നാടന്‍ രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കി 'കഫേശ്രീ'

0


നാടന്‍ ഭക്ഷണങ്ങളുടെ കലവറയായ കോഴിക്കോടന്‍ ഭക്ഷണം ഒരുക്കാന്‍ ഇനി കുടുംബശ്രീ പ്രവര്‍ത്തകരും. ഇതിന് തുടക്കം കുറിച്ച് ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ ബ്രാന്‍ഡഡ് റെസ്റ്റോറണ്ട് 'കഫേശ്രീ' ഭക്ഷണശാല പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ചരിത്രനഗരമായ കോഴിക്കോടിന് നാടന്‍ രുചിക്കൂട്ടുകളുടെ വൈവിധ്യങ്ങള്‍ സമ്മാനിക്കുന്ന കഫേശ്രീയുടെ ഉദ്ഘാടനം പഞ്ചായത്ത് സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ ഒരേ മാതൃകയില്‍ ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ നൂതനമായ ഈ പദ്ധതി നഗരത്തിലെ ഭക്ഷണപ്രിയര്‍ക്ക് നൂതന അനുഭവമാകും.

മായവും രാസവസ്തുക്കളുമെല്ലാം നമ്മുടെ ആരോഗ്യത്തെയും ശരീരത്തേയും ദോഷകരമായി ബാധിക്കുമ്പോള്‍ കലര്‍പ്പില്ലാത്തതും ഇത്തരം രാസവസ്തുക്കള്‍ തീരേ ചേര്‍ക്കാത്തതുമായ ഭക്ഷണസാധനങ്ങള്‍ ആളുകള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് കുടുംബശ്രീ കഫേശ്രീ പദ്ധതിയിലൂടെ

ലക്ഷ്യമിടുന്നത്. നാട്ടുരുചികള്‍ ആധുനികതയ്ക്ക് വഴിമാറുമ്പോള്‍ വീട്ടമ്മമാരുടെ പരമ്പരാഗതമായ കൈപ്പുണ്യം തനിമയോടെ നിലനിര്‍ത്താനുള്ള സംവിധാനം ഭക്ഷണശാലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലപ്പം, ചെമ്പപുട്ട്, ചോളപ്പുട്ട്, വിവിധ തരം അപ്പങ്ങള്‍, അടകള്‍, ബിരിയാണികള്‍ എന്നിവയക്ക് പുറമെ നാടന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും, പലഹാരങ്ങളും കണ്ണൂര്‍ റോഡില്‍ നടക്കാവ് പോലീസ് സ്റ്റേഷന് സമീപമുള്ള കഫേശ്രീയിലൂടെ ലഭ്യമാകും.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ വിവിധ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളായ 17 പേരടങ്ങുന്ന ഗ്രൂപ്പാണ് കഫേശ്രീക്ക് നേതൃത്വം നല്‍കുന്നത്. 35 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. കുടുംബശ്രീ സംസ്ഥാനമിഷന്‍ 15 ലക്ഷം രൂപയും ബ്രാന്‍ഡിംഗിനായി 10 ലക്ഷം രൂപയും ലഭ്യമാക്കിയിട്ടുണ്ട്. പ്രവര്‍ത്തനമൂലധനമായ 10 ലക്ഷം രൂപ ഗുണഭോക്തൃവിഹിതമാണ്.

ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടിമേയര്‍ മീര ദര്‍ശക് അധ്യക്ഷയായി. കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം എം.എല്‍.എ എ. പ്രദീപ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ ഡയരക്ടര്‍ എന്‍.കെ. ജയ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സംരംഭകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. വി. ബാബുരാജും യൂണിഫോം വിതരണം വാര്‍ഡ് കൗണ്‍സിലര്‍ പി. കിഷന്‍ചന്ദും നിര്‍വ്വഹിച്ചു