നികുതി ഇളവുകള്‍ക്ക് സ്വാഗതം; കൂടുതല്‍ നടപടികള്‍ പ്രതീക്ഷിച്ച് സ്റ്റാര്‍ട്ട് അപ്പ് ലോകം

0


ഇത്തവണത്തെ ബജറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി ഇളവുകള്‍ സ്വാഗതം ചെയ്യുന്നതായും കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും സ്റ്റാര്‍ട്ട് അപ്പുകള്‍ അഭിപ്രായപ്പെടുന്നു. പട്ടികയില്‍ ഉള്‍പ്പെടുന്ന കമ്പനികളില്‍ നിന്നുള്ള ലാഭവിഹിതവും ഉള്‍പ്പെടാത്ത കമ്പനികളിലെ ലാഭവിഹിതവും തുല്ല്യമാക്കിയിരുന്നെങ്കില്‍ നിക്ഷേപകര്‍ക്ക് നേട്ടമായി മാറുമായിരുന്നു. ഇതൊക്കെയാണെങ്കിലും സ്റ്റാര്‍ട്ട് അപ്പുകളെ 3 വര്‍ഷത്തേക്ക് നികുതിയില്‍ നിന്ന് ഒഴിവാക്കിയത് ആശ്വാസകരമാണെന്ന് അവര്‍ പറയുന്നു. ഇത് പുതിയ സംരംഭങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ്. ഇതുവഴി അവര്‍ക്ക് ഉല്‍പ്പന്ന വികസനത്തിനും ബിസിനസ്സിന്റെ വളര്‍ച്ചയ്ക്കും കൂടുതല്‍ തുക മാറ്റിവയ്ക്കാന്‍ സാധിക്കും.

'ഈ ബഡ്ജറ്റില്‍ കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍ ഉണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. 3 വര്‍ഷത്തെ നികുതിയിളവ് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മാറ്റ് നിലനിര്‍ത്തിയതുകൊണ്ട് ഇതിന്റെ പ്രയോജനം കൂടുതലായി ഞങ്ങള്‍ക്ക് ലഭിക്കില്ല,' നാസ്സ്‌ക്കോം പ്രോഡക്റ്റ് കൗണ്‍സില്‍ ചെയര്‍മാനായ രവി ഗുരുരാജ് പറയുന്നു.

'ചരക്കുസേവന നികുതി പോലുള്ള കാര്യങ്ങളില്‍ ബഡ്ജറ്റില്‍ മൗനം പാലിക്കുകയാണ്. എന്നാല്‍ ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുന്നു. ഇത്തരം നടപടികള്‍ക്കായി ഇനിയും കാത്തിരിക്കേണ്ടി വരും,' ട്രാവല്‍ഖാനയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ പുഷ്പീന്ദര്‍ സിംഗ് പറയുന്നു. ഒറ്റ ദിവസം കൊണ്ടു തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന നടപടിയെ ജൂവലറി ഉടമയായ വിശ്വാസ് ശ്രിംഗി സ്വാഗതം ചെയ്തു. എന്നാല്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ആഭരണങ്ങള്‍ക്ക് 1 ശതമാനം എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തിയതില്‍ അദ്ദേഹത്തിന് നിരാശയുണ്ട്.

ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കിന്റെ സഹസ്ഥാപകനായ സൗരഭ് ശ്രീവാസ്തവയുടെ അഭിപ്രായത്തില്‍ ലിസ്റ്റഡ് കമ്പനികള്‍ക്കും അണ്‍ലിസ്റ്റഡ് കമ്പനികള്‍ക്കും തുല്ല്യമായ നികുതി വ്യവസ്ഥ ഏര്‍പ്പെടുത്തേണ്ടതായിരുന്നു. സെബിയില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ക്കെങ്കിലും ഈ ഇളവ് നല്‍കാമായിരുന്നു. 'വിദേശ ഫണ്ടുകളും സ്വദേശ ഫണ്ടുകളും തമ്മിലുള്ള വേര്‍തിരിവ് ഇതുവഴി ഇല്ലാതാകും. എന്തായാലും മൗറീഷ്യസ് അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സ് നല്‍കേണ്ടതില്ല,' അദ്ദേഹം പറയുന്നു.

തദ്ദേശീയ ഗവേഷണങ്ങള്‍ക്കും വികസനത്തിനുമായി പേറ്റന്റില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി കമ്പനികള്‍ക്ക് കൂടുതല്‍ പേറ്റന്റിന് അപേക്ഷിക്കാന്‍ സാധിക്കുമെന്നും, നികുതി വ്യവസ്ഥ കുറച്ചുകൂടി ലളിതമാക്കാമായിരുന്നു എന്നും ഐസ്പിരിറ്റ് ഫൗണ്ടേഷന്‍ അഭിപ്രായപ്പെട്ടു. 'സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കാത്തതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്. ഓണ്‍ലൈന്‍ ഡൗണ്‍ലോഡുകള്‍ക്കുള്ള ചരക്കുസേവന നികുതി, സോഫ്റ്റ്‌വെയര്‍ ഉത്പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ടി.ഡി.എസ്, ബി ടു സി ഉത്പ്പന്നങ്ങള്‍ നികുതി കൂടാതെ വില്‍ക്കുന്ന വിദേശ കമ്പനികള്‍ എന്നിവയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ ഇനിയും നിലനില്‍ക്കുന്നു,' ഐസ്പിരിറ്റിന്റെ ശാരദ് ശര്‍മ്മ പറയുന്നു.

സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ ഭാഗമായി പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള സംരംഭകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്ന പദ്ധതിയെ വെന്‍ച്വര്‍ കാറ്റലിസ്റ്റിന്റെ സഹസ്ഥാപകനായ അപൂര്‍വ്വ് രഞ്ചന്‍ ശര്‍മ്മ അനുകൂലിക്കുന്നു. 'എയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റിനെ പ്രോത്സാഹിപ്പിക്കാനായി കുറച്ചുകൂടി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വരാമായിരുന്നു. കൂടാതെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഒറ്റ ദിവസം കൊണ്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത് നല്ല കാര്യമാണ്,' അദ്ദേഹം പറയുന്നു. 'സ്മാര്‍ട്ട് സിറ്റിയുടെ രൂപീകരണം മന്ദഗതിയിലാണെങ്കിലും അടിസ്ഥാന വികസനത്തിന്റെ ആദ്യ ചവിട്ടുപടിയാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ അടിസ്ഥാനം നൈപുണ്യവികസനമാണെന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവന പ്രതീക്ഷയുണര്‍ത്തുന്നു,' കാര്‍സണ്‍ റെന്റിന്റെ സി.ഇ.ഒയും എം.ഡിയുമായ രാജീവ വിജ് പറയുന്നു.