ആദിവാസികളുടെ ഉന്നമനം ലക്ഷ്യമിട്ട് വികാഷും വട് വൃക്ഷ്യയും

0

ഒരു സിനിമാക്കഥ പോലെയാണ് വികാഷ് ദാസിന്റെ ജീവിതം. ജനിച്ചത് ഒരു യാഥാസ്ഥിതിക സമ്പന്ന കുടുംബത്തില്‍. ഉന്നത വിദ്യാഭ്യാസവും നേടി. എന്നാല്‍ എല്ലാം വിട്ടെറിഞ്ഞ് വികാഷ് ജീവിക്കാന്‍ തീരുമാനിച്ചത് ആദിവാസികള്‍ക്കൊപ്പം. വികാഷിന് മാനസിക പ്രശ്‌നമാണോയെന്ന് പോലും ബന്ധുക്കളും സുഹൃത്തുക്കളും ചോദിച്ചു. എന്നാല്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ആദിവാസികളെ ക്രമേണ കൈപിടിച്ചുയര്‍ത്തുന്ന വികാഷിനെ നോക്കി ചുറ്റുമുള്ളവര്‍ ഇന്ന് അതിശയം കൂറുന്നു.

സിനിമയെ വെല്ലുന്ന ത്രില്ലര്‍ അനുഭവങ്ങളാണ് വികാഷിന്റെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത്. ഒഡിഷയിലെ ആദിവാസികളുടെ സാമൂഹിക ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ വട് വൃക്ഷ്യയുടെ സ്ഥാപകനാണ് വികാഷ്. ആദിവാസി മേഖലയിലെ 368 കുടുംബങ്ങളെയാണ് ഇന്ന് വട് വൃക്ഷ്യ സംരക്ഷിക്കുന്നത്. കുട്ടിക്കാലത്ത് തന്റെ മനസിലുണ്ടായ ചില മുറിവുകളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് വികാഷ് ഇന്നത്തെ നിലയിലെത്തിയത്. ആദിവാസികളോടും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാരോടുമുള്ള അവഗണന ഒരു മുന്നോക്കക്കാരനെന്ന നിലയില്‍ തന്റെ കുടുംബത്തില്‍നിന്ന് തന്നെ വികാഷ് നേരിട്ട് മനസിലാക്കിയിട്ടുണ്ട്.

വികാഷിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 'വസുദൈവ കുടുംബകം എന്ന ആശയം പിന്തുടരുന്ന ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. താഴ്ന്ന വിഭാഗങ്ങളിലുള്ളവരോട് അടുക്കുന്നതിന് വീട്ടില്‍നിന്നും എതിര്‍പ്പുണ്ടായിരുന്നു. ഇവരുമായി സഹകരിക്കരുതെന്ന് വീട്ടില്‍നിന്ന് നിര്‍ദേശിച്ചിരുന്നു. കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ ഒരിക്കല്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയപ്പോഴുണ്ടായ അനുഭവം മറക്കാനാകുന്നതല്ല. ഞാന്‍ ചെന്ന സമയം സമയം അവിടെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീ അവരുടെ ചെറുമകനുമായി ക്ഷേത്രദര്‍ശനത്തിന് എത്തി. എന്നാല്‍ അവര്‍ ആദിവാസികളായതിന്റെ പേരില്‍ ക്ഷേത്രത്തില്‍ കയറിയാല്‍ അശുദ്ധിയാകുമെന്ന് പറഞ്ഞ് അവിടെയുണ്ടായിരുന്നവര്‍ അവരെ ഓടിക്കുകയായിരുന്നു.'

നൂറ് നൂറ് ചോദ്യങ്ങള്‍ ആസമയം വികാഷിന്റെ മനസില്‍ ഉയര്‍ന്നെങ്കിലും കുട്ടിയായതിനാല്‍ എല്ലാം നോക്കി കാണുകയല്ലാതെ ഒന്നും ചെയ്യാന്‍ ആകുമായിരുന്നില്ല. വളര്‍ന്നശേഷം സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി പൂര്‍ത്തിയാക്കിയ വികാഷ് ഐ ബി എം കമ്പനിയില്‍ ഐ ടി കണ്‍സള്‍ട്ടന്റായി ചേര്‍ന്നു. അപ്പോഴും ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നത് മാത്രമായിരുന്നു ചിന്ത. 2013ല്‍ വികാഷ് ജോലി ഉപേക്ഷിച്ച് ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനിറങ്ങി. ആദ്യഘട്ടത്തില്‍ അവരുടെ ജീവിത രീതി മനസിലാക്കിയെടുക്കുകയാണ് ചെയ്തത്. അവരുടെ ജീവിത നിലവാരം ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു ലക്ഷ്യം.

കുട്ടിക്കാലത്ത് ആദിവാസികളുമായി സമ്പര്‍ക്കത്തില്‍ വളര്‍ന്നിരുന്നെങ്കില്‍ ഒരിക്കലും അവരുടെ ജീവിതരീതിയും ആവശ്യങ്ങളും മനസിലാക്കാന്‍ പ്രത്യേക പഠനങ്ങള്‍ ആവശ്യമായി വരില്ലായിരുന്നെന്ന് വികാഷ് ഓര്‍മിക്കുന്നു. എന്നാല്‍ അവരുമായി ബന്ധപ്പെടാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നില്ല. പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ രണ്ട് മാസം ആദിവാസികള്‍ക്കൊപ്പം അവരിലൊരൊളായി താമസിക്കാന്‍ വികാഷ് തീരുമാനിക്കുകയായിരുന്നു. ജീവിതത്തില്‍ അന്ന് ആദ്യമായാണ് വിശപ്പ് എന്തെന്നും വിശപ്പിന്റെ വില എന്തെന്നും മനസിലാക്കിയതെന്ന് വികാഷ് പറയുന്നു.

ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഒരു പുസ്തകം തന്നെ എഴുതാവുന്നത്ര പ്രശ്‌നങ്ങളുണ്ട് അവര്‍ക്ക്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍, തൊഴിലില്ലായ്മ, സ്വന്തമായി ഭൂമിയില്ലാത്തത്, നിരക്ഷരത, പോഷകാഹാരക്കുറവ്, ആരോഗ്യ പ്രശ്‌നങ്ങള്‍, ശുചീകരണം, ലാഭകരമല്ലാത്ത കാര്‍ഷികവൃത്തി, ഇടനിലക്കാരുടെ ചൂഷണം, വ്യാപാരികളുടെയും പണം കടം കൊടുക്കുന്നവരുടെയും ചൂഷണം ഇതെല്ലാമാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍.

ആദിവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു വരുമാന മാര്‍ഗം നേടിക്കൊടുക്കുക എന്നതാണ് വട് വൃക്ഷ്യ ആദ്യം ചെയ്തത്. ആദ്യഘട്ടമായി സംഘടന തന്നെ ഇവര്‍ക്ക് 2000 രൂപ വീതം നല്‍കി. വീടുകളിലിരുന്ന് തന്നെ വരുമാനം ഉണ്ടാക്കാവുന്ന തരത്തില്‍ ചെറുകിട ബിസിനസുകള്‍ക്കായാണ് എല്ലാവരും പണം ഉപയോഗിച്ചത്. കരകൗശല വസ്തുക്കളുടെ നിര്‍മാണം, അച്ചാറുകള്‍, ലഘുഭക്ഷണങ്ങള്‍, പച്ചമരുന്നുകള്‍, കിഴങ്ങുകളും പച്ചിലകളും എന്നിവയെല്ലാം ഇവരെക്കൊണ്ട് തയ്യാറാക്കി വിപണനത്തിന് വഴിയൊരുക്കി. ക്രമേണ ഓരോ സ്ത്രീകളും തങ്ങളുടെ കയ്യിലുള്ളതിന്റെ മൂന്ന് നാല് മടങ്ങ് തുക സമ്പാദിക്കുന്നതാണ് കണ്ടത്.

കാര്‍ഷിക മേഖലയായിരുന്നു വട് വൃക്ഷ്യയുടെ അടുത്ത ലക്ഷ്യം. ഏതെങ്കിലും ഒരു കാര്‍ഷിക വിഷവെടുപ്പ് പരാജയപ്പെട്ടാല്‍ മറ്റ് വരുമാന മാര്‍ഗങ്ങളില്ലാത്തതിനാല്‍ ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. ഇതൊഴിവാക്കാന്‍ കൃഷി വിദഗ്ധരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. ഏതെങ്കിലും ഒരു വിള പരാജയപ്പെട്ടാല്‍ മറ്റൊരു കൃഷിയിറക്കി നഷ്ടം പരിഹരിക്കുന്നതിനെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കി.

സബ്‌സിഡികളുള്ള ലോണുകളെക്കുറിച്ച് ഇവരെ മനസിലാക്കിക്കുകയാണ് അടുത്തതായി ചെയ്തത്. ഇതിലൂടെ അവര്‍ക്ക് വീടുകളില്‍ കുമിള്‍ കൃഷി പോലുള്ളവ ചെയ്യാനായി. കുമിള്‍ കൃഷിക്ക് ചെലവ് വളരെ കുറവാണെന്ന് മാത്രമല്ല ഇതില്‍നിന്ന് വലിയ വരുമാനം നേടാനാകും. ഇങ്ങനെയുള്ള ചിലവ് കുറഞ്ഞ കൃഷികള്‍ അവരെ പരിചയപ്പെടുത്തി. വികാഷിന് ഏറ്റവും എടുത്തു പറയാനാകുന്ന നേട്ടം സ്‌കൂളുകളില്‍നിന്ന് ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറെ കുറഞ്ഞിട്ടുണ്ട് എന്നതാണ്. നേരത്തെ 95 ശതമാനം വരെ കുട്ടികള്‍ ഹാജരാകാതിരുന്നത് ഇപ്പോള്‍ 32 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്.

ബിസിനസുകളില്‍ നിന്നുള്ള ലാഭത്തിന്റെ പത്ത് ശതമാനം വട് വൃക്ഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് വികാഷ് പറയുന്നു. ആദിവാസികള്‍ക്കിടയില്‍നിന്ന് തന്നെയുള്ള 12 പ്രതിനിധികളാണ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്. ലഭിക്കുന്ന തുക വട് വൃക്ഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ആദിവാസി ക്ഷേമത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമെല്ലാം വേണ്ടിയാണ് ഉപയോഗിക്കുന്നത്

ആദിവാസി കുട്ടികളുടെ ആരോഗ്യം മനസിലാക്കാന്‍ കുട്ടികളുടെ ഭാരത്തിലുണ്ടാകുന്ന വ്യത്യാസം എല്ലാ മാസവും പരിശോധിക്കും. മാത്രമല്ല സ്‌കൂളില്‍നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, കുടുംബ വരുമാനത്തിലുണ്ടാകുന്ന വ്യത്യാസം, കാര്‍ഷിക ഉല്‍പാദനം എന്നിവയെ സംബന്ധിച്ചെല്ലാം എല്ലാ മാസവും കണക്കെടുക്കും. ഇതെല്ലാം വെച്ചാണ് അടുത്തമാസത്തേക്കുള്ള ടാര്‍ജറ്റ് തയ്യാറാക്കുക. ആദിവാസികളുടെ ജീവിതരീതിയും ഭാഷയും സംസ്‌കാരവുമെല്ലാം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും സംഘടന നടത്തുന്നുണ്ട്.

തന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ ഉണ്ടായ വെല്ലുവിളികളെല്ലാം തനിക്കുള്ള മികച്ച അവസരങ്ങളായാണ് വികാഷ് കാണുന്നത്. താന്‍ ജോലി നിര്‍ത്തി ആദിവാസികളോടൊത്ത് ജീവിക്കാനാരംഭിച്ചപ്പോള്‍ തനിക്ക് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടോ എന്നായിരുന്നു ബന്ധുക്കളുടെയും സുഹൃത്തുക്കളശുടെയും സംശയം. ക്രമേണ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ആശയം ബോധ്യപ്പെട്ടപ്പോള്‍ അവര്‍ക്ക് അത്ഭുതമായിരുന്നു. അതുപോലെ പുറത്തുനിന്ന് ഒരാള്‍ തങ്ങള്‍ക്കിടയിലേക്ക് താമസിക്കാന്‍ വന്നത് ആദിവാസികള്‍ സംശയത്തോടെയായിരുന്നു നോക്കി കണ്ടത്. തന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാനും ആദ്യം അവര്‍ക്ക് സംശയമായിരുന്നു. ഇപ്പോള്‍ തന്നെ ഒരു കുടുംബാംഗത്തെ പോലെയാണ് അവരെല്ലാം കാണുന്നതെന്ന് വികാഷ് പറയുന്നു.

വട് വ്യക്ഷ്യയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികത്തെക്കുറിച്ച് വികാഷിന് തീരെ ആശങ്കയില്ല. ജോലി ചെയത്ാല്‍ അതിനനുസരിച്ചുള്ള പ്രതിഫലം തീര്‍ച്ചയായും ലഭിക്കും. അങ്ങനെയാണ് ഇത്രയും നാള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയത്. ഇനിയും ഏറെക്കാലം അത് തുടരും. നാഗരിക സംസ്‌കാരം കൊണ്ടുവരുന്നതും ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതും മാത്രമല്ല വികസനം. ആദിവാസികളുടെ പരിസ്ഥിതിയും ജീവിതരീതിയും സംരക്ഷിക്കപ്പെട്ടുകൊണ്ടായിരിക്കണം അവരുടെ ഉന്നമനത്തിന് ശ്രമിക്കേണ്ടതെന്നും വികാഷ് കൂട്ടിച്ചേര്‍ക്കുന്നു.