വിഷാദരോഗം സാമൂഹ്യപ്രശ്‌നമായി കാണണം: ആരോഗ്യമന്ത്രി

0

വിഷാദം രോഗമായി കാണാതെ ഒരു സാമൂഹ്യപ്രശ്‌നമായി കണ്ട് പരിഹരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചര്‍ പറഞ്ഞു. ആശ്വാസം എന്ന പേരില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന വിഷാദരോഗ ക്‌ളിനിക്കുകളിലൂടെ അത്തരം ഇടപെടലാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലോകാരോഗ്യദിനാചരണത്തിന്റെയും ആശ്വാസം പദ്ധതിയുടെയും ഉദ്ഘാടനം ആനയറ ഐഎംഎ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുടുംബാന്തരീക്ഷം വിഷാദരോഗമുണ്ടാകുന്നതില്‍ പ്രധാനഘടകമാണ്. വിഷമങ്ങള്‍ കേള്‍ക്കാനാളില്ലാതെയാകുന്നതാണ് മറ്റൊരു ഘടകം.

 പകുതിയിലേറെ പ്രശ്‌നങ്ങളും കൗണ്‍സലിംഗിലൂടെ പരിഹരിക്കാനാണ് പ്രഥമികാരോഗ്യകേന്ദ്രങ്ങളിലൂടെ ശ്രമിക്കുന്നത്. പദ്ധതി നടപ്പാകുമ്പോള്‍ ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഒന്നായി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മാറുമെന്നും മന്ത്രി പറഞ്ഞു. പഴയ ജീവിതരീതി മാറി അണുകുടുംബങ്ങളുടെ സംഘര്‍ഷഭരിതമായ കാലത്താണ് നാം ജീവിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിഷാദരോഗങ്ങള്‍ക്ക് കാരണമാവുന്ന സാമൂഹിക, സാമ്പത്തിക ഘടകങ്ങള്‍ കരുത്താര്‍ജിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സുഗതകുമാരി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍, ആരോഗ്യവകുപ്പ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ബിന്ദുമോഹന്‍, ഡിഎംഒ ഡോ.ജോസ് ഡിക്രൂസ്, എസ്എച്ച് എസ്ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ.എസ്.ഷിബു, സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി സെക്രട്ടറി ഡോ.ജയപ്രകാശ് കെ.പി, മാനസികരോഗ്യപരിപാടി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ.കിരണ്‍ പി.എസ്, മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം ഹെഡ് ഡോ.അനില്‍ പ്രഭാകര്‍, കമ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. ഇന്ദു.പി.എസ്, തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട്, ഡോ.റ്റി.സാഗര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ആദ്യഘട്ടമായി തിരഞ്ഞെടുത്ത 170 കുടുംബാരോഗ്യകേന്ദ്രങ്ങളിലാണ് വിഷാദരോഗ ചികിത്സാ ക്‌ളിനിക്കുകള്‍ ആരംഭിക്കുന്നത്. ഈ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞു. പദ്ധതിയനുസരിച്ച് പാലിയേറ്റീവ് കെയര്‍ ചികിത്സയില്‍ ഇരിക്കുന്നവര്‍, ആത്മഹത്യാശ്രമങ്ങള്‍ നടത്തിയിട്ടുളളവര്‍, ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവരെപോലെ സമൂഹത്തില്‍ വിഷാദ രോഗത്തിന് സാധ്യത കൂടുതലുളളവരെ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തി കണ്ടെത്തും. ചോദ്യാവലിയിലൂടെ സ്‌ക്രീന്‍ ചെയ്ത് വിഷാദരോഗം കണ്ടെത്തുന്നവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസറുടെ അടുത്തേക്ക് റഫര്‍ ചെയ്യും. ഇതിന് പുറമേ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജനറല്‍ ഒ.പിയില്‍ വരുന്ന രോഗികളില്‍ വിഷാദ രോഗം ഉണ്ടെന്ന് സംശയം തോന്നുന്നവരെ ഡോക്ടറുടെ നിര്‍ദേശാനുസരണം സ്റ്റാഫ് നഴ്‌സ് സ്‌ക്രീന്‍ ചെയ്യും. വിഷാദരോഗ സാധ്യത കൂടുതല്‍ ഉളളവരെ മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രത്യേകമായി കാണുകയും വിഷാദരോഗമാണോ എന്ന് സ്ഥിരീകരിക്കുകയും ചെയ്യും. ഇതില്‍ ലഘുവിഷാദ രോഗമുളളവര്‍ക്ക് ഹെല്‍ത്ത് വര്‍ക്കര്‍/സ്റ്റാഫ് നഴ്‌സ് കൗണ്‍സലിംഗ് നല്‍കും. മിത തീവ്ര വിഷാദ രോഗങ്ങള്‍ക്ക് ഔഷധ ചികിത്സയും നല്‍കും. ഇതിനായി വ്യാഴാഴ്ചതോറുമുളള മെന്റല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ ഉപയോഗപ്പെടുത്തും. രോഗനിര്‍ണയത്തില്‍ സംശയം ഉളളതും, കൗണ്‍സലിംഗ് ഔഷധ ചികിത്സകളില്‍ പ്രതീക്ഷിച്ച ഫലം കാണാത്തതുമായ രോഗികളെ തൊട്ടടുത്ത മാനസികാരോഗ്യ പരിപാടിയുടെ ക്ലിനിക്കുകളിലേക്ക് റഫര്‍ ചെയ്യും.