ക്വാറികളുടെ ദൂരപരിധി കുറച്ചു; ഇളവു നല്‍കി നിയമം പരിഷ്‌ക്കരിച്ചു

0

ക്വാറികളുടെ ദൂരപരിധിക്ക് ഇളവ് നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ക്വാറി നിയമം പരിഷ്‌ക്കരിച്ചു. ജനവാസ മേഖലയിലുള്ള ക്വാറികളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ പെര്‍മിറ്റുകളുടെ കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തു. 

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ക്വാറി ഉടമകളുമായി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ടു തന്നെ വിപുലമായ രണ്ട് യോഗങ്ങള്‍ വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖനന നിയമങ്ങള്‍ പരിഷ്‌ക്കരിച്ച് ഉത്തരവിറക്കിയത്. ജനവാസ മേഖലയില്‍ നൂറ് മീറ്റര്‍ പരിധി പാലിക്കണം എന്നായിരുന്നു നേരത്തെയുള്ള നിയമം. ഇതാണിപ്പോള്‍ 50 മീറ്റര്‍ എന്ന് നിജപ്പെടുത്തിയിരിക്കുന്നത്. നേരത്തേ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുണ്ടായിരുന്ന പെര്‍മിറ്റാണ് ഇപ്പോള്‍ അഞ്ചു വര്‍ഷമാക്കി നിശ്ചയിച്ചത്. റോഡ്, തോട്, നദികള്‍ വീടുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ നിന്നും ക്വാറിയിലേക്കുള്ള ദൂരം 50 മീറ്റര്‍ ആയിരുന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 100 മീറ്റര്‍ ആയി ഉയര്‍ത്തുകയും തന്മൂലം കേരളത്തിലെ രണ്ടായിരത്തിലധികം ചെറുകിട ക്വാറികള്‍ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടതായ സാഹചര്യവും ഉണ്ടായിരുന്നു.

സംസ്ഥാനത്തിന് ആവശ്യമുള്ള നിര്‍മ്മാണ സാധനങ്ങളുടെ ഭൂരിഭാഗവും ചെറുകിട ക്വാറികളില്‍ നിന്നാണ് ലഭ്യമായിരുന്നത്. ചെറുകിട ക്വാറികളില്‍ നിന്നുള്ള ഉല്‍പാദനം നിലച്ചതോടെ നിര്‍മ്മാണ സാധനങ്ങളുടെ വില അമിതമായി വര്‍ധിച്ചു എന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വ്യവസായ വകുപ്പ് ഇതേപ്പറ്റി പരിശോധന നടത്തി ചട്ടം ഭേദഗതി ചെയ്തത്. ചെറുകിട ധാതുക്കളുടെ നിയന്ത്രണവും വികസനവും സംബന്ധിച്ച 2015 ലെ കേരളാ മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചതായി വ്യവസായ കായിക വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി.