വികസന ടൂറിസം പദ്ധതികള്‍ക്ക് 6.90 കോടി

0

തലസ്ഥാന നഗരം കൂടുതല്‍ മനോഹരമാക്കാന്‍ വിവിധ പദ്ധതികളുമായി ടൂറിസം വകുപ്പ്. കിഴക്കേക്കോട്ടയില്‍ ബസ് ഷെല്‍ട്ടര്‍, കനകക്കുന്നില്‍ അഡ്വഞ്ചറസ് പാര്‍ക്ക് എന്നിങ്ങനെ നിരവധി വിവിധ പദ്ധതികള്‍ക്കാണ് ടൂറിസം വകുപ്പ് തയ്യാറെടുക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള തീര്‍ത്ഥാടന ടൂറിസം പദ്ധതി വികസനത്തിന്റെ ഭാഗമായാണ് മോടിപിടിപ്പിക്കല്‍. കിഴക്കേക്കോട്ടയില്‍ ടൂറിസ്റ്റ് അറൈവല്‍ സെന്ററും, ബസ് ഷെല്‍ട്ടറും ഉള്‍പ്പെടെ രണ്ടുകോടി രൂപയുടെയും, തലസ്ഥാന നഗരിക്ക് രാജകീയ പ്രൗഢിയേകുന്ന കനകക്കുന്നില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് 50 ലക്ഷത്തിന്റെയും പദ്ധതികള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിവിധ ടൂറിസം പദ്ധതികള്‍ക്ക് 6.90 കോടി രൂപയുടെ ഭരണാനുമതി ടൂറിസം വകുപ്പ് നല്‍കിക്കഴിഞ്ഞു.

നിലമ്പൂര്‍ ടൂറിസം ഹബ്ബ് ഒന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട്‌കോടി രൂപയുടെ പദ്ധതിക്കും അനുമതി നല്കി. കണ്ണൂര്‍ പാലക്കയം തട്ടുടൂറിസം ട്രയാംഗിള്‍ പദ്ധതിക്ക് ഒരു കോടി, കൊല്ലം ആശ്രാമം പിക്‌നിക് വില്ലേജിലെ പൈതൃക മേഖലയില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാന്‍ 50 ലക്ഷം, പാലക്കാട്ടെ കല്‍പ്പാത്തി പൈതൃക ഗ്രാമവികസനത്തിനും കല്‍പ്പാത്തി പുഴയിലെ കടവ് നിര്‍മ്മാണത്തിനുമായി 50 ലക്ഷം, ചെന്തുരുണി പരിസ്ഥിതി ടൂറിസം പദ്ധതിയോടനുബന്ധിച്ച് ഏണിപ്പാറയില്‍ വാച്ച് ടവര്‍ നിര്‍മ്മാണത്തിന് 15 ലക്ഷം, വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട കോഫി ടേബിള്‍ ബുക്ക് പ്രസിദ്ധീകരണത്തിന് 25 ലക്ഷം എന്നിവയാണ് അനുമതി നല്കിയ മറ്റു ടൂറിസം പദ്ധതികള്‍.

കനകക്കുന്നില്‍ ലാന്‍ഡ്‌സ്‌കേപ്പിംഗ്, ട്രക്കിംഗ് സംവിധാനം എന്നിവയാണ് പ്രധാന പദ്ധതികള്‍. സമീപത്തെ മൃഗശാലയിലെ അന്തേവാസികളായ ജീവികള്‍ക്ക് അലോസരം സൃഷ്ടിക്കാത്ത വിധത്തിലാവണം പദ്ധതി നിര്‍വഹിക്കേണ്ടതെന്ന വ്യവസ്ഥയിലാണ് അനുമതി നല്കിയിട്ടുള്ളത്. പത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് തീര്‍ത്ഥാടന ടൂറിസം വികസനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിയിലുള്‍പ്പെടുത്തിയാണ് കിഴക്കേക്കോട്ടയില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കുന്നത്. നിലമ്പൂര്‍ ടൂറിസം ഹബ്ബിന്റെ വികസനത്തിന് പുനര്‍ അനുമതിയാണ് നല്‍കിയിട്ടുള്ളത്.