ഗവ. നഴ്‌സിംഗ് കോളേജില്‍ ഏകദിന സംസ്ഥാന ശില്‍പശാല സംഘടിപ്പിച്ചു  

0

ഗവ. നഴ്‌സിംഗ് കോളേജിലെ മെഡിക്കല്‍-സര്‍ജിക്കല്‍ നഴ്‌സിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'കാര്‍ഡിയാക് നഴ്‌സിംഗ് അപ്‌ഡേറ്റ്‌സ്-2017' എന്ന പേരില്‍ സംസ്ഥാനതല ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ഹൃദ്രോഗ ചികിത്സാ രംഗത്തെ നൂതന മാര്‍ഗങ്ങളെപ്പറ്റി നഴ്‌സുമാരില്‍ അവബോധമുണ്ടാക്കാന്‍ വേണ്ടിയാണ് ശില്‍പശാല സംഘടിപ്പിച്ചത്.

ഹൃദ്രോഗ ചികിത്സാ രംഗത്തേയും നഴ്‌സിംഗ് രംഗത്തേയും പ്രമുഖര്‍ നയിച്ച ക്ലാസുകളില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും നഴ്‌സുമാരും ഉള്‍പ്പെടെ 250ലേറെ പേര്‍ പങ്കെടുത്തു. ശില്‍പശാലയോടനുബന്ധിച്ച് ഹൃദയ ചികിത്സാ രംഗത്തെ നൂതന ഉപകരണങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ മുന്‍ ഹൃദ്രോഗ വിഭാഗം മേധാവിയായ ഡോ. സി.ജി. ബാഹുലേയന്‍ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നഴ്‌സിംഗ് വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ വൈ. പ്രസന്ന കുമാരി, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. വത്സ കെ. പണിക്കര്‍, മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. സുനിത വിശ്വനാഥന്‍, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എല്‍. നിര്‍മ്മല, പ്രൊഫ. സുശീല പി. എന്നിവര്‍ സംസാരിച്ചു.