സിറ്റി ബസുകളില്‍ ഇനി ഹൈടെക് യാത്രയുടെ നാളുകള്‍

സിറ്റി ബസുകളില്‍ ഇനി ഹൈടെക് യാത്രയുടെ നാളുകള്‍

Saturday March 26, 2016,

2 min Read


സിറ്റി ബസുകളിലെ യാത്രയുടെ മനംമടുപ്പിക്കലുകള്‍ അവസാനിക്കുന്നു. ബസുകളിലെ യാത്ര കൂടുതല്‍ വിജ്ഞാനപ്രദവും ഉന്മേഷകരവുമാകുന്നതിനുള്ള നാളുകളാണ് ഇനിയുള്ളത്. ബസുകളില്‍ വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ച് അതില്‍ ബോധവത്കരണ വീഡിയോകളും അന്നന്നത്തെ പ്രധാന വാര്‍ത്തകളുടെ പ്രസക്ത ഭാഗങ്ങളും വൈ ഐ സംവിധാനവും എല്ലാം ഉള്‍പ്പെടുത്തിയുള്ള എക്‌സ് എം ഒ ആര്‍) എക്‌സ്റ്റെന്‍ഡഡ് മീഡിയ ഓണ്‍ റെയില്‍സ്) സംവിധാനം ബസുകളില്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

image


സോഫ്റ്റ് വെയര്‍ കമ്പനിയായ ടെക്‌സ്‌കോര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത എക്‌സ് എം ഒ ആര്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ഒപ്പം ലൊക്കേഷനുസരിച്ച് സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നതുമായ ഹാര്‍ഡ് വെയര്‍ ഡിവൈസ് ആണ്. മാത്രമല്ല ടെക്‌സ്‌കോര്‍ തയ്യാറാക്കിയിട്ടുള്ള വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് എച്ച് ഡി ദൃശ്യ മികവോടെ പ്രദര്‍ശിപ്പിക്കാന്‍ ശേഷിയുള്ള സ്‌ക്രീനുകളാണ് സ്ഥാപിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറവുള്ള സ്ഥലങ്ങളില്‍ ഓഫ് ലൈനായും വീഡിയോകള്‍ കാണാം.

സംവിധാനത്തിന്റെ സാങ്കേതിക സഹായത്തിനായി കമ്പനിയുടെ വഞ്ചിയൂര്‍ ഓഫീസില്‍ ഒരു കണ്‍ട്രോള്‍ റൂം തയ്യാറാക്കുന്നുണ്ട്. സംവിധാനത്തിന്റെ പരീക്ഷണഘട്ടം നാളെ നടക്കും. കിഴക്കേക്കോട്ടയില്‍നിന്ന് സര്‍വീസ് നടത്തുന്ന അഞ്ച് സ്വകാര്യ ബസുകളില്‍ ഇതിനായി 22 മുതല്‍ 32 ഇഞ്ച് വരെയുള്ള എച്ച് ഡി ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 40000 രൂപ വരെ ചെലവിലാണ് ഓരോ ബസിലും സ്ഥാപിച്ചിരിക്കുന്നത്. കിഴക്കേക്കോട്ട- വഴയില- മെഡിക്കല്‍ കോളജ്, കിഴക്കേക്കോട്ട- വള്ളക്കടവ്, കിഴക്കേക്കോട്ട- കൊഞ്ചിറവിള- മെഡിക്കല്‍ കോളജ്, കിഴക്കോക്കോട്ട- ബിമാപള്ളി- പാപ്പനംകോട്, കിഴക്കേക്കോട്ട- പോങ്ങുംമൂട്- തൃക്കണ്ണാപുരം ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന അഞ്ച് ബസുകളെയാണ് ആദ്യ ഘട്ടത്തില്‍ പരീക്ഷത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

image


ഡ്രൈവറുടെ സീറ്റിന് പിന്നിലായി ഡ്രൈവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിലാണ് സ്‌ക്രീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഗതാഗത വകുപ്പ് റോഡ് സുരക്ഷക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള വീഡിയോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. പൊതു ഗതാഗത സംവിധാനങ്ങളില്‍ ഓഡിയോ ഉള്‍പ്പെടുത്തുന്നതിന് നിയന്ത്രണം ഉള്ളതിനാല്‍ ശബ്ദമില്ലാതെ വീഡിയോ മാത്രമാകും പ്രദര്‍ശിപ്പിക്കുക.

അടുത്ത ഘട്ടത്തില്‍ വൈ ഫൈയും വാര്‍ത്തകളും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. 30 മിനിട്ട് സൗജന്യ വൈ ഫൈ നല്‍കാനാണ് ആലോചന. അതായത് യാത്രക്കാര്‍ തങ്ങളുടെ ടിക്കറ്റ് നമ്പര്‍ തന്നെ വൈ ഫൈയുടെ പാസ് വേര്‍ഡായി നല്‍കിയാല്‍ മതിയാകും. സംവിധാനം ലഭ്യമാക്കുന്നതിനായി ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുമായി സംസാരിച്ചുവരികയാണ്. വൈകാതെ തന്നെ ഈ സംവിധാനവും ലഭ്യമാകും. വാര്‍ത്തകളുടെ തല്‍സമയ സംപ്രേക്ഷണമല്ല ഉദ്ദേശിക്കുന്നതെങ്കിലും അന്നന്നത്തെ പ്രധാന തലക്കെട്ടുകളായിരിക്കും ഉള്‍പ്പെടുത്തുന്നത്.

കെ എസ് ആര്‍ ടി സിയുടെ 194 എ സി ജെന്റം ബസുകളിലും സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഇത് ഒഴിവാക്കുകയായിരുന്നു. സര്‍ക്കാരിന്റെ സഹായം കൂടി ലഭ്യമാകുമെങ്കില്‍ മറ്റ് ജില്ലകളിലേക്കും സംവിധാനം വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് ടെക്‌സ്‌കോര്‍ ജീവനക്കാര്‍ പറയുന്നു.