനീത് പറയുന്നു. വിനീതിനെ സഹായിക്കാന്‍ വീട്ടുകാരും ഒപ്പം ചേര്‍ന്നെങ്കിലും നിര്‍മാണസാമഗ്രികള്‍ തിരഞ്ഞെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇന്റര്‍നെറ്റിലും മാഗസിനുകളിലും എല്ലാം പരതിയെങ്കിലും അനുയോജ്യമായ ഒരു സഹായവും ലഭിച്ചില്ല.

image


ഈ സമയത്താണ് ഡാല്‍മിയ സിമന്റ്‌സ് എംഡി പുനീത് ഡാല്‍മിയയെ വിനീത് കണ്ടുമുട്ടിയത്. തന്നെപ്പോലെ തന്നെ സമാനമായ അവസ്ഥയാണ് പുനീതും നേരിട്ടതെന്ന് പറയുന്നു വിനീത്. വീട് പുതുക്കിപ്പണിയുവാനായി അദ്ദേഹവും തന്നെപ്പോലെ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. നിര്‍മാണമേഖലയില്‍ വളരെ പരിചയസമ്പന്നനായ പുനീതിനെ പോലെ ഒരാള്‍ക്ക് പോലും കഴിയുന്നില്ലെങ്കില്‍ സാധാരണക്കാരനായ ഒരു കസ്റ്റമറിന് വീട് നിര്‍മാണം ഇടനിലക്കാരനെ ഏല്‍പ്പിക്കാതെ മാര്‍ഗില്ല. ഈ തിരിച്ചറിവാണ് ബില്‍ഡ്‌സര്‍ എന്ന സംരംഭത്തിനു പ്രചോദനമായതെന്ന് പറയുന്നു വിനീത് സിംഗ്. കെട്ടിട നിര്‍മാണത്തിനും പുനരുദ്ധാരണത്തിനും ആവശ്യമായ എല്ലാ മെറ്റീരിയല്‍സും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്ന ബില്‍ഡ്‌സര്‍ ജനം അംഗീകരിച്ചു കഴിഞ്ഞു. ആരംഭിച്ച് നാലു മാസം പിന്നിടുമ്പോള്‍ നടന്ന അഞ്ചുകോടിയുടെ ബിസിനസ് ഇത് തെളിയിക്കുന്നു. ബില്‍ഡേഴ്‌സ്, ആര്‍ക്കിടെക്ട്‌സ്, ഡിസൈനേഴ്‌സ് എന്നിവര്‍ക്ക് വളരെ അനായാസമായി മെറ്റീരിയല്‍സ് തിരഞ്ഞെടുക്കാന്‍ ബില്‍ഡ്‌സര്‍ സഹായകരമാകുന്നുണ്ട്. സിമന്റ്, കമ്പി, ഇഷ്ടിക ഇലക്ട്രിക്കല്‍സ്, ടൈല്‍സ്, പെയിന്റ്, ബാത്ത്‌റൂം ഫിറ്റിങ്‌സ് തുടങ്ങി കെട്ടിട നിര്‍മാണത്തിനാവശ്യമായ എല്ലാ സാധനങ്ങളും ബില്‍ഡ്‌സര്‍ നല്‍കുന്നുണ്ട്. മെറ്റീരിയല്‍സ് തിരഞ്ഞെടുക്കാനുള്ള സൗകര്യത്തിനു പുറമെ കെട്ടിട നിര്‍മാണത്തിനുള്ള ഡിസൈന്‍ മുതല്‍ തൊഴിലാികളെ വരെ എത്തിച്ചു നല്‍കുന്നതിനുള്ള സംവിധാനവും ബില്‍ഡ്‌സര്‍ ഒരുക്കിയിട്ടുണ്ട്. ബില്‍ഡ് യുവര്‍ ഹോം വിത്ത് ബില്‍ഡ്‌സര്‍ (ബി.വൈ.എച്ച്.ബി) എന്ന പേരിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. കസ്റ്റമേഴ്‌സുമായി അടുത്ത് സംസാരിച്ച് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി മികച്ച ഭവന നിര്‍മാണമാണ് ബില്‍ഡ്‌സര്‍ ഉറപ്പു നല്‍കുന്നതെന്ന് പറയുന്നു വിനീത് സിംഗ്്.

കസ്റ്റമേഴ്‌സില്‍ നിന്ന് മുന്‍കൂട്ടി പണം സമാഹരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മെറ്റീരിയല്‍സ് സെലക്റ്റ് ചെയ്യുന്നതിനടക്കം ഒരു കാര്യങ്ങള്‍ക്കും കസ്റ്റമര്‍ നേരിട്ട് പോകേണ്ടി വരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. ജൂലൈയില്‍ സംരംഭം ആരംഭിച്ച ആദ്യ ദിവസം തന്നെ ബില്‍ഡ്‌സര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്ന് വിനീത് പറയുന്നു. ആദ്യ ദിവസം എട്ട് ലക്ഷം രൂപയുടെ ബിസിനസ് ആണ് ബില്‍ഡ്‌സര്‍ വഴി നടന്നത്. നാലു മാസമായപ്പോഴെക്കും 1.1 കോടി രൂപയുടെ കെട്ടിടനിര്‍മാണസാമഗ്രികള്‍ മാത്രം ബില്‍ഡ്‌സര്‍ വിറ്റുകഴിഞ്ഞു. പ്രതിമാസം രണ്ടുകോടിയുടെ മൊത്തവിറ്റുവരവ് കമ്പനി സ്വായത്തമാക്കി. എല്ലാ ഇടപാടുകളിലും മുന്‍കൂട്ടിയുള്ള പേമെന്റ് സിസ്റ്റത്തിലാണ് നടത്തിയത്. 275 കസ്റ്റമേഴ്‌സ് ഇതിനോടകം കമ്പനിക്ക് ലഭിച്ചു. 55,000 രൂപയാണ് ശരാശരി ഓര്‍ഡര്‍ നിരക്ക്. സാമഗ്രികള്‍ എത്തിച്ചുകൊടുക്കുന്നതിനുള്ള ചാര്‍ജ് ഈടാക്കുന്നില്ല എന്നത് കസ്റ്റമേഴ്‌സിന് ആശ്വാസമാണ്. സിമന്റ്, സ്റ്റീല്‍, ഇലക്ട്രിക്കല്‍, പ്ലമ്പിങ് തുടങ്ങി 18 ഇനങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. സോളാര്‍ വാട്ടര്‍ഹീറ്റര്‍, ചുടുകട്ടയ്ക്കു പകരമുള്ള എഎസി ബ്ലോക്ക് എന്നീ പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുത്താണ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. അതുകൊണ്ട തന്നെ അവര്‍ സംതൃപ്തരുമാണെന്നു പറയുന്നു വിനീത് സിംഗ്. നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന 30 സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത് 250ആയി ഉയര്‍ത്താനും സാധിച്ചു. സ്‌ക്വയര്‍ഫീറ്റ് നിരക്കില്‍ നിര്‍മാണസാമഗ്രികളും തൊഴിലാളികളും എല്ലാം ഉള്‍പ്പെടുന്ന ഒരു പാക്കെജ് ബില്‍ഡ്‌സര്‍ നല്‍കുന്നുണ്ട്. വളരെ സുതാര്യമായി എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബില്‍ഡ്‌സറില്‍ വിശ്വാസ്യതയും വന്നു കഴിഞ്ഞു.

പുതിയ രീതിയിലേക്ക് പ്രവര്‍ത്തനങ്ങള്‍ എത്തിക്കുക എന്നത് വളരെ ചലഞ്ചിങ് ആണ്. ഒരു ക്ലിക്കില്‍ സിമന്റും കമ്പിയും മറ്റ് സാധനങ്ങളും തിരഞ്ഞെടുക്കുന്നതോടൊപ്പം ആവശ്യപ്പെടുമ്പോള്‍ സമയം തെറ്റാതെ അവ എത്തിക്കുക എന്ന ദൗത്യവും ബില്‍ഡ്‌സര്‍ നിര്‍വഹിക്കും. പുനീത് ഡാല്‍മിയയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചാണ് ബില്‍ഡ്‌സര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കമ്പനിയുടെ ഷെയറുകള്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് വിനീത് സിംഗും സുഹൃത്തുക്കളും. ഡല്‍ഹിയില്‍ മാത്രം നടത്തി വരുന്ന സര്‍വീസുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബില്‍ഡ്‌സര്‍ ഗ്രൂപ്പ്.