കൗട്ട്‌ലൂട്ടിന്റെ പ്രീ ലവ്ഡ് ഫാഷന്‍ പ്ലാറ്റ്‌ഫോം

കൗട്ട്‌ലൂട്ടിന്റെ പ്രീ ലവ്ഡ് ഫാഷന്‍ പ്ലാറ്റ്‌ഫോം

Sunday January 03, 2016,

3 min Read


'എനിക്കത് ഓഫീസില്‍ ഇട്ടുകൊണ്ടു പോകാനാകില്ല.'ഹോ! ഈ വസ്ത്രങ്ങളെല്ലാം കൊണ്ട് ഞാന്‍ എന്ത് ചെയ്യും? മറ്റെപ്പോഴെങ്കിലുമാകട്ടെ.'

വാര്‍ഡ്രോബിലേക്ക് നോക്കി ഇങ്ങനെയൊക്കെ ചിന്തിക്കാത്തവരായി ആരും കാണുമെന്ന് തോന്നുന്നില്ല. നമ്മള്‍ മുമ്പ് ഏറെ ഇഷ്ടപ്പെട്ടിരുന്നതും എന്നാല്‍ കാലങ്ങളായി ഉപയോഗിക്കാതെ വച്ചിരുന്നതുമായ നിരവധി വസ്ത്രങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. അത്രയും ഫാഷണബിളായ വസ്ത്രങ്ങള്‍ സൗജന്യമായി ആര്‍ക്കെങ്കിലും കൊടുക്കാന്‍ നിങ്ങളുടെ ഹൃദയം നിങ്ങളെ അനുവദിക്കുകയുമില്ല. അപ്പോള്‍ പിന്നെ എന്തു ചെയ്യുമെന്നാണോ ആലോചിക്കുന്നത്. എങ്കില്‍ കൗട്ട്‌ലൂട്ടിലേക്ക് വന്നോളൂ.

image


നിങ്ങളുടെ മുന്‍പ് ഉപയോഗിച്ച ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ന്യായമായ നിരക്കില്‍ വില്‍ക്കാനും വാങ്ങാനും സഹായിക്കുകയാണ് കൗട്ട്‌ലൂട്ടിന്റെ ലക്ഷ്യം. നമുക്കുള്ള വസ്ത്രത്തിന്റെ വെറും 20 ശതമാനം മാത്രമാണ് നാം ഉപയോഗിക്കാറുള്ളത്. ബാക്കി 80 ശതമാനവും നാം തൊടാറില്ല. അങ്ങനെ അധികം വരുന്ന വസ്ത്രങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കൗട്ട്‌ലൂട്ട് ശ്രമിക്കുന്നതെന്നാണ് ഈ സംരംഭത്തിന്റെ സഹസ്ഥാപകനായ ജസ്മീത് തിണ്ഡ് പറയുന്നത്.

മികച്ച ബ്രാന്‍ഡിലുള്ള ഉപയോഗിച്ച വസ്ത്രങ്ങള്‍ 70 ശതമാനത്തോളം ഡിസ്‌കൗണ്ടിലാണ് കൗട്ട്‌ലൂട്ടിലൂടെ വില്‍ക്കുന്നത്. മാത്രമല്ല, ഉപയോഗിക്കാതെ വച്ചിരിക്കുന്ന വസ്ത്രങ്ങളില്‍ നിന്ന് അത്യാവശ്യം പോക്കറ്റ് മണി ഒപ്പിക്കാനും സാധിക്കും. സെക്കന്‍ഡ് ഹാന്‍ഡാണെങ്കിലും അവയെല്ലാം ഉപയോഗിക്കാനാകുന്ന വിധത്തിലുള്ളതാണെന്നും കൗട്ട്‌ലൗട്ട് ഉറപ്പ് വരുത്തുന്നുണ്ട്.

image


coutloot.com വഴി വസ്ത്രം വില്‍ക്കുന്നവര്‍ക്ക് സൗജന്യമായി ഒരു പിക്ക് അപ്പ് സര്‍വീസ് കൗട്ട്‌ലൗട്ട് നല്‍കിയിട്ടുണ്ട്. പ്രോഡക്ട് ലഭ്യമായതിന് ശേഷം കൗട്ട്‌ലൂട്ടിന്റെ സ്‌റ്റൈലിസ്റ്റുകള്‍ അവയുടെ ഗുണമേന്മ പരിശോധിക്കുന്നു. തുടര്‍ന്ന് വില തീരുമാനിച്ചശേഷം അവ വെബ്‌സൈറ്റില്‍ വില്‍പ്പനയ്ക്ക് വയ്ക്കും. ആവശ്യക്കാരന് ഓര്‍ഡര്‍ എത്തിച്ച് കൊടുക്കുന്നതും കൗട്ട്‌ലൂട്ടാണ്.

തന്റെ ഉപയോഗിക്കാതെ വച്ചിരിക്കുന്ന വസ്ത്രങ്ങളെച്ചൊല്ലി അമ്മ വീട്ടില്‍ ബഹളം വച്ചപ്പോഴാണ് ഇത്തരത്തിലൊരു ഐഡിയ തനിക്ക് തോന്നിയതെന്നാണ് ഇരുപത്തിയഞ്ചുകാരനായ ജസ്മീത് പറയുന്നത്. ഓണ്‍ലൈനിലൂടെ താന്‍ എല്ലാ ആഴ്ചയും പുതിയ വസ്ത്രങ്ങള്‍ വാങ്ങുമായിരുന്നു. എന്നാല്‍ അപ്പോഴെല്ലാം പഴയ വസ്ത്രങ്ങള്‍ കുന്നുകൂടുന്നത് താന്‍ ശ്രദ്ധിച്ചതേയില്ല. അവസാനം പുതിയതായി വാങ്ങിയതെല്ലാം വയ്ക്കാന്‍ അലമാരിയില്‍ ഇടമില്ലെന്ന് മനസിലായപ്പോഴാണ് സംഗതി പ്രശ്‌നമാണെന്ന് തോന്നിയത്. ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും വഴി സെക്കന്‍ഡ് ഹാന്‍ഡ് വസ്ത്രവില്‍പ്പന നടക്കുന്ന വിവരം ജസ്മീതിന് അറിവുണ്ടായിരുന്നു. എന്നാല്‍ ഇതിനൊരു കോമണ്‍ പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നില്ല. ഒ.എല്‍.എക്‌സിലോ ക്വിക്കറിലോ തന്റെ വസ്ത്രങ്ങള്‍ വില്‍ക്കാനും മനസ് വന്നില്ല.

image


ഈ ഐഡിയ തോന്നിയപ്പോള്‍ തന്നെ കോളേജില്‍ തന്റെ ജൂനിയറായിരുന്ന മഹിമയെ ജസ്മീത് പോയി കണ്ടു. താന്‍ അനുഭവിക്കുന്ന അതേ പ്രശ്‌നം അവള്‍ക്കുമുണ്ടെന്ന് ജസ്മീതിന് അറിയാമായിരുന്നു. സംഭവം പറഞ്ഞപ്പോള്‍ മഹിമയ്ക്ക് നൂറു വട്ടം സമ്മതം. അങ്ങനെ ഈ സംരംഭത്തിനുള്ള പ്രാരംഭ പരിപാടികള്‍ ആരംഭിച്ചു. ഈ സമയത്താണ് പുതിയ സംരംഭം തുടങ്ങിയാലോ എന്നും ചോദിച്ച് സ്‌കൂള്‍ സുഹൃത്തായ സാഹില്‍ ജസ്മീതിന് മുന്നിലെത്തിയത്. കൗട്ട്‌ലൂട്ടിനെപ്പറ്റി കേട്ടപ്പോള്‍ സാഹിലിനും ഇഷ്ടമായി. പിന്നീട് വിനിതും ഇവരോടൊപ്പം ചേര്‍ന്നു.

അങ്ങനെ മഹിമ കൗള്‍(22), ഷാഹില്‍ ഖിമാവത്(25), വിനിത് ജെയിന്‍ (22) എന്നീ യുവാക്കളോടൊപ്പം ജസ്മീത് കൗട്ട്‌ലൂട്ട് ആരംഭിച്ചു. ഇവര്‍ നാലു പേരുമാണ് കൗട്ട്‌ലൂട്ടിലെ സ്ഥിരം അംഗങ്ങള്‍. ഇതോടൊപ്പം ഫാഷന്‍, സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ഡിസൈന്‍ എന്നിവയില്‍ സഹായിക്കാന്‍ മറ്റ് നാല് അംഗങ്ങള്‍ കൂടിയുണ്ട്.

സംഭവം ക്ലച്ച് പിടിപ്പിക്കാന്‍ നന്നെ ബുദ്ധിമുട്ടിയെന്ന് ജസ്മീത് പറയുന്നു. കൂടെയുണ്ടായിരുന്ന കുറച്ച് പേര്‍ അവരുടെ വ്യക്തിഗത ലാഭത്തിനായി തങ്ങളെ ഉപേക്ഷിച്ചു. ഇത് വളരെ ബുദ്ധിമുട്ടിച്ചു. ആദ്യമൊന്നും ഇത് മുഴുവന്‍ സമയവും തങ്ങള്‍ ചെയ്തിരുന്നില്ല. കോളേജിലും ജോലിക്കുമെല്ലാം പോയി വന്നശേഷം രാത്രി ഏറെ വൈകിയാണ് ഈ സംരംഭത്തിന് വേണ്ടി സമയം കണ്ടെത്തിയത്. ബാലാരിഷ്ടതകളില്‍ നിന്നും കരകയറിയ തങ്ങളുടെ സംരംഭം 2015 സെപ്തംബറോടെ ലൈവായതായി ജസ്മീത് അഭിമാനപൂര്‍വ്വം പറഞ്ഞു.

കൗട്ട്‌ലൂട്ട് നിര്‍മിക്കുന്ന സമയത്ത് ജസ്മീതിന്റെ അമ്മയ്ക്ക് വളരെ ഗുരുതരമായൊരു അസുഖമുണ്ടായി. ചികിത്സ നടക്കുന്നതിനിടെ അമ്മ ജസ്മീതിനോട് അവന്റെ ഐഡിയയില്‍ സ്വയം വിശ്വാസമുണ്ടോ എന്ന് ചോദിച്ചു. തന്റെ എല്ലാ കഴിവുകളും അതില്‍ സന്നിവേശിപ്പിക്കാനുള്ള പ്രചോദനം അന്ന് അമ്മയുമായി നടത്തിയ സംഭാഷണത്തില്‍ നിന്നാണ് അവന് ലഭിച്ചത്. തുടര്‍ന്ന് തനിക്കുണ്ടായിരുന്ന ഫാന്‍സി ജോലി രാജിവച്ച് തന്റെ സ്വപ്‌നത്തിന് പിന്നാലെ ഉറച്ച കാല്‍വയ്പ്പുകളോടെ അവന്‍ നീങ്ങുകയായിരുന്നു. നാം പ്രചോദനം ലഭിക്കാനായി പുസ്തകങ്ങള്‍ വായിക്കുകയും സിനിമ കാണുകയും പല സ്ഥലങ്ങളില്‍ പോവുകയും മറ്റും ചെയ്യാറുണ്ടല്ലോ. എന്നാല്‍ നമുക്കുള്ള പ്രചോദനം വീട്ടില്‍ തന്നെയുണ്ടെന്നാണ് ജസ്മീതിന്റെ അഭിപ്രായം. അന്ന് അമ്മയുമായി നടത്തിയ സംഭാഷണമാണ് തന്നെ മാറ്റിയതെന്നാണ് ജസ്മീത് പറയുന്നത്.

അഞ്ഞൂറിലധികം പിക് അപ്പുകളുമായി ഇതുവരെ കൗട്ട്‌ലൂട്ട് മികച്ച രീതിയില്‍ മുന്നേറുകയാണ്. ഇപ്പോള്‍ ഓര്‍ഡറുകള്‍ 200ന് മുകളിലെത്തി. തങ്ങളുടെ വെബ്‌സൈറ്റില്‍ 500 പേരോളം എന്നും സന്ദര്‍ശനം നടത്താറുണ്ട്. ജനങ്ങളുടെ പ്രതികരണത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ജസ്മീത് പറയുന്നു.

നിലവില്‍ മുംബയ്, ഡല്‍ഹി, പൂനെ, ബാംഗാലൂര്‍ എന്നിവിടങ്ങളിലെല്ലാം കൗട്ട്‌ലൂട്ടിന്റെ സേവനം ലഭ്യമാണ്. തങ്ങളുടെ സേവനങ്ങള്‍ ഇന്ത്യയില്‍ ഒട്ടാകെ വ്യാപിപ്പിക്കണമെന്നാണ് ഈ ചെറുപ്പക്കാരന്റെ ആഗ്രഹം. കൂടാതെ ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ തയ്യാറാക്കാനും തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് ജസ്മീത് വ്യക്തമാക്കി.