ആത്മാര്‍പ്പണത്തിന്റെ ഗസല്‍ ലോകം തീര്‍ത്ത് രണ്‍ജീത് രജ്‌വാഡ

0

മലയാള കാവ്യലോകത്തെ അത്ഭുതമായി രമണന്‍ പുറത്തിറങ്ങിയപ്പോള്‍ ചങ്ങമ്പുഴ തന്നെ സ്വയം അത് വില്‍ക്കാനായി വീടുകള്‍ തോറും കയറിയിറങ്ങിയ കഥ നാം കേട്ടിട്ടുണ്ട്. എന്നാല്‍ രമണന്‍ ആസ്വാദക ഹൃദയം കീഴടക്കിയപ്പോള്‍ ആ കാവ്യപുസ്തകം തേടി വായനക്കാര്‍ ഒന്നിനു പിറകേ ഒന്നായി എത്തിയത് പില്‍ക്കാല ചരിത്രം. ഇതിന് സമാനമാണ് രണ്‍ജീത് രജ്‌വാഡ എന്ന ഗസല്‍ ഗായകന്റെ ചരിത്രവും. സ്വന്തം ഗാനങ്ങള്‍ കേള്‍പ്പിക്കാന്‍ വീടുകള്‍ തോറും കയറിയിറങ്ങിയിരുന്ന രണ്‍ജീത് ഇന്ന് ഇന്ത്യന്‍ ഗസല്‍ ലോകത്തെ അറിയപ്പെടുന്ന ശബ്ദമാണ്. ആസ്വാദകര്‍ ഇന്ന് രണ്‍ജീതിന്റെ വേദികള്‍ക്കായി കാത്തിരിക്കുന്നു.

ആത്മസംഘര്‍ഷങ്ങള്‍ക്കിടയിലും കഠിനാധ്വാനം ഒന്നു കൊണ്ടു മാത്രം ലക്ഷ്യത്തിലെത്തിച്ചേര്‍ന്ന കഥയാണ് രണ്‍ജീതിന് പറയാനുള്ളത്. കഴിവുകളും പോരായ്മകളുമടങ്ങുന്നതാണ് ഓരോ ജിവിതവും. ഓരോ പ്രതിഭയും അവന്റെ പോരായ്മകളോട് പടവെട്ടിയാണ് വിജയത്തിലേക്കെത്തുന്നത്. സ്വയം കണ്ടെത്താനും അത് മിനുക്കിയെടുക്കാനുമുളള നിരന്തരമായ ശ്രമവുമാണ് യഥാര്‍ത്ഥ കലാകാരനെ സൃഷ്ടിക്കുന്നത്. ഇത്തരം നിഷ്ഠകള്‍ മുറുകെപ്പിടിച്ചാണ് ഗസല്‍ ലോകത്ത് സ്വന്തം പേര് എഴുതിച്ചേര്‍ക്കുന്നത്. ഗസല്‍ ചക്രവര്‍ത്തി പണ്ഡിറ്റ് ജസ് രാജ് ഗസല്‍ ലോകത്തെ ഭാവി വാഗ്ദാനമായി രജ് വാഡയെ വിശേഷിപ്പിച്ചത് രജ് വാഡയുടെ ഗസലിനോടുള്ള ആത്മസമര്‍പ്പണം കണ്ടാണ്. ഗസല്‍ ശീലുകള്‍ ഹൃദയത്തില്‍ പേറുന്ന രാജസ്ഥാന്‍ മണ്ണില്‍ നിന്നാണ് രാജ് വാഡയുടെ സംഗീത യാത്ര ആരംഭിക്കുന്നത്. നാടിന്റേയും കുടുംബത്തിന്റേയും സംഗീത പാരമ്പര്യത്തിന്റെ കരുത്തിലാണ് ഈ യുവഗായകന്റെ സംഗീതയാത്ര. രാജ്യത്തെ ഗസല്‍ വേദികളില്‍ ഇന്ന് രണ്‍ജീത് ഗസലിന്റെ രാജകുമാരന്‍ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.

സംഗീതം കുടുംബസ്വത്തായി ലഭിച്ചിരുന്ന അച്ഛന്‍ തന്നെയാണ് ഗസലില്‍ രണ്‍ജീത്തിന് ഹരിശ്രീ കുറിച്ചത്. കേട്ടു വളര്‍ന്ന ശീലുകള്‍ നാലുവയസുമുതല്‍ താന്‍ മൂളിത്തുടങ്ങിയതായി രണ്‍ജീത് ഓര്‍ത്തെടുക്കുന്നു. രാവിലെ ആറര മണി മുതല്‍ ഒന്‍പത് മണിവരെ അച്ഛനൊപ്പം സാധന നിര്‍ബന്ധം. അതു കഴിഞ്ഞ് സ്‌കൂളിലേക്ക്. വര്‍ഷങ്ങള്‍ നീണ്ട സാധനക്ക് അംഗീകാരമായി ഏഴാം വയസില്‍ ആദ്യ ദേശിയ പുരസ്‌കാരം. 12 വയസിനുള്ളില്‍ നിരവധി അംഗീകാരങ്ങള്‍ രണ്‍ജിതിനെ തേടിയെത്തി. പ്രതിഭക്കും മത്സരങ്ങള്‍ക്കുമിടയില്‍ സ്വയം ആര്‍ജിക്കുന്ന ഉയര്‍ന്ന ചിന്തകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ' ചിന്തകളെ വാനോളമുയര്‍ത്തുന്നവന് ദൈവം തുറന്ന ആകാശം തന്നെ നല്‍കുന്നു' തന്റെ തത്വശാസ്ത്രം രണ്‍ജീത് ഈരടിയിലൂടെ മുന്നോട്ട് വെക്കുന്നു.

റിയാലിറ്റി ഷോകളിലൂടെ നിരവധി പ്രതിഭകളെ കണ്ടെത്താനായിട്ടുണ്ട്. എന്നാല്‍ ഈ രംഗത്തെ മത്സരവും ഇത് വളര്‍ത്തിയുണ്ട്. എന്നാല്‍ ഇതിനെ തരണം ചെയ്ത് നിലനില്‍ക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ' എന്റെ മത്സരം എന്നോട് തന്നെയാണ്. എന്റെ ഇന്നലകളേക്കാന്‍ ഇന്നിനെ മികച്ചതാക്കാനാണ് എന്റെ ശ്രമം. ഓരോ കലാകാരന്‍മാരും അവരുടേതായ നിറത്തോടും മണത്തോടും കൂടി എത്തുന്നവരാണെന്നാണ് എന്റെ ചിന്ത. അതുകൊണ്ടു തന്നെ മറ്റുള്ളവരുമായി താരതമ്യത്തിന് മുതിരാതെ സ്വയംകണ്ടെത്തലിലൂടെ മുന്നോട്ട് പോകാനാണ് എനിക്കിഷ്ടം.' രണ്‍ജീത് തന്റെ നിലപാട് വ്യക്തമാക്കുന്നു. പ്രശസ്ത റിയാലിറ്റി ഷോ ആയ 'സരേഗമാ'യിലെ അവസാന റൗണ്ടിലെ അഞ്ചു പേരില്‍ ഒരാളാകുന്നതിന് മുമ്പു തന്നെ ബാല കാലാകലാകാരന്‍ എന്ന നിലയില്‍ രണ്‍ജിത് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. പല വേദികളിലൂടെയും റേഡിയോ വഴിയും തന്റെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ എത്തിച്ചിരുന്നു. റിയാലിറ്റോ ഷോ ജീവിതത്തില്‍ എന്തു മാറ്റം കൊണ്ടു വന്നിരുന്ന ചോദ്യത്തോട് റിയാലിറ്റി ഷോയില്‍ എത്തുമെന്ന ചിന്ത പോലുമുണ്ടായിരുന്നില്ലെന്നാണ് ആദ്യം രണ്‍ജിത് പ്രതികരിച്ചത്.

കല്‍ക്കത്ത റേഡിയോയില്‍ ഗസല്‍ അവതരിപ്പിക്കുന്ന വേളയിലാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഓഡിഷനില്‍ പങ്കെടുത്തപ്പോള്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. റിയാലിറ്റി ഷോയില്‍ ഗസല്‍ ഉള്‍പ്പെടുത്തുന്നതിനെ സംശയത്തോടെയാണ് ജനം കണ്ടിരുന്നത്. ഗസലിന് റിയാലിറ്റി ഷോയില്‍ ആസ്വാകരുണ്ടാകില്ലെന്നായിരുന്നു ധാരണയെങ്കിലും ഷോ മുന്നോട്ട് പോയപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. എനിക്ക് ഇത് വാക്കുകളില്‍ വിവരിക്കാനാകില്ലെന്ന് രണ്‍ജീത് ഓര്‍ത്തെടുക്കുന്നു. ഗായകന്‍ എന്ന നിലയില്‍ അറിയപ്പെടുന്നതിന് മുമ്പ് തന്റെ സാന്നിധ്യമറിയിക്കാനായി പല പ്രതിസന്ധി ഘട്ടങ്ങളും രണ്‍ജീതിന് തരണം ചെയ്യേണ്ടതായി വന്നു. രാജസ്ഥാനില്‍ നിന്ന് മുംബൈയിലേക്ക് അച്ഛന് സ്ഥലംമാറി വന്നത് രണ്‍ജിതിന് പരീക്ഷണ കാലഘട്ടമായിരുന്നു. പരിചയക്കാരില്ലാത്ത മുംബൈ ഗലികളില്‍ തന്റെ സംഗീതം കേള്‍പ്പിക്കാനായി ഹാര്‍മോണയവുമായി അലഞ്ഞ ഒരു ഭൂതകാലവും രണ്‍ജിത്തിനുണ്ട്. എന്നാല്‍ പതുക്കെ കാര്യങ്ങള്‍ മാറി. രണ്‍ജിതിന്റെ സംഗീതത്തിന് ശ്രോതാക്കളെ ലഭിച്ചു തുടങ്ങി. ഒരു ഗായകന്റെ ജീവിതം എന്നും ആത്മസംഘര്‍ഷങ്ങളുടേതാണെന്നാണ് രണ്‍ജീത് പറയുന്നത്. ഓരോ ദിവസവും സംഗീതത്തില്‍ ഒരു പുതിയ ദിനം പോലെയാണ് കാണേണ്ടി വരിക. എപ്പോഴെങ്കിലും താന്‍ എല്ലാം പഠിച്ചു കഴിഞ്ഞു എന്നു തോന്നുകയാണെങ്കില്‍ അവിടെ ആ കലാകാരന്‍ അവസാനിക്കുകയാണ്. ദൈവികമായ ഈ മേഖലയില്‍ വിജയിക്കണമെങ്കില്‍ ഓരോ ദിനവും വിദ്യാര്‍ഥിയായി തന്നെ ജിവിക്കുകയാണ് വേണ്ടത്.

ശ്രോതാക്കളുടെ പ്രതീക്ഷകളെ അവരുടെ അനുഗ്രഹം കൊണ്ടു തന്നെയാണ് നിറവേറ്റുന്നത്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ദിനംതോറുമുള്ള സാധനായാണ് പ്രധാനമെന്നും രണ്‍ജീത് ഓര്‍മ്മിപ്പിക്കുന്നു. ശ്രോതാക്കളുടെ മനസില്‍ തട്ടുന്ന ആലാപനം എല്ലാവര്‍ക്കും പറഞ്ഞിട്ടുളളതല്ല. ഇത് പൂര്‍ണ അര്‍ഥത്തില്‍ പഠിപ്പിച്ചു നല്‍കാന്‍ കഴിയുന്നതല്ല. നിരന്തരമായ സാധനയും കഠിനാധ്വാനത്തിലൂടെയും ചിലത് പ്രാപ്തമാകും. എന്നാല്‍ ആലാപനത്തിലെ പൂര്‍ണതയിലെത്തുവാന്‍ ഉള്ളില്‍ നിന്നു വരുന്ന സംഗീതത്തിന് ചെവികൊടുക്കണമെന്നു തന്നെയാണ് രണ്‍ജീത്തിന്റെ പക്ഷം. സംഗീതം എന്നത് ആനന്ദം തന്നെയാണ്. ഈ ആനന്ദം തന്നെയാണ് കലാകാരനും ആസ്വാദകനും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതും. കലാകാരന് ലഭിക്കുന്ന ഓരോ കയ്യടിയും അഹങ്കാരമായി മാറാതെ ആസ്വാദകരുടെ ആശിര്‍വാദമായി വേണം കണക്കാക്കാന്‍ എന്ന തിരിച്ചറിവ് രണ്‍ജീത് പ്രകടിപ്പിക്കുന്നു. ഗുലാം അലി, മെഹ്ദി ഹസന്‍, ജഗ്ജീത് സിംഗ് എന്നിവരെ തന്റെ മാതൃകകളായി കാണുന്ന രണ്‍ജീത് ഈ നിരയിലെ പുത്തന്‍ പ്രതീക്ഷയാണ്. ഗുലാം അലിക്കും ജഗ്ജിത് സിംഗിന്റേയും തലമുറക്ക് ശേഷം ഗസല്‍ മേഖലയില്‍ നല്ല ഗായകരുടെ എണ്ണം പരിമിതമാവുകയാണ്. അതു കൊണ്ടു തന്നെ ഈ മേഖലയില്‍ കടന്നു വരുന്ന യുവഗായകരുടെ ഉത്തരവാദിത്തം കൂടുതലാണെന്നും രണ്‍ജിത് പറയുന്നു. അടിസ്ഥാന സംഗീതത്തെ കൈവിടാതെയുള്ള നിരന്തര സാധനയാണ് വേണ്ടത്. കവിത്വം നിറയുന്ന വരികളുടെ ആത്മാവ് അറിഞ്ഞ് ആലാപനം ചെയ്യുക എന്നതാണ് ഓരോ ഗസല്‍ ഗായകന്റേയും കടമയെന്ന് രണ്‍ജീത് വിശ്വസിക്കുന്നു. സംഗീത ലോകം കാതോര്‍ത്തിരിക്കുന്ന രണ്‍ജിത് 'തേരേ ഖയാല്‍ സെ' എന്ന ആല്‍ബത്തിന് ശേഷം 'പൈഗം' എന്ന ആല്‍ബത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍.