അശരണര്‍ക്ക് ആശ്വാസമായി വി-കെയര്‍ വെബ്‌പോര്‍ട്ടല്‍

0


വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും കിടപ്പിലായവര്‍ക്കും തീവ്ര മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും പരിചരണവുമായി വി കെയര്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. ഇത്തരക്കാരെ കെണ്ടത്തി അവര്‍ക്ക് ഭക്ഷണം, മരുന്ന്, പരിചരണം എന്നിവ ലഭ്യമാക്കാനാണ് സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി വി-കെയര്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ വെബ്‌സൈറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന സന്നദ്ധ സേവകരുടെ ശൃംഖലയാണ് വി-കെയര്‍ വോളന്റിയര്‍ കോര്‍പ്പ്. 2016-17 ബജറ്റില്‍ പ്രഖ്യാപിച്ച ‘കനിവ്’പദ്ധതിയുടെ നിര്‍വഹണത്തില്‍ പ്രധാന പങ്ക് വഹിക്കേണ്ടവരാണ് വി-കെയര്‍ വോളന്റിയര്‍മാര്‍. സര്‍ക്കാറിന്റെ സുരക്ഷാ പദ്ധതികളുടെ കരവലയത്തിന് പുറത്തുള്ള അര്‍ഹരായ വ്യക്തികള്‍ക്ക് സഹായമെത്തിക്കാന്‍ വി-കെയര്‍ വോളന്റിയര്‍ കോര്‍പ്പിന് കഴിയും. കരുതലിന്റെ കേരളത്തില്‍ നിന്ന് കനിവിന്റെ കേരളത്തിലേക്കുള്ള പ്രയാണത്തിലെ ആദ്യപടിയാണ് വി-കെയര്‍ വോളന്റിയര്‍ കോര്‍പ്പ്‌സ്ആരംഭിച്ചിരിക്കുന്നത്.

ആശുപത്രികള്‍, സാമൂഹ്യനീതിവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ എന്നിവയിലും വി-കെയര്‍വോളന്റിയര്‍ കോര്‍പ്പിന്റെ സേവനം ലഭ്യമാക്കും. സേവനദാതാവിനും സ്വീകര്‍ത്താവിനും സ്ഥാപനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം വെബ്‌സൈറ്റിലുണ്ട്. ഉന്നത ഉദ്യോഗസ്ഥ തലത്തിലും മന്ത്രിതലത്തിലും സേവനം അവലോകനം ചെയ്യാനും മേല്‍നോട്ടം വഹിക്കാനുമുള്ള സൗകര്യങ്ങളും വെബ്‌സൈറ്റിലുണ്ട്്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടുകൂടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയാണ് വി-കെയര്‍ പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. മിഷന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് പൊതുജനങ്ങള്‍ക്ക് സംഭാവന നല്‍കാനുള്ള സംവിധാനവും വെബ്‌സൈറ്റിലുണ്ട്്.

ഓരോ തദ്ദേശഭരണ സ്ഥാപന പ്രദേശത്തും സമൂഹത്തിന്റെ ശ്രദ്ധയും പരിചരണവും അര്‍ഹിക്കുന്ന ശാരീരിക–മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍, പ്രായാധിക്യഅവശതയാല്‍ ഒറ്റപ്പെട്ടുപോയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, മാനസിക രോഗത്താല്‍ ജീവിതം ദുരിതാവസ്ഥയില്‍ കഴിയുന്നവര്‍, വിവിധ ദുരന്തങ്ങളുടെ ഇരകള്‍, മദ്യം മൂലം മാരക രോഗത്തിന് അടിമപ്പെട്ടവര്‍ എന്നിങ്ങനെയുള്ള 750-1000 വ്യക്തികള്‍ എങ്കിലും ഉണ്ടാകാം. ഇവര്‍ക്ക് എല്ലാവര്‍ക്കും സാന്ത്വനമാവുകയും അവരുടേതായ ആവശ്യങ്ങള്‍ നിറവേറ്റുകയുമാണ് ലക്ഷ്യം.

ഓരോ പ്രദേശത്തും അവശതയനുഭവിക്കുന്നവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാക്കേണ്ട ചുമതല അധികൃതര്‍ക്കാണ്. ഇതിലൂടെ അശരണര്‍ക്ക് കൈത്താങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് സാമൂഹ്യ നീതി വകുപ്പ്.