അവശതയനുഭവിക്കുന്നവര്‍ക്കായി സാമൂഹ്യനീതി വകുപ്പിന്റെ വിവിധ പദ്ധതികള്‍

അവശതയനുഭവിക്കുന്നവര്‍ക്കായി സാമൂഹ്യനീതി വകുപ്പിന്റെ വിവിധ പദ്ധതികള്‍

Monday July 24, 2017,

1 min Read

ഭിന്നശേഷിക്കാരുള്‍പ്പെടെ സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വിവിധ വിഭാഗങ്ങള്‍ക്കായി സാമൂഹ്യനീതി വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനും ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പ്പറേഷനും സംയുക്തമായി സയന്‍സ് ആന്റ് ടെക്നോളജി മ്യൂസിയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

image


സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ''സധൈര്യം മുന്നോട്ട്'' എന്ന പ്രചാരണ പരിപാടി ഈ മാസം ആരംഭിക്കും. ഈ പദ്ധതിയില്‍ സ്ത്രീകളുടെ ഹോമുകളും മന്ദിരങ്ങളും പരിഷ്‌കരിക്കും. പ്രായം ചെന്നവര്‍ക്കായി സായംപ്രഭ പദ്ധതി ഉടന്‍ ആരംഭിക്കും. സമൂഹത്തില്‍ അവഗണനയ്ക്കും അപഹാസ്യത്തിനും പാത്രമായിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് ട്രാന്‍സ്ജെന്‍ഡറുകള്‍. ഇവര്‍ നേരിടുന്ന പ്രശ്നം പരിഹരിക്കാനും സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ വിവര ശേഖരണം സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. എട്ടു ലക്ഷം പേരുടെ ലിസ്റ്റ് ഓരോ പഞ്ചായത്തുകള്‍ക്കും വേര്‍തിരിച്ച് നല്‍കും. ഭിന്നശേഷിക്കാരായ ഓരോ വ്യക്തിക്കും വ്യത്യസ്തമായ സഹായമാണ് ആവശ്യം. ഇതിനനുസരിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കണം. സംസ്ഥാനത്തെ ഒരു ലക്ഷം അംഗപരിമിതര്‍ക്ക് ചികിത്സാ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന സ്വാവലംബന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 3.70 കോടി രൂപ നല്‍കിക്കഴിഞ്ഞു. വികലാംഗക്ഷേമ കോര്‍പറേഷന്‍ മുഖേന അംഗപരിമിതര്‍ക്ക് നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതുണ്ട്.

കോര്‍പ്പറേഷന് എല്ലാ ജില്ലകളിലും ഘട്ടംഘട്ടമായി ഓഫീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ഡി കെ. മൊയ്തീന്‍കുട്ടി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഒ. വിജയന്‍, സുഹ്റാബി, ഗിരീഷ് കീര്‍ത്തി, കെ. ജി. സജന്‍, എന്‍. എച്ച്. എഫ്. ഡി. സി ഫിനാന്‍സ് മാനേജര്‍ എം. യദുകൊണ്ടലു എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ പദ്ധതികളെക്കുറിച്ചുള്ള വിശദീകരണവും ഭിന്നശേഷിക്കാര്‍ക്കുള്ള സ്വയംതൊഴില്‍ സംരംഭങ്ങളും സാദ്ധ്യതകളും സെമിനാറില്‍ ചര്‍ച്ച ചെയ്തു.