ഫ്യൂഷന്‍ സംഗീതത്തിന്റെ ഇന്ദ്രജാലം ഇന്ന് നിശാഗന്ധിയില്‍

0

ശാസ്ത്രീയ സംഗീതവും ജാസും, റോക്കും, പോപ്പ് മ്യൂസിക്കും സ്വാഭാവികമായി അലിഞ്ഞു ചേരുന്ന ഫ്യൂഷന്‍ സംഗീത ഇന്ദ്രജാലം ഇന്ന് (മേയ് 25) നിശാഗന്ധിയില്‍ അരങ്ങേറും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിനുശേഷം അരങ്ങേറുന്ന ബിഗ്ബാന്റ് എന്ന സംഗീത പരിപാടി നയിക്കുന്നത് ബാലഭാസ്‌കര്‍, രഞ്ജിത് ബാരോട്ട്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഫസല്‍ ഖുറേഷി എന്നിവരാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ജാസ് ഡ്രമ്മര്‍മാരില്‍ ഒരാളായ രഞ്ജിത് ബാരോട്ട് പ്രശസ്തനായ മ്യൂസിക് കമ്പോസറും എ.ആര്‍ റഹ്മാന്‍ നേതൃത്വം നല്‍കുന്ന മ്യൂസിക് ബാന്റിലെ ഡ്രമ്മറുമാണ്.

 ഉസ്താദ് അല്ലാ രാഖാ ഖാന്റെ മകനും ഉസ്താദ് സക്കീര്‍ ഹുസൈന്റെ സഹോദരനുമായ ഉസ്താദ് ഫസല്‍ ഖുറേഷി തബലയില്‍ വിസ്മയങ്ങള്‍ വിതാനിക്കും. ചെണ്ട എന്ന വാദ്യോപകരണത്തില്‍ ആദ്യമായി പദ്മശ്രീ നേടിയ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ താളപ്പെരുക്കങ്ങള്‍ ഈ ഫ്യൂഷന്‍ വിസ്മയത്തിന് മാറ്റ് കൂട്ടും. മൂന്ന് വയസുമുതല്‍ വയലിന്‍ അഭ്യസിച്ച ബാലഭാസ്‌കര്‍ സംഗീത രംഗത്ത് 25 വര്‍ഷം തികയ്ക്കുകയാണ്. ഇന്ത്യയിലും വിദേശത്തും സംഗീത പരിപാടികള്‍ നടത്തി ശ്രദ്ധേയനായ വയലിന്‍ കലാകാരനാണ് അദ്ദേഹം. ഓരോ ആര്‍ട്ടിസ്റ്റിനും അവരവരുടെ സ്വാതന്ത്ര്യം വേദിയില്‍ അനുവദിച്ചുകൊണ്ടുളള പരിപാടിയായിരിക്കും ബിഗ്ബാന്റ് അവതരിപ്പിക്കുകയെന്നും അനന്തപുരിയിലെ സംഗീത പ്രേമികള്‍ക്ക് ഈപരിപാടി ഹൃദ്യവും ആസ്വാദ്യകരവുമായിരിക്കുമെന്നും ബാലഭാസ്‌കര്‍ പറഞ്ഞു.