പഠനവും വ്യവസായവും ഒരു പോലെ കണ്ട് പ്രിയങ്ക അഗര്‍വാള്‍

0

നിങ്ങള്‍ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ 25 വയസ്സുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയിരിക്കാം. ഇന്റര്‍നെറ്റില്‍ ആള്‍ക്കാര്‍ നടത്തുന്ന തമാശകള്‍ ആസ്വദിച്ച് ഒരു സുഖകരമായ ജീവിതമായിരിക്കും നയിക്കുന്നത്. എന്നാല്‍ ഇനി പറയുന്ന കഥ കേട്ടാല്‍ എന്തോ ഒന്ന് ജീവിതത്തില്‍ നഷ്ടപ്പെടപ്പെതായി തോന്നാം. നമ്മള്‍ 10 വര്‍ഷം കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ ചെയ്തു തുടങ്ങുകയാണ് പ്രയങ്ക അഗര്‍വാള്‍ എന്ന ഈ പെണ്‍കുട്ടി. 'കല്ലോസ്' പേഴ്‌സണല്‍ കെയര്‍ കോസ്‌മെറ്റിക്‌സിന്റെ ആശയം മനസ്സില്‍ ഉദിച്ചപ്പോള്‍ അവള്‍ക്ക് വെറും 20 വയസ്സായിരുന്നു. ഇന്ന് ആറ് സംസ്ഥാനങ്ങളില്‍ 100 സ്റ്റോറുകളിലായി ഇത് വില്‍ക്കുന്നു.

പേഴ്‌സണല്‍ കെയര്‍ എന്ന വിഷയം തിരഞ്ഞെടുത്തത് തികച്ചും യാദൃശ്ചികമാണ്. 'എന്റെ വിഷയങ്ങള്‍ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നിവയായിരുന്നു. എന്നാല്‍ എനിക്ക് സ്‌പോര്‍ട്‌സിലും ഡാന്‍സിലുമായിരുന്നു താത്പര്യം. എന്റെ കുട്ടിക്കാലം വളരെ സന്തോഷം നിറഞ്ഞതായിരുന്നു.' പ്രിയങ്ക പറയുന്നു.

അവസരങ്ങള്‍ വരുമ്പോള്‍ അതിന് മറുപടി നല്‍കുക എന്നതാണ് നേതൃഗുണം. 'ഞാന്‍ ദിവസവും അച്ഛന്റെ ഓഫീസില്‍ പോകുമായിരുന്നു. അവിടെ നിന്നാണ് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനുള്ള ആശയം തോന്നിയത്. ആദ്യം ഒരു സലൂണ്‍ തുടങ്ങാനാണ് ആഗ്രഹിച്ചത്. അതിന് വേണ്ടി ഞാന്‍ ഒരു ചെറിയ കോഴ്‌സ് ചെയ്തു. എന്നാല്‍ അതിന് എനിക്ക് താത്പര്യം ഇല്ലായിരുന്നെന്ന് പിന്നീട് നിരാശയോടെ ഞാന്‍ മനസ്സിലാക്കി.'

അതില്‍ തളരാതെ ഇനി എന്ത് ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കാന്‍ തുടങ്ങി. 'കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് ഞാന്‍ അച്ഛനോട് സംസാരിച്ചു. അപ്പോഴാണ് ബിസിനസിലുള്ള എന്റെ താത്പര്യം വളര്‍ന്നത്. ഒരു പേഴ്‌സണല്‍ കെയര്‍ ലൈന്‍ തുടങ്ങാന്‍ അച്ഛന്‍ ഉപദേശിച്ചു. ആ സമയത്ത് എനിക്ക് എന്തൊക്കെയാണ് വിപണിയില്‍ നടക്കുന്നതെന്ന് അറിയില്ലായിരുന്നു. ഓഫീസില്‍ കുറച്ച് കാര്യങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതുമാത്രം പോരല്ലോ. എല്ലാവരും എന്നെ കമ്പനി ഉടമയുടെ മകളായി കണ്ടു. ഒരു അവധിക്കാലത്ത് സമയംകളയാന്‍ വേണ്ടി അവിടെ എത്തിയതാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചു. ചില കാര്യങ്ങള്‍ പറഞ്ഞ് അവരെന്നെ രസിപ്പിക്കുമായിരുന്നു. ഞാന്‍ എം.ബി.എയോ ബി.ബി.എയോ ചെയ്തിട്ടില്ല.'

കോളേജില്‍ പഠിക്കുന്ന കുട്ടി എന്ന നിലക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 'എന്റെ പഠനം കഴിയുന്നതുവരെ ഇത് നിര്‍ത്തിവക്കേണ്ടിവന്നു. ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും എല്ലാവരും ഒത്തുകൂടി തീരുമാനങ്ങള്‍ എടുത്തു. ആ ഒരു വര്‍ഷം ഇതൊന്നും നടക്കില്ല എന്ന് എല്ലാവരും കരുതി. ഒരു വര്‍ഷത്തെ പ്രതിസന്ധിക്ക് ശേഷം ഒരു ടീം ഉണ്ടാകാനും ഉത്പാദനത്തിനും കുറച്ച് സമയമെടുത്തു. ഞാന്‍ കുറേയോറെ വിമര്‍ശകരെ കണ്ടു. ഒരു സ്ത്രീക്ക് തന്റെ കഴിവ് തെളിയിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എവിടെയും സ്ത്രീ-പുരുഷ അന്തരമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. യുവതികള്‍ കല്ല്യാണത്തിന് മുമ്പ് സമയം കളയാനായി ചെയ്യുന്ന പ്രവൃത്തിയായി ചിലര്‍ ഇതിനെ കണ്ടു. ഇതെല്ലാം തരണം ചെയ്യാനുള്ള ഏറ്റവും നല്ല വഴി നല്ലത് എന്താണോ അത് സ്വീകരിച്ച് മുന്നോട്ട് പോകുക എന്നതായിരുന്നു. മറ്റുള്ളവര്‍ക്ക് മുന്നില്‍ കഴിവ് തെളിയിച്ച് കാണിക്കുന്നതിലും നല്ലത് സ്വന്തം ആത്മസംതൃപ്തിക്ക് വേണ്ടി ചെയ്യുന്നതാണ്. നിങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ശക്തി നല്‍കുന്നവരുടെ കൂടെ എപ്പോഴും സമയം ചെലവഴിക്കുക. അതാണ് ഞാന്‍ ചെയ്തത്.'

എല്ലാ സ്റ്റാര്‍ട്ട് അപ്പുകളേയും പോലെ പ്രിയങ്കക്കും തുടക്കത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ചെറിയ പ്രായത്തില്‍ തുടങ്ങി എന്നത് ഒരു വശം. സ്ത്രീ എന്ന നിലക്കുള്ള വെല്ലവിളി മറ്റൊരുവശം. ഇതെല്ലാം വളരെ പെട്ടെന്ന് പ്രിയങ്കക്ക് തരണം ചെയ്യാന്‍ സാധിച്ചു. ഏറ്റവും വലിയ പാളിച്ച പറ്റിയത് അച്ഛന്റെ ഫുഡ് ഡിവിഷനിലുള്ള ടീമിനെ ഇതിനൊപ്പം ചേര്‍ത്തപ്പോഴാണ്. ആദ്യത്തെ രണ്ട് മാസം പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നു. അച്ഛന്‍ എനിക്ക് വേണ്ടി നിക്ഷേപിച്ച 10 ലക്ഷം രൂപ വെറുതെ കളയാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. പിന്നീട് ഞാന്‍ സ്വന്തമായി ഒരു ടീം ഉണ്ടാക്കി. 4 പേരാണ് അതില്‍ ഉണ്ടായിരുന്നത്. ഞങ്ങല്‍ ഒരു നല്ല പദ്ധതി രൂപപ്പെടുത്തിയെടുത്തു. ടയര്‍2 നഗരങ്ങളെയും ടയര്‍3 നഗരങ്ങളെയും ബന്ധിപ്പിച്ച് ഒരു വിതരണ ശൃംഖല തന്നെ ഉണ്ടാക്കി. ഇതുവഴി ഉത്പ്പന്നങ്ങല്‍ എത്തിക്കേണ്ട മേഖലയും സ്റ്റോറുകളും തരംതിരിച്ചു.

ആദ്യ ഘട്ടത്തില്‍ അച്ഛന്റെ നിക്ഷേപം കൊണ്ട് കുറച്ച് സമ്പാദിക്കാന്‍ കഴിഞ്ഞു. '10 ലക്ഷം രൂപയില്‍ നിന്ന് ഒരു കോടിയോളം രൂപ ഉണ്ടാക്കാന്‍ കുറച്ച് മാസങ്ങള്‍ക്കകം ഞങ്ങള്‍ക്ക് സാധിച്ചു. പല ആള്‍ക്കാര്‍ക്കും ഇത് ഒന്നുമല്ലെന്ന് തോന്നിയേക്കാം. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ്. ഈ വിപണിയില്‍ എച്ച്.യു.എല്‍, പി ആന്റ് ജി, ഡാബര്‍ പോലുള്ള നിരവധി വമ്പന്‍മാരുണ്ട്. പുതിയ ആള്‍ക്കാര്‍ വന്നുകൊണ്ടിരിക്കുന്നു. ഇന്ന് ഞങ്ങളുടെ ഉത്പ്പന്നങ്ങളെ കുറിച്ച് നിരവധി വ്യാപാരികളും കസ്റ്റമേഴ്‌സും അറിയാന്‍ ആഗ്രഹിക്കുന്നു.'

ഈ യുവ വ്യവസായി ഇപ്പോള്‍ എസ്.പി ജെയിനില്‍ നിന്നും എം.ബി.എ ചെയ്യുകയാണ്. തന്റെ യോഗ്യതയെക്കാള്‍ ഒരുപാട് ഉയര്‍ന്ന ആള്‍ക്കാരെയാണ് പ്രിയങ്ക തൊഴിലാളികളായി തിരഞ്ഞെടുത്തിരിക്കുന്നത്. അവരുടെ നല്ല ഉപദേശങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കാറുമുണ്ട്. ഇതിവരെ സ്ത്രീ എന്ന നിലയില്‍ യാതൊരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ലെന്ന് പ്രിയങ്ക പറയുന്നു.

സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാട് മാറുന്നത് സ്വാഗതാര്‍ഹമാണ്. ഇതവഴി നിരവധി സ്ത്രീകള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. അവര്‍ പറയുന്നു.

'ഇന്ന് സ്ത്രീകള്‍ തുടക്കം കുറിച്ച നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ ഉണ്ട്. ഈ തരംഗം വളരെ നല്ല പ്രചോദനമാണ് സ്ത്രീകള്‍ക്ക് നല്‍കുന്നത്. ഒരു സ്ത്രീയെ മറ്റൊരാളുടെ നിഴലില്‍ നിര്‍ത്തുന്നതും അവസാനിക്കുന്നുണ്ട്. ഒരു സ്ത്രീക്ക് അവരുടേതായ സ്വാതന്ത്ര്യം അത്യാവശ്യമാണ്.'