കേരളത്തിലെ കുടുംബശ്രീ കാണാന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍

0

കേരളത്തിലെ കുടുംബശ്രീയുടെ മഹത്വം നേരില്‍ക്കണ്ട് മനസിലാക്കാന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളെത്തി. സാമൂഹ്യസാമ്പത്തികസ്ത്രീശാക്തീകരണ മേഖലയില്‍ കുടുംബശ്രീ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പഠിക്കാനാണ് അമേരിക്കന്‍ വിദ്യാര്‍ഥി സംഘം എത്തിയത്. അമേരിക്കയിലെ ലോവ സര്‍വകലാശാലയില്‍ അര്‍ബന്‍ പ്ലാനിംഗില്‍ മാസ്റ്റേഴ്‌സ് വിദ്യാര്‍ഥികളായ പത്തംഗ സംഘമാണ് കുടുംബശ്രീയിലെത്തിയത്.

ലോവ സര്‍വകലാശാലയിലെ ഹൗസിംഗ് പോളിസി പ്രോഗ്രാം ഡയറക്ടര്‍ ഡോ. ജെറി ആന്റണിയുടെ നേതൃത്വത്തില്‍ 201516ലെ ഇന്‍ഡ്യാ വിന്ററിം പ്രോഗ്രാമിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളുടെ കുടുംബശ്രീ സന്ദര്‍ശനം. ലോകോത്തര മാതൃകയായി മാറിയ കുടുംബശ്രീയുടെ വിജയഗാഥ അറിഞ്ഞതോടെയാണ് അതിനെക്കുറിച്ച് കൂടുതലറിയാന്‍ ആകാംക്ഷ ഉണ്ടായത്. സാമൂഹ്യ വികസനം, ഉപജീവനം, സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക സുരക്ഷ, സ്ത്രീശാക്തീകരണം എന്നീ മേഖലകളില്‍ കുടുംബശ്രീ നടപ്പാക്കി വരുന്ന വിവിധ പദ്ധതികള്‍, കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുളള സംയോജിത പ്രവര്‍ത്തനം എന്നിവയെ കുറിച്ച് വിദ്യാര്‍ഥികള്‍ വിശദമായി ചോദിച്ചു മനസിലാക്കി.

തുടര്‍ന്ന് വെങ്ങാനൂരിലെ പയനിയര്‍ പേപ്പര്‍ ബാഗ് നിര്‍മാണ യൂനിറ്റ്, കോട്ടുകാല്‍ പഞ്ചായത്തിലെ സംഘക്കൃഷി ഗ്രൂപ്പ്, അയല്‍ക്കൂട്ടങ്ങള്‍, സൂക്ഷ്മസംരംഭ യൂനിറ്റുകള്‍ എന്നിവ സന്ദര്‍ശിച്ച സംഘം യൂനിറ്റ് അംഗങ്ങളോട് പ്രവര്‍ത്തനരീതികളും ചോദിച്ചറിഞ്ഞു. കോട്ടുകാല്‍ പഞ്ചായത്ത് അധികൃതരുമായും വിദ്യാര്‍ഥികള്‍ സംസാരിച്ചു.

സ്ത്രീകളെ സാമ്പത്തികമായും സാമൂഹ്യമായും ശാക്തീകരിക്കുന്നതിന് കുടുംബശ്രീ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ.എസ് സലിം, നഗര ഉപജീവന മിഷന്‍ സ്റ്റേറ്റ് മിഷന്‍ മാനേജര്‍ (സെല്‍ഫ് എംപ്ലോയ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) പ്രിയാ പോള്‍, കണ്‍സള്‍ട്ടന്റ് ജാസ്മി ബീഗം എന്നിവര്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. തിരുവനന്തപുരം ജില്ലാമിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ സുദര്‍ശനാണ് സംഘത്തെ അനുഗമിച്ചത്. സ്ത്രീശാക്തീകരണപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചെലവ് കുറഞ്ഞ ഭവന നിര്‍മാണരീതികളെ കുറിച്ചു പഠിക്കാന്‍ ലാറി ബേക്കര്‍ സെന്റര്‍ ഫോര്‍ ഹാബിറ്റാറ്റ് സ്റ്റഡീസും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു.