മത്സ്യഫെഡിന്റെ 'ഫീസ്റ്റ് ഓഫ് സെവന്‍ ഫിഷസ്' മത്സ്യക്കിറ്റ് വില്‍പന തുടങ്ങി  

0

ക്രിസ്മസിനോടനുബന്ധിച്ച് മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 'ഫീസ്റ്റ് ഓഫ് സെവന്‍ ഫിഷസ്' മത്സ്യക്കിറ്റ് വില്‍പനയുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ഫിഷറീസ് ഡയറക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍ ആദ്യകിറ്റ് ഏറ്റുവാങ്ങി.

സംസ്ഥാനത്ത് ശുദ്ധമായ മത്സ്യം വിതരണം ചെയ്യാന്‍ സ്ഥിരം സംവിധാനം നിലവില്‍ വരുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് നല്ല മത്‌സ്യം ലഭ്യമാക്കാന്‍ മത്‌സ്യഫെഡ് മാര്‍ക്കറ്റിംഗ് മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. ഇതിന്റെ ഭാഗമായാണ് പുതിയ കിറ്റുകള്‍ അവതരിപ്പിക്കുന്നത്. മത്‌സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്‌സ്യം ലോറിയില്‍ നേരിട്ട് മാര്‍ക്കറ്റുകളില്‍ എത്തിച്ച് ലേലം ചെയ്യുന്ന സമ്പ്രദായം പരിഗണനയിലുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മത്‌സ്യവില്‍പ്പനക്കാര്‍ക്ക് ഇത് ഗുണകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനുവരി രണ്ട് വരെയാണ് ഏഴുതരം മത്സ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റ് 1500, 1000 രൂപ നിരക്കുകളില്‍ മത്സ്യഫെഡ് ഫിഷ്മാര്‍ട്ടുകളില്‍ ലഭ്യമാകുക. നെയ്മീന്‍, ചൂര, കൊഞ്ച്, അയല, മത്തി, കണവ, വേള എന്നീ മത്സ്യങ്ങളാണ് പ്രധാനമായും ഉണ്ടാകുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം - 9526041320, കൊല്ലം - 9526041293, കോട്ടയം 9526041296, എറണാകുളം - 9526041391 എന്നീ നമ്പരുകളില്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.

വിതരണോദ്ഘാടന ചടങ്ങില്‍ മത്സ്യഫെഡ് എം.ഡി ഡോ. ലോറന്‍സ് ഹെറോള്‍ഡ്, ജില്ലാ മാനേജര്‍ ഡോ. എസ്. ഹരികുമാര്‍, ഡെപ്യൂട്ടി ജി.എം (കമേര്‍ഷ്യല്‍ ഓപ്പറേഷന്‍സ്) പി.പി. സുരേന്ദ്രന്‍, മാര്‍ക്കറ്റിംഗ് വിഭാഗം മാനേജര്‍ എസ്. സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.