ഗ്രീന്‍സോള്‍;സ്ലിപ്പറായി പരിണമിക്കുന്ന സ്‌പോര്‍ട്‌സ് ഷൂ

0

ഇത് ശ്രിയാന്‍സ് ഭണ്ഡാരിയുടേയും സുഹൃത്തും ദേശീയ അത്‌ലറ്റ് താരവുമായ രമേശ് ധാമിയുടേയും കഥയാണ്. മുംബയിലെ ജയ് ഹിന്ദ് കോളേജിലെ മൂന്നാം വര്‍ഷ ബാച്ചിലര്‍ മാനേജ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ് ശ്രിയാന്‍സ്. എന്നാല്‍ രമേശിന് ഔപചാരിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ല. ഇവര്‍ രണ്ടു പേരും ചേര്‍ന്നാണ് സ്‌പോര്‍ട്ട്‌സ് ഷൂവിനെ സ്ലിപ്പറുകളാക്കി മാറ്റുന്ന ഗ്രീന്‍സോള്‍ എന്ന പേരില്‍ പുതിയൊരു സംരംഭം ആരംഭിച്ചത്.

ഇന്ത്യയില്‍ പ്രതിവര്‍ഷം 35 കോടി സ്‌പോര്‍ട്ട്‌സ് ഷൂവുകളാണ് ഉപയോഗശേഷം ഉപേക്ഷിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ 1.2 ബില്യണ്‍ ജനങ്ങള്‍ ഇപ്പോഴും ചെരുപ്പില്ലാതെയാണ് കഴിയുന്നത്. അത്‌ലറ്റുകളായ ശ്രിയാന്‍സും രമേശും ഓരോ വര്‍ഷവും ഉപയോഗിച്ച ശേഷം ഓരോ വര്‍ഷവും മൂന്നും നാലും ഷൂവുകള്‍ വീതം ഉപേക്ഷിക്കാറുണ്ടായിരുന്നു. എന്നാല്‍ പിന്നീടവര്‍ തേഞ്ഞു പോയ ആ ഷൂവുകളെ സ്ലിപ്പറുകളാക്കി സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു തുടങ്ങി. വൈകാതെ ഈ പദ്ധതി കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ധാരാളം പേര്‍ക്ക് സഹായകമാകുവാനുമായാണ് ഇരുവരും ഗ്രീന്‍സോള്‍ ആരംഭിച്ചത്.

തങ്ങളുടെ വേറിട്ട ഐഡിയയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഇരുവരും പറയുന്നു. ആദ്യ ഘട്ടത്തില്‍ 50 ജോഡി ചെരുപ്പുകള്‍ തങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിറ്റു. 100 ജോഡി മുംബയിലെ ചെരുപ്പില്ലാത്ത പാവങ്ങള്‍ക്ക് നല്‍കി. തങ്ങളുടെ കണ്ടുപിടുത്തത്തിന് ഇവര്‍ പേറ്റന്റും വാങ്ങിയിട്ടുണ്ട്. പഴയ ഷൂവുകള്‍ വില്‍ക്കുന്നവര്‍ക്ക് ചെറിയ സമ്മാനങ്ങളും ഇവര്‍ നല്‍കാറുണ്ട്.

ഈ യാത്രയില്‍ ഈ യുവാക്കളെ തേടി നിരവധി അംഗീകാരങ്ങളും എത്തി. റിഡിയ നാഷണല്‍ ബി-പ്ലാന്‍ കോമ്പറ്റീഷനില്‍ ഇവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇതോടൊപ്പം യുറീക്കയുടെ ടെക്‌നോളജി ആന്റ് സസ്‌റ്റൈനബിലിറ്റി അവാര്‍ഡ്, ബോംബെ ഐ.ഐ.ടിയിലെ ഏഷ്യയിലെ ഏറ്റവും വലിയ ബി-പ്ലാന്‍ കോമ്പറ്റീഷനിലും ഇവര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. ഇന്ത്യയിലെ മുപ്പത് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി ഗ്രീന്‍സോലിനെ ടാറ്റാ ഫസ്റ്റ് ഡോട്ട് തെരഞ്ഞെടുത്തു. തങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതം വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നെന്നും അവയെല്ലം തരണം ചെയ്താണ് തങ്ങള്‍ മുന്നേറിയതെന്നും അവര്‍ വ്യക്തമാക്കി.

തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനം നിരവധി പേര്‍ക്ക് ഉപകാരപ്പെടുന്നുണ്ടെന്നതില്‍ സന്തോഷമുണ്ടെന്നും ഇത് തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യമാക്കാനാണ് ഉദ്യേശിക്കുന്നതെന്നും ശ്രിയാന്‍സും രമേശും പറഞ്ഞു. പഴയ സ്‌പോര്‍ട്ട്‌സ് ഷൂവുകളെ സ്ലിപ്പറുകളാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിപണി തങ്ങളുടെതാക്കണമെന്നും അതിന് ശേഷം ഇത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനും തയ്യാറെടുക്കുന്ന ഇവര്‍ക്ക് കുറഞ്ഞ വിലക്ക് സ്ലിപ്പറുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണ് ആഗ്രഹം.