ഓസ്‌കാറിന് നിര്‍ദേശിച്ച ചിത്രങ്ങളാസ്വദിക്കാന്‍ ആദ്യ ദിനത്തില്‍ തിരക്ക്

ഓസ്‌കാറിന് നിര്‍ദേശിച്ച ചിത്രങ്ങളാസ്വദിക്കാന്‍
ആദ്യ ദിനത്തില്‍  തിരക്ക്

Sunday December 06, 2015,

1 min Read

ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് നിര്‍ദേശിച്ച ചിത്രങ്ങളാസ്വദിക്കാനായിരുന്നു ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒന്നാം ദിനത്തില്‍ തിരക്കനുഭവപ്പെട്ടത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ദി ക്ലബ്, എന്‍എന്‍, ഇക്‌സാനുവല്‍, 100 യെന്‍ ലൗ, ദ ഹൈസണ്‍, 600 മൈല്‍സ് എന്നീ ചിത്രങ്ങളെ സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

image


ഓസ്റ്റിന്‍ ഫന്റാസ്റ്റിക് ഫെസ്റ്റ്, ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍, ചിക്കാഗോ ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവല്‍, മാര്‍ഡെല്‍ പ്ലാറ്റ ഫിലിം ഫെസ്റ്റിവലുകളില്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ പാബ്ലോ ലറൈന്റെ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ദി ക്ലബ് രമ്യാ തിയേറ്ററിലാണ് പ്രദര്‍ശിപ്പിച്ചത്. പുരോഹിതരുടെ ഭൂതകാലത്തേയും കാത്തലിക് സഭയിലെ വൈരുദ്ധ്യങ്ങളേയും നിര്‍ദയം തുറു കാട്ടുന്ന ചിത്രം വ്യത്യസ്ത പ്രായത്തിലുള്ള കുറേ പുരോഹിതന്‍മാര്‍ കന്യാസ്ത്രീയായ മോണിക്കയുമൊത്ത് ഒരുമിച്ച് താമസിക്കുന്നതിനെ പശ്ചാത്തലമാക്കിയതാണ്.

പെറുവിലെ രാഷ്ട്രീയ കലാപങ്ങളില്‍ കാണാതായവരുടെ ശവശരീരങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഹെക്ടര്‍ ഗാല്‍വേസിന്റെ എന്‍എന്‍. കാപ്പി കര്‍ഷകനെ വശീകരിക്കുവാനുള്ള മരിയയുടെ ശ്രമങ്ങളും കാര്യങ്ങള്‍ നടക്കില്ലെു കണ്ടപ്പോള്‍ മറ്റുവഴികള്‍ ആരായുന്നതുമാണ് ഇക്‌സാനുവല്‍. തദ്ദേശീയ സംസ്‌കാരത്തെക്കുറിച്ചുള്ളതല്ലെങ്കില്‍ പോലും അതിലൂടെ രൂപം കൊണ്ടതും ആഗോള കാഴ്ചപ്പാടുകള്‍ക്കപ്പുറമുള്ളതുമായ പുത്തന്‍ പ്രവണതകളെയാണ് ചൂണ്ടിക്കാട്ടുന്നത്. ഗ്വാട്ടിമാലയില്‍ നിന്ന് ഓസ്‌കാറിനായി നോമിനേറ്റ് ചെയ്ത ആദ്യ ചിത്രമായ ഇക്‌സാനുവല്‍ ബെര്‍ളിന്‍, ഫിലാഡെല്‍ഫിയ, മുംബൈ മേളകളില്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

അനുവാചകരെ മൂന്നു കാലഘട്ടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകു ബാള്‍ക്കന്‍ വില്ലേജിലെ വ്യത്യസ്ത പ്രണയകഥയാണ് ദ ഹൈസണ്‍. വില്ലേജിന്റെ ചരിത്രത്തിലേക്കും വര്‍ഗീയ വിദ്വേഷത്തിലേക്കും വെളിച്ചംവീശുന്ന ചിത്രത്തിന് കഴിഞ്ഞ വര്‍ഷം കാനില്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

1934ല്‍ നോര്‍വെയില്‍ താണ്ഡവമാടിയ സുനാമിയെ പ്രമേയമാക്കിയ ചിത്രമാണ് റോര്‍ ഉത്ഗാസിന്റെ ദ വേവ്. മനുഷ്യന്റെ ദുര്‍ബലതയേയും മടുപ്പാര്‍ന്ന ജീവിതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സ്ത്രീയേയും കുറിച്ചുള്ള ചിത്രമാണ് മസഹാറു താക്കേയുടെ 100 യെന്‍ ലൗ.

image


അമേരിക്കന്‍ നിയമപാലകനും മെക്‌സിക്കന്‍ തോക്കുകടത്തുകാരനും തമ്മിലുള്ള ശത്രുത നിലനില്‍പിനുവേണ്ടിയുള്ള പൊരുത്തപ്പെടലുകള്‍ക്ക് വഴിമാറുതിനെ അടിസ്ഥാനമാക്കി ഗബ്രിയേല്‍ റിപ്സ്റ്റി എടുത്ത ചിത്രമാണ് രമ്യാ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച 600 മൈല്‍സ്.