മെയ് ഒന്ന് മുതല്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  

0

മെയ് ഒന്ന് മുതല്‍ സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കണം.

ഭാഷാമാറ്റ നടപടികള്‍ വിലയിരുത്തുന്നതിന് ഏപ്രില്‍ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗികഭാഷാ ഉന്നതതല സമിതി കേരളത്തിലെ ഭാഷാമാറ്റം തൃപ്തികരമല്ലെന്ന് വിലയിരുത്തിയിരുന്നു. തുടര്‍ന്ന് മെയ് ഒന്നു മുതല്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കുന്നത് നിര്‍ബന്ധമാക്കണമെന്നും ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും നിബന്ധനകള്‍ക്കു വിധേയമായി മലയാളത്തില്‍ത്തന്നെയായിരിക്കണമെന്നും മുഖ്യമന്ത്രി ഭരണഭാഷാ പ്രഖ്യാപനം നടത്തി. മൂന്നുമാസത്തിലൊരിക്കല്‍ ഇക്കാര്യം അവലോകനം ചെയ്യണമെന്നും ഉന്നതതല സമിതി നിര്‍ദേശിച്ചിരുന്നു. ഈ പ്രഖ്യാപനം കര്‍ശനമായി നടപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്.

സംസ്ഥാനത്തെ തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷക്കാര്‍ക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങള്‍, മറ്റു രാജ്യങ്ങള്‍, സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴ്, കന്നഡ അല്ലാതെയുള്ള മറ്റു ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് ഏതെങ്കിലും നിയമത്തില്‍ പ്രത്യേകം പരാമര്‍ശമുള്ള സംഗതികള്‍ എന്നീ സാഹചര്യങ്ങളില്‍ കുറിപ്പു ഫയല്‍ മലയാളത്തിലായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി കത്തിടപാടുകള്‍ക്ക് ഇംഗ്ലിഷ് ഉപയോഗിക്കാം. അങ്ങനെയല്ലാത്ത സാഹചര്യങ്ങളില്‍ എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മെയ് ഒന്ന് മുതല്‍ മലയാളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് എല്ലാ വകുപ്പു തലവന്‍മാരും ഓഫീസ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്നും ഭാഷാമാറ്റ നടപടികള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനം ചെയ്യണമെന്നും ഈ നടപടികളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.