സ്‌ട്രോക്ക് ബാധിച്ചവര്‍ ഉടനേ വിളിക്കൂ 9946332963 ഈ നമ്പരിലേക്ക്

0

തലച്ചോറിന്റെ അറ്റാക്കായ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്സാ സൗകര്യമൊരുക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തിലെ സ്‌ട്രോക്ക് സെന്റര്‍. സ്‌ട്രോക്ക് വന്നതായി സംശയമുണ്ടെങ്കില്‍ ഒട്ടും സമയം വൈകാതെ സ്‌ട്രോക്ക് സെന്ററിന്റെ ഹൈല്‍പ് ലൈനായ 9946332963 എന്ന നമ്പരിലേക്ക് വിളിക്കുക. ഉടനടി രോഗിക്ക് നല്‍കേണ്ട പരിചരണവും മരുന്നും എല്ലാം ഡോക്ടര്‍ പറഞ്ഞുതരും. യാത്രാമധ്യേ ഇടയ്ക്കിടയ്ക്ക് വിളിക്കുയും വേണം. ഓരോ തവണയും ഡോക്ടര്‍ വിദഗ്‌ധോപദേശം നല്‍കിക്കൊണ്ടിരിക്കും. മാത്രവുമല്ല രോഗി എത്തുന്നതിന് മുമ്പേതന്നെ രോഗിക്കാവശ്യമായ സി.ടി. സികാന്‍, മരുന്നുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ സജ്ജീകരണങ്ങളുമൊരുക്കി ആ ഡോക്ടര്‍ അത്യാഹിത വിഭാഗത്തില്‍ കാത്തു നില്‍ക്കും. 

തലച്ചോറിലെ രക്തക്കുഴലിന്റെ തകരാറുകൊണ്ട് പെട്ടന്നുണ്ടാകുന്ന പ്രശ്‌നമാണ് സ്‌ട്രോക്ക്. അനിയന്ത്രിതമായ രക്ത സമ്മര്‍ദ്ധം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവകൊണ്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. രക്ത സമ്മര്‍ദത്തിന് മരുന്നു കഴിക്കുന്നവര്‍ പെട്ടന്ന് മരുന്ന് നിര്‍ത്തിയാലും സ്‌ട്രോക്ക് വരാം. 45 വയസ് കഴിഞ്ഞവര്‍ ഇവയ്ക്കുള്ള പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്.

വ്യായാമം, ആഹാര നിയന്ത്രണം, മരുന്നുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെ ഇവ നിയന്ത്രിക്കുകയും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുകയും വേണം. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും, ചിലപ്പോള്‍ മരണം തന്നെയും.

സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. അതിനാല്‍ മറ്റ് ആശുപത്രികളില്‍ പോയി സമയംകളയാതെ സ്‌ട്രോക്ക് സെന്ററുകളില്‍ മാത്രം പോകുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍, മെഡിക്കല്‍ ന്യൂറോ, ന്യൂറോ സര്‍ജറി, ന്യൂറോ ഐ.സി.യു. എന്നീ സൗകര്യമുള്ളവയാണ് സ്‌ട്രോക്ക് സെന്ററുകള്‍. ഇത്തരത്തില്‍ എല്ലാ സൗകര്യവുമുള്ളതാണ് മെഡിക്കല്‍ കോളേജിലെ സ്‌ട്രോക്ക് സെന്റര്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുസജ്ജമായ ഒരു മെഡിക്കല്‍ സംഘമാണ് ഈ സ്‌ട്രോക്ക് സെന്ററിലുള്ളത്.