ഉത്തര മലബാറില്‍ പുതിയ നദീതീര ടൂറിസം പദ്ധതി  

0

ഉത്തര മലബാറിലെ നദികള്‍ കേന്ദ്രീകരിച്ച് പുതിയ വിനോദസഞ്ചാര പദ്ധതിക്ക് ടൂറിസം വകുപ്പ് രൂപം നല്‍കി. ഉത്തരമലബാറിലെ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ കൂടി ഒഴുകുന്ന വളപ്പട്ടണം പുഴ, മയ്യഴിപ്പുഴ, അഞ്ചരക്കണ്ടി, പെരുമ്പ, കൗവ്വായി, തേജസ്വിനി, ചന്ദ്രഗിരി, കുപ്പം എന്നീ നദികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉത്തരമലബാറിന്റെ പാരമ്പര്യകലകള്‍, തനതായ ഭക്ഷണം, പരമ്പരാഗത തൊഴിലുകള്‍, കൃഷി രീതികള്‍, കരകൗശല പാരമ്പര്യം, പ്രകൃതി ഭംഗി, ആയോധനകലകള്‍ ഇവയൊക്കെ വിനോദ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് ലക്ഷ്യം. 

പദ്ധതിയിലുളള എട്ട് നദികളും എട്ട് തീമുകളുടെ അടിസ്ഥാനത്തില്‍ വികസിപ്പിക്കും. കണ്ണൂരിലെ നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ബേക്കല്‍ വരെ നീളുന്ന ഏകദേശം 200 കി.മീ നദീതീരം പദ്ധതിയുടെ ഭാഗമായി വരും. ഉത്തര മലബാറിലെ ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിലും പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഒരു വലിയ കുതിച്ചു ചാട്ടം തന്നെ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ പി.കെ. ശ്രീമതി എം.പി, എം.എല്‍.എമാരായ ജെയിംസ്മാത്യു, സി.കൃഷ്ണന്‍, എം.രാജഗോപാലന്‍, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ:വേണു വി, ടൂറിസം ഡയറക്ടര്‍ യു.വി.ജോസ്, അഡീ. ഡയറക്ടര്‍ കെ ബാലമുരളി, കണ്ണൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി സംബന്ധിച്ച രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു. അടുത്ത മാസം ഇത് സംബന്ധിച്ച് വിപുലമായ യോഗം കണ്ണൂരില്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു