റിയര്‍ എന്‍ജിന്‍ ഓട്ടോകളുമായി കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ്‌

റിയര്‍ എന്‍ജിന്‍ ഓട്ടോകളുമായി കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ്‌

Tuesday March 01, 2016,

2 min Read

 പൊതുമേഖലാ സ്ഥാപനമായ കേരള ആട്ടോ മൊബൈല്‍സ് ലിമിറ്റഡ് ഓട്ടോ മൊബൈല്‍ വിപണന രംഗത്തെ പ്രമുഖ ഗ്രൂപ്പായ ഹെര്‍ക്കുലീസ് ഓട്ടോയുമായി കൈകോര്‍ക്കുന്നു. റിയര്‍ എഞ്ചിന്‍ ഓട്ടോറിക്ഷകളുടെ കേരളത്തിലെ വിപണനത്തിനാണ് ഇവര്‍ ധാരണാ പത്രം ഒപ്പു വെച്ചിരിക്കുന്നത് ഇതനുസരിച്ച് കേരളത്തിലെ എല്ലാ താലൂക്കുകളിലും കെ എ എല്‍ ത്രീ വീലറുകളുടെ വിപണന കേന്ദ്രങ്ങളും സുസജ്ജമായ സര്‍വീസ് സെന്ററുകളും പ്രവര്‍ത്തനം ആരംഭിക്കും.

മുന്‍ കാലങ്ങളില്‍ ത്രീ വീലര്‍ വിപണന രംഗത്ത് കേരളത്തില്‍ സജീവമായിരുന്ന കെ എ എല്‍ ഇടക്കാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ വിപണി തിരിച്ച് പിടിക്കുന്നതിനായാണ് ഇപ്പോള്‍ ഹെര്‍ക്കുലീസ് ഓട്ടോസുമായി ധാരണാപത്രം ഒപ്പിട്ടിട്ടുള്ളത്.

കെ എ എല്‍ വീ ഗോ, റിയര്‍ എഞ്ചിന്‍ പാസഞ്ചര്‍ ഓട്ടോ, കെ എ എല്‍ വി ഗോ കാര്‍ഗോ, കാര്‍ഗോ കിംഗ്, കെ എ എല്‍ വി ഗോ ഡെലിവറി വാന്‍, കെ എ എല്‍ വി ഗോ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ എന്നീ വ്യത്യസ്ത മോഡലുകളാണ് വിപണനത്തിന് തയ്യാറായിട്ടുള്ളത്.

image


കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ് ടെക്‌നോളജി പാര്‍ട്ട്ണര്‍ ആയ കോണ്‍ടിനെന്റല്‍ എന്‍ജിന്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് പ്രവര്‍ത്തന ക്ഷമതയും സാങ്കേതിക മികവുമുള്ള ത്രീ വീലറുകള്‍ ഇതിനകം ഉത്തരേന്ത്യന്‍ വിപണിയിലിറക്കി ഉപഭോക്താക്കളുടെ പ്രശംസ നേടുകയും കേരളത്തില്‍ കെ എ എല്‍ റിയര്‍ എന്‍ജിന്‍ ഓട്ടോകളുടെ സാധ്യതാ പഠനം നടത്തുകയും ചെയ്തിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള സമാന ഉത്പന്നങ്ങളില്‍ കണ്ട് വരുന്ന പല ന്യൂനതകളും പരിഹരിച്ചാണ് കെ എ എല്‍ ഓട്ടോറിക്ഷകള്‍ വിപണിയിലെത്തിക്കുന്നത്.

സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ ആറാലുമൂട് പ്രവര്‍ത്തിക്കുന്ന കേരള ഓട്ടോ മൊബൈല്‍ ലിമിറ്റഡ് സംസ്ഥാന പൊതുമേഖലയിലെ ഏക ഓട്ടോമോട്ടീവ് സ്ഥാപനമാണ്. ഇന്ത്യയില്‍ ആദ്യമായി ഡീസല്‍ എന്‍ജിന്‍ ത്രീവീലറുകള്‍ മാര്‍ക്കറ്റിലെത്തിക്കുകയും സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനുമായി ചേര്‍ന്ന് ഭിന്ന ശേഷിക്കാര്‍ക്കായി സൈഡ് വീല്‍ ഫിറ്റ് ചെയ്ത സ്‌കൂട്ടറുകളും വിതരണം ചെയ്യുന്നതും ഇവരാണ്. ത്രീ വീലര്‍ ഉത്പാദനം ആരംഭിച്ച കെ എ എല്‍ 1998ല്‍ ഇന്ത്യയില്‍ ആദ്യമായി ഡീസല്‍ എന്‍ജിന്‍ ത്രീ വീലറുകള്‍ മാര്‍ക്കറ്റിലെതത്തിച്ച് ശ്രദ്ധ നേടി. കെ എ എല്‍ ഉത്പന്നങ്ങള്‍ നിരവധി വിദേശ രാജ്യങ്ങളില്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്.

image


ത്രീ വീലര്‍ ഉത്പാദനത്തിന് പുറമെ എപ്പോള്‍ വി എസ് എസ് സിക്കുവേണ്ടി സാങ്കേതിക മികവുള്ള അതിസൂഷ്മമായ കമ്പോണന്റുകള്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്. കെ എ എല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കേരള കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍, നാഷനല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച് 2015 മുതല്‍ ഒരു വര്‍ഷത്തെ ഓട്ടോ മൊബാല്‍ ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്. 2000ത്തോളം വിദ്യാര്‍ഥികളാണ് ഈ കോഴ്‌സില്‍ പരിശീലനം നേടിവരുന്നത്.

image


വിദേശത്തും സ്വദേശത്തും വ്യവസായ വാണിജ്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഹെര്‍ക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഓട്ടോ മൊബൈല്‍ വിഭാഗമായ ഹെര്‍ക്കുലീസ് ഓട്ടോസ് കേരളത്തില്‍ വാഹന വിപണന രംഗത്തും വില്‍പ്പനാനന്തര സേവന രംഗത്തും ഇതിനകം ഉപഭോക്താക്കളുടെ പ്രശംസനേടി ശ്രദ്ധേയരായിട്ടുണ്ട്.

    Share on
    close