എലിപ്പനിയെ തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍

എലിപ്പനിയെ തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍

Thursday July 20, 2017,

1 min Read

എലിപ്പനിയെ തടയുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കി. പ്രതിരോധ ഗുളികകള്‍ യഥാസമയം കഴിക്കുകയും പനിയുടെ ആരംഭത്തില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചികിത്സയ്ക്ക് വിധേയമാകുകയും ചെയ്താല്‍ എലിപ്പനിയില്‍ നിന്ന് രക്ഷ നേടാനാകുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത അറിയിച്ചു. എലിപ്പനിക്ക് കാരണം ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ്. എലിയുടെയും സമാന ജീവികളുടെയും വിസര്‍ജ്ജ്യങ്ങളിലൂടെ മലിനമായ ജലം, മണ്ണ്, എന്നിവയില്‍ ജോലി ചെയ്യുമ്പോഴും മലിനമായ ജലം, ഭക്ഷണം എന്നിവ കഴിക്കുമ്പോഴുമാണ് മനുഷ്യനിലേക്ക് രോഗം പകരുന്നത്. 

image


ഒരു രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നില്ല. പനി, കണ്ണില്‍ ചുവപ്പ്, പേശി വേദന, ഉദരപേശികള്‍ക്ക് വേദന, നട്ടെല്ലിന്റെ കീഴ്ഭാഗത്തെ പേശികളില്‍ തൊടുമ്പോള്‍ വേദന, വൃക്കയെ ബാധിക്കുകയാണെങ്കില്‍ മൂത്രത്തില്‍ രക്തത്തിന്റെ അംശമുണ്ടാവുക, ചുമ, നെഞ്ചു വേദന, കരളിനെ ബാധിക്കുകയാണെങ്കില്‍ മഞ്ഞപ്പിത്തം എന്നിവ ലക്ഷണങ്ങളാണ്. രോഗം ബാധിച്ച് നാല് മുതല്‍ 19 ദിവസത്തില്‍ രോഗലക്ഷണങ്ങളുണ്ടാവും. കരള്‍ രോഗം, പ്രമേഹം എന്നിവയുളളവര്‍ പനിയുടെ ആരംഭത്തില്‍ തന്നെ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമായി ചികിത്സ സ്വീകരിക്കണം. കൃസ്റ്റലൈന്‍ പെന്‍സിലിന്‍, ഡോക്‌സിസൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ ഫലപ്രദമാണ്. ഓട വൃത്തിയാക്കുന്നവര്‍, കൃഷിപ്പണിക്കാര്‍, തോട്ടം തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുളം വൃത്തിയാക്കുന്നവര്‍ എന്നിവര്‍ അഴ്ചയില്‍ ഒരു ദിവസം എലിപ്പനിയ്ക്കുളള പ്രതിരോധഗുളിക ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കുന്നത് നല്ലതാണ്. ഇത്തരം ജോലി ചെയ്യുന്നവര്‍ കൈ കാല്‍ എന്നിവിടങ്ങളില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ പണിയ്ക്ക് ഇറങ്ങാതിരിക്കുകയോ, അത്യാവശ്യമാണെങ്കില്‍ മുറിവുകള്‍ ആന്റിസെപ്റ്റിക് ഉപയോഗിച്ച് ബാന്റേജ് ചെയ്തതിനുശേഷം മാത്രം ഇറങ്ങുകയോ ചെയ്യുക. പനിയുണ്ടായാല്‍ ആരംഭത്തില്‍ തന്നെ ഡോക്ടറെ കാണുകയും ജോലിയുടെ സ്വാഭാവം ഡോക്ടറോട് പറയുകയും വേണം. എലികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ വലിച്ചെറിയാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണം വെളളം എന്നിവ നല്ലവണ്ണം മൂടിവെയ്ക്കുക, വെളളം തിളപ്പിച്ചാറിച്ച് കുടിക്കുക, വഴിയില്‍ നിന്നുളള ഭക്ഷണം ഒഴിവാക്കുക, കെട്ടിക്കിടക്കുന്ന വെളളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. സ്വയം ചികിത്സ പാടില്ലെന്നും ഡോ. ആര്‍. എല്‍. സരിത അറിയിച്ചു.