സംഗീതമാണ് ജീവിതം: കോളിന്‍സ്

0


സംഗീതമാണ് ജീവിതം എന്നു കരുതുന്ന നിരവധി പേരുണ്ട്. ഇവരിലൊരാളാണ് പ്രശസ്തനായ സംഗീതജ്ഞന്‍ കോളിന്‍ ഡിക്രൂസ. എന്നാല്‍ ഇവരില്‍ നിന്നെല്ലാം കോളിനെ വ്യത്യസ്തനാക്കുന്ന മറ്റൊരു സംഗതിയുണ്ട്. യുവസംഗീതജ്ഞരെ പ്രോല്‍സാഹിപ്പിക്കാന്‍ കോളിന്‍ സ്വന്തമായി തുടങ്ങിയ ജാസ് ഗോവ സ്റ്റുഡിയോ ആണ് മറ്റുള്ളവരില്‍ നിന്നും കോളിനെ വ്യത്യസ്തനാക്കുന്നത്. സ്വന്തം കരിയര്‍ മാത്രം വളര്‍ത്താന്‍ ശ്രമിക്കുന്നവരില്‍ നിന്നും കോളിനെ വേറിട്ട് നിര്‍ത്തുന്നതും ഇതാണ്.

സംഗീതജ്ഞരുടെ സ്വന്തം നാടാണ് ഗോവ. ഇവിടെ നിരവധി സ്റ്റുഡിയോകളുമുണ്ട്. എന്നാല്‍ ഗോവക്കാരനായ ഓരോ സംഗീതജ്ഞനും ജാസ് ഗോവ സ്റ്റുഡിയോയെക്കുറിച്ചറിയാം. അതിലവര്‍ അഭിമാനവും കൊള്ളുന്നു. തെക്കന്‍ ഗോവയിലെ സങ്കോള്‍ഡ ജില്ലയിലെ നെല്‍പ്പാടങ്ങള്‍ക്കു സമീപത്തായാണ് കോളിന്റെ ജാസ് ഗോവ സ്റ്റുഡിയോ ഉള്ളത്.

നിങ്ങള്‍ ഒരു സംഗീതജ്ഞനാണെങ്കില്‍ സ്വന്തം ഗാനം പ്രൊഫഷണല്‍ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്നു നിങ്ങള്‍ക്ക് നന്നായിട്ടറിയാമായിരിക്കും. കയ്യിലുള്ള ബഡ്ജറ്റിനൊത്ത് സ്റ്റുഡിയോ കിട്ടുകയെന്നത് പ്രധാന പ്രശ്‌നമാണ്. റെക്കോര്‍ഡിങ്ങിനായി ഒരുപാട് പണം മുടക്കാന്‍ അവര്‍ മടിക്കും. അതിനാല്‍ തന്നെ ഈ യുവ കലാകാരന്മാരുടെ കഴിവുകള്‍ ഒരിക്കലും വെളിച്ചം കാണുന്നില്ല. പല യുവ സംഗീതജ്ഞരും നല്ല കഴിവുള്ളവരാണ്. എന്നാല്‍ അവര്‍ക്ക് ആ കഴിവ് തെളിയിക്കാന്‍ കഴിയാതെ പോകുന്നു.

ഇത്തരം കലാകാരന്മാരുടെ രക്ഷകനായാണ് ജാസ് ഗോവ എത്തിയത്. സംഗീത ഉപകരണങ്ങള്‍ വായിക്കുന്ന അനുഭവ പരിചയരായവര്‍ക്കൊപ്പം തങ്ങളുടെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള അവസരം ജാസ് ഗോവ സ്റ്റുഡിയോ നല്‍കുന്നു.

ഗോവന്‍ ജനതയുടെ ജീവിതത്തിലെ ഒഴിച്ചുകൂടാന്‍ ആവാത്ത ഒന്നാണ് സംഗീതം. പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ലോകത്തില്‍ തന്നെ വച്ചേറ്റവും കുറവ് പണം ചെലവാകുന്ന സ്റ്റുഡിയോയാണിത്. കലാകാരന്മാരുടെ കഴിവുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം അവര്‍ക്ക് മികച്ചൊരു അവസരം നല്‍കുന്നതിനും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ആഗോളതലത്തില്‍ അവര്‍ക്ക് വേദിയൊരുക്കുന്നതിനും ജാസ് ഗോവ സഹായിക്കുന്നതായി കോളിന്‍ പറഞ്ഞു.

സംഗീതം അന്നും ഇന്നും

ഒരു ദശാബ്ദത്തിലധികമായി ലോകം ചുറ്റിയ അനുഭവ പരിചയം കോളിനുണ്ട്. ഇന്ത്യന്‍ സംഗീതത്തിലെ മാറ്റങ്ങള്‍ക്ക് ദൃക്‌സാക്ഷിയാകുക മാത്രമല്ല അതിനൊപ്പം ജീവിക്കുകയും ചെയ്തു. മുംബൈയിലെ പ്രശസ്തമായ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളായ താജ്മഹല്‍ ഹോട്ടല്‍, ഒബ്‌റോയ് ഷെറാള്‍ട്ടണ്‍ തുടങ്ങിയ ഹോട്ടലുകളില്‍ അവതരിപ്പിച്ച ബാന്‍ഡ് സംഗീത പരിപാടികള്‍ മറക്കാനാവാത്തതാണ്. കര്‍ട്ടന്‍ ഉയരുമ്പോള്‍ ഓരോ കസേരയിലും ആകാംക്ഷയോടെ ഞങ്ങളുടെ പാട്ടുകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നവരെ കാണാം. എന്നാല്‍ ഇന്നു നമുക്ക് ഒറ്റയ്ക്കിരുന്നോ കൂട്ടമായിരുന്നോ ബാന്‍ഡ് സംഗീതം ആസ്വദിക്കുന്നതിനുള്ള അവസരം ഈ ഹോട്ടലുകളിലുണ്ട്– കോളിന്‍ പറഞ്ഞു.

ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റിവല്‍ ആണ് ഇന്നു യുവാക്കളുടെ മറ്റൊരു പ്രധാന ആകര്‍ഷണം. ഹോട്ടലുകളിലെ വിവാഹ ആഘോഷങ്ങളിലും റേഡിയോ സ്റ്റേഷനുകള്‍ മുതല്‍ ജോലി സ്ഥലങ്ങളിലും ഇന്നു ഡിജെ സംഗീതമാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള അയിരക്കണക്കിനുപേര്‍ ഒത്തുചേര്‍ന്ന് ഈ സംഗീതലഹരി ആസ്വദിക്കുന്നു. മാറ്റം ആവശ്യമാണ്. എന്നാല്‍ നമ്മള്‍ പോകുന്നത് തെറ്റായ വഴിയിലേക്കല്ല എന്നുറപ്പു വരുത്തണമെന്നും കോളിന്‍ വ്യക്തമാക്കി.

കഴിഞ്ഞ കാലങ്ങളില്‍ സംഗീത ഉപകരണങ്ങള്‍ വായിക്കുന്നതിനൊപ്പം ഗായകര്‍ ആലപിക്കുമായിരുന്നു.അങ്ങനെ തന്റെ കഴിവ് ആസ്വാദകരിലേക്ക് നേരിട്ട് എത്തിക്കാമാകുമായിരുന്നു. എന്നാല്‍ ഇന്നു പ്ലേ ബട്ടണ്‍ അമര്‍ത്തിയാല്‍ മെഷീനുകളാണ് സംഗീതം നല്‍കുന്നത്. ഇന്നെല്ലാം ടെക്‌നോളജിയാണ്. ലൈവ് മ്യൂസിക് ചെയ്യാനുള്ള അവസരം വളരെ കുറവാണ്. അതിനാല്‍ പല സംഗീതജ്ഞരും പുറകോട്ട് തഴയപ്പെടുന്നു. മറ്റു ചിലര്‍ ഇഷ്ടമില്ലെങ്കിലും ഇതിന്റെ ഭാഗമായി മാറുന്നുവെന്നും കോളിന്‍ പറയുന്നു.

സംഗീതത്തിലൂടെ ലോകത്തെ ഒന്നാക്കി മാറ്റാം

സംസ്‌കാരത്തിന്റെ പേരിലും അതിര്‍ത്തി പ്രശ്‌നത്തിന്റെ പേരിലും ലോകം ഇന്നു പരസ്പരം പോരടിക്കുന്ന നിരവധി വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ജാസ് ഗോവ സ്റ്റുഡിയോയില്‍ ഇവയൊന്നുമില്ല. നെതര്‍ലാന്‍ഡ്‌സ്, യുകെ, സിംഗപ്പൂര്‍, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്, യുഎസ് തുടങ്ങിയ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ജാസ് ഗോവ സ്റ്റുഡിയോയില്‍ റെക്കോര്‍ഡിങ്ങിനായി എത്തുന്നു. കോളിനോടൊപ്പം പരിപാടികള്‍ അവതരിപ്പിക്കുന്നു.

ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കിന്റെയും റിയാലിറ്റി ഷോകളുടെയും യുട്യൂബ് സ്റ്റാറുകളുടെയും കാലമാണിത്. പ്രശസ്തിയും വിജയവും ഇന്നു വളരെ പെട്ടെന്നു നേടാം. എന്നാല്‍ ഇന്നത്തെ ജനറേഷന് മറ്റെന്തൊക്കെയോ നഷ്ടമാകുന്നു.

കുട്ടികള്‍ സംഗീതം രൂപപ്പെടുത്തുന്നതിന് സോഫ്റ്റ്!വെയറാണ് ഉപയോഗിക്കുന്നത്. ടെക്‌നോളജിയും മാറ്റങ്ങളും നല്ലതാണ്. എന്നാല്‍ സംഗീതം എന്നു പറയുന്നത്, അതു നിങ്ങളില്‍ നിന്നും ഉണ്ടാകേണ്ടതാണ്. അത് മെഷീനിലെ പ്ലേ ബട്ടണ്‍ അമര്‍ത്തി ഉണ്ടാക്കാവുന്നതല്ല. ഈ കാര്യം കുട്ടികള്‍ക്കെല്ലാം ഓര്‍മ വേണം.

സ്വന്തം ഗാനം റെക്കോര്‍ഡ് ചെയ്യുക എന്നത് നടക്കാത്ത സ്വപ്‌നമാണെന്ന് ചെറുപ്പത്തില്‍ ഞാന്‍ കരുതിയിരുന്നു. ഇന്നു യുവാക്കള്‍ ഈ സ്വപ്‌നം സാക്ഷാത്കരിക്കാനായി കഷ്ടപ്പെടുമ്പോള്‍ എന്നെയാണ് !ഞാന്‍ അവരില്‍ കാണുന്നത്. അതിനാല്‍ തന്നെ അവര്‍ക്ക് റെക്കോര്‍ഡിങ്ങിനായി സ്റ്റുഡിയോ സംവിധാനം നല്‍കി എന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യുന്നു. സംഗീതമാണ് ജീവിതത്തില്‍ എനിക്കെല്ലാം നല്‍കിയത്. എനിക്കതിന് തിരികെ നല്‍കാവുന്ന ഏറ്റവും ചെറിയ കാര്യമാണ് ജാസ് ഗോവ സ്റ്റുഡിയോയിലൂടെ നല്‍കുന്നതെന്നും കോളിന്‍ ചെറുപുഞ്ചിരിയോടെ പറയുന്നു.