രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കി  

0

രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി. ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രസ്താവിച്ചത്. കള്ളപ്പണത്തിന്റെയും അഴിമതിയുടെയും സാഹചര്യത്തെ വിശദീകരിച്ചുകൊണ്ടാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. 

നോട്ട് പിൻവലിക്കൽ: ഉന്നയിക്കപ്പെടുന്ന സംശയങ്ങളും അവയ്ക്കുള്ള ഉത്തരവും.

1. എന്തിനാണ് ഈ പദ്ധതി?

ഉയർന്ന തുകയ്ക്കുള്ള കള്ളനോട്ടുകൾ രാജ്യത്ത് കൂടിവരുന്നതായി ശ്രദ്ധയിൽപ്പെട്ടു. സാധാരണക്കാരെ സംബന്ധിച്ച് യഥാർത്ഥ നോട്ടും വ്യാജ നോട്ടും തമ്മിൽ തിരിച്ചറിയാൻ വളരെ പ്രയാസമാണ്. രാഷ്ട്രദ്രോഹ പ്രവർത്തനങ്ങൾക്കും നിയമ വിരുദ്ധമായ കാര്യങ്ങൾക്കുമാണ് കള്ള നോട്ട് സാധാരണയായി ഉപയോഗിക്കുക. 500, 1000 പോലെയുള്ള ഉയർന്ന തുകയ്ക്കുള്ള നോട്ടുകൾ രാജ്യത്ത് കള്ളപ്പണം ഉണ്ടക്കാൻ തീവ്രവാദ ശക്തികളും ഉപയോഗിക്കുന്നുണ്ട്. കള്ളപ്പണവും കള്ളനോട്ടും രാജ്യത്ത് അധികരിച്ച സാഹചര്യത്തിലാണ് നോട്ടുകൾ പിൻവലിക്കാനുള്ള പദ്ധതി സർക്കാർ അവതരിപ്പിച്ചത്.

2. എന്താണ് ഈ പദ്ധതി?

ഈ പദ്ധതി അനുസരിച്ച് 500, 1000 രൂപയ്ക്കുള്ള നോട്ടുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ ഇല്ലാതായി. ഇത് പ്രകാരം സാമ്പത്തിക ഇടപാടുകൾക്കോ ഭാവിയിലെ ഉപയോഗത്തിനോ ഈ നോട്ടുകൾ ഉപയോഗിക്കാൻ ആവില്ല. ഉയർന്ന തുകയ്ക്കുള്ള ഈ നോട്ടുകൾ റിസർവ്വ് ബാങ്കിന്‍റെ 19 ശാഖകളിൽ നിന്നോ ഏതെങ്കിലും ബാങ്കിൽ നിന്നോ പോസ്റ്റ് ഓഫീസുകളിൽ നിന്നോ മാറി വാങ്ങാവുന്നതാണ്.

3. മാറി വാങ്ങുമ്പോൾ പണത്തിന് കുറവുണ്ടാകുമോ?

കൊടുക്കുന്ന തുകയ്ക്ക് സമാനമായ തുക തന്നെ തിരികെ കിട്ടുന്നതാണ്.

4. മുഴുവൻ തുകയും പണമായി ഉടൻ തന്നെ തിരികെ കിട്ടുമോ?

ഇല്ല. എത്ര തുക നിക്ഷേപിച്ചാലും 4000 രൂപ മാത്രമേ പണമായി കയ്യിൽ കിട്ടുകയുള്ളൂ. ബാക്കി പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വരവ് ചെയ്യപ്പെടും.

5. എന്തുകൊണ്ടാണ് എനിക്ക് പണം മുഴുവനായി ഉടൻ തിരികെ കിട്ടാത്തത്?

ഈ പദ്ധതിയുടെ ഉദ്യേശ ലക്ഷ്യത്തിൽ അതിനുള്ള വ്യവസ്ഥയില്ല

6. എന്‍റെ ആവശ്യത്തിന് 4000 രൂപ തികയാതെ വരും. അപ്പോൾ എന്തു ചെയ്യും?

ബാങ്കിലുള്ള ബാക്കി തുക ചെക്കായോ, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് മുഖാന്തിരമോ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളായോ മറ്റ് ഇലക്ട്രോണിക് ഇടപാടുകളായോ വിനിയോഗിക്കാം.

7. ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിൽ എന്ത് ചെയ്യും?

ആവശ്യമായ രേഖകകളുമായി എപ്പോൾ വേണമെങ്കിലും ബാങ്കിനെ സമീപിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്.

8.  അക്കൗണ്ട് ജൻധൻ യോജന പ്രകാരമുള്ളതാണെങ്കിൽ?

ആ പദ്ധതിയുടെ വ്യവസ്ഥകൾക്കനുസരിച്ച് നോട്ട് കൈമാറ്റം ചെയ്ത് മേടിക്കാവുന്നതാണ്.

9.  ബാങ്കിന്‍റെ ശാഖയിൽ തന്നെ പോകേണ്ടതുണ്ടോ?

4000 രൂപയുടെ പണമിടപാടിന് കൃത്യമായ തിരിച്ചറിയൽ രേഖയുമായി ഏത് ബാങ്കിന്‍റെ ശാഖയിലും പോകാവുന്നതാണ്.

4000 രൂപക്ക് മുകളിലുള്ള ഇടപാടിന്, അതായത് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യപ്പെടുന്നതിന് നിങ്ങൾക്ക് അക്കൗണ്ട് ഉള്ള അതേ ശാഖയിലോ അതേ ബാങ്കിന്‍റെ മറ്റ് ശാഖയിലോ പോകാവുന്നതാണ്.

നിങ്ങൾക്ക് അക്കൗണ്ടില്ലാത്ത ബാങ്കിലാണ് പോകുന്നതെങ്കിൽ ഫണ്ട് ട്രാൻസ്ഫർ ചെയ്യാനുള്ള വിവരങ്ങളും, തിരിച്ചറിയൽ രേഖയും കരുതേണ്ടതാണ്.

11. എനിക്ക് അക്കൗണ്ടുള്ള ബാങ്കിന്‍റെ ഏത് ശാഖയിലും ഇടപാട് നടത്താമോ?

നടത്താം

12. മറ്റ് ബാങ്കുകളുടെ ഏത് ശാഖയേയും സമീപിക്കാമോ?

സമീപിക്കാം. കൃത്യമായ തിരിച്ചറിയൽ രേഖയും മറ്റ്

വിശദാംശങ്ങളും നൽകണമെന്ന് മാത്രം.

13. എനിക്ക് സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത പക്ഷം എന്‍റെ സുഹൃത്തിന്‍റേയോ ബന്ധുവിന്‍റേയോ അക്കൗണ്ടിലേക്ക് നോട്ട് മാറിയ പണം നിക്ഷേപിക്കാൻ സാധിക്കുമോ?

സാധിക്കും. പക്ഷേ അവർ അതിനായി എഴുതി തയ്യാറാക്കിയ സമ്മതി പത്രം നൽകേണ്ടതുണ്ട്. പണം നിക്ഷേപിക്കുന്ന അവസരത്തിൽ ഈ സമ്മത പത്രവും താങ്കളുടെ തിരിച്ചറിയൽ രേഖയും ഹാജരാക്കേണ്ടതാണ്.

14. പണം മാറിയെടുക്കാൻ ഞാൻ തന്നെ പോകേണ്ടതുണ്ടോ?

അതോ നോട്ടുമായി പ്രതിനിധിയെ അയച്ചാൽ മതിയാകുമോ?

നോട്ട് മാറിയെടുക്കാൻ നേരിട്ട് ബാങ്കിൽ പോവുകയാണ് നല്ലത്. ഒഴിച്ചു കൂടാനാകാത്ത സാഹചര്യത്തിൽ പ്രതിനിധിയെ അയക്കുകയാണെങ്കിൽ എഴുതി തയ്യാറാക്കിയ സമ്മത പത്രം നൽകണം. പണം മാറിയെടുക്കാൻ വരുന്നയാൾ അയാളുടെ തിരിച്ചറിയൽ രേഖയും സമ്മത പത്രവും ഹാജരാക്കേണ്ടതുണ്ട്.

15. എ ടി എം ഉപയോഗിച്ച് പണം പിൻവലിക്കാമോ?

എടിഎം സേവനങ്ങൾ പൂർവ്വ സ്ഥിതിയിലാക്കാൻ ബാങ്കുകൾക്ക് അൽപ്പ സാവകാശം ആവശ്യമാണ്. എടിഎം പ്രവർ‌ത്തന ക്ഷമമായാൽ 2016 നവം 18 വരെ ദിവസം 2000 രൂപ വരെ പിൻവലിക്കാം. 2016 നവം 19 മുതൽ ദിവസ പരിധി 4000 ആയി ഉയർത്തും.

16. ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കാനാകുമോ?

സാധിക്കും. പണം പിൻവലിക്കൽ സ്ലിപ്പോ ചെക്കോ ഉപയോഗിച്ച് ദിവസം പരമാവധി 10000 രൂപയും ആഴ്ചയിൽ 20000 രൂപ (എടിഎം ഇടപാട് ഉൾപ്പടെ) വരെയും പിൻവലിക്കാം. 2016 നവം 24 വരെ മാത്രമാണ് ഈ നിയന്ത്രണം.

17. പിൻവലിക്കപ്പെട്ട നോട്ടുകള്‍ എടിഎം, ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ എന്നിവ ഉപയോഗിച്ച് തിരിച്ചു നൽകാനാകുമോ?

സാധിക്കും.

18. നോട്ടുകൾ മാറിയെടുക്കാൻ സമയ പരിധിയുണ്ടോ?

ഉണ്ട്. 2016 ഡിസം 30 വരെ 500, 1000 രൂപയുടെ നോട്ടുകൾ മാറിയെടുക്കാവുന്നതാണ്. ഡിസം 30നകം നോട്ടുകൾ മാറയെടുക്കാൻ സാധിക്കാത്തവർക്ക് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിൽ നോട്ട് മാറിയെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ഇതിനായി ആർബിഐ നിഷ്കർഷിക്കുന്ന തിരിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ടതുണ്ട്.

19. എനിക്ക് ആശുപത്രി ചെലവ്, യാത്ര, ജീവൻ രക്ഷാ മരുന്ന് എന്നിവയ്ക്കായി പണം അത്യാവശ്യമാണ്. ഞാൻ എന്തു ചെയ്യണം.?

ആശുപത്രി ചെലവ്, ബസ്-ട്രെയിൻ- വിമാന ടിക്കറ്റുകൾ, എന്നിവയ്ക്കായി ഉത്തരവ് പുറത്തിറങ്ങി 72 മണിക്കൂർ സമയം വരെ പഴയ നോട്ടുകൾ ഉപയോഗിക്കാവുന്നതാണ്.

20. എന്തൊക്കെയാണ് തിരിച്ചറിയൽ രേഖകൾ?

ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, പാസ് പോർട്ട്, തൊഴിലുറപ്പ് പദ്ധതി കാർഡ്, പാൻ കാർഡ്, സർക്കാർ ഓഫീസുകളുടെ തിരിച്ചറിയൽ കാർഡ്, പൊതു മേഖലാ സ്ഥാപനങ്ങളിലെ തിരിച്ചറിയൽ കാർഡ് ഇവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം

21. കൂടുതൽ വിവരങ്ങൾ എവിടെ നിന്ന് കിട്ടും?

www.rbi.org.in, എന്ന വെബ് സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സാങ്കേതിക സഹായങ്ങൾക്കായി 022 22602201/022 22602944 എന്ന നമ്പറിൽ ബന്ധപ്പെടുകയും ചെയ്യാം.