കോളജ് വിദ്യാര്‍ഥികള്‍ക്കായി ഫച്ഛ

കോളജ് വിദ്യാര്‍ഥികള്‍ക്കായി ഫച്ഛ

Tuesday December 22, 2015,

3 min Read


കോളജില്‍ പഠിക്കുന്ന സമയം ഓരോരുത്തരുടെയും ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ജീവിതത്തിലെ തന്നെ ചില നിര്‍ണായക തീരുമാനങ്ങളും വഴിത്തിരിവുകളും ചിന്തകളും കാഴ്ചപ്പാടുകളുമെല്ലാം ഉടലെടുക്കുന്നത് കോളജുകളില്‍നിന്നാണ്. അതുപോലെ തന്നെ നമ്മുടെ ചിന്തകളും കാഴ്ചപ്പാടുകളും പങ്കുവെക്കാന്‍ സമാന ചിന്താഗതിയുള്ളവരെ കണ്ടെത്തേണ്ടതുമുണ്ട്. എന്നാല്‍ കോളജ് വിദ്യാര്‍ഥികളുടെ കാഴ്ചപ്പാടുകളും ചിന്തകളുമെല്ലാം പങ്കുവെക്കുന്നതിന് ട്രഡിഷണല്‍ മീഡിയയില്‍ സംവിധാനമൊന്നുമില്ല.

image


ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ തരുണ്‍ ഭര്‍ദ്വാജും സണ്ണിതല്‍വാറും കുട്ടികള്‍ക്കിടയിലുള്ള ഈ അകലം തിരിച്ചറിഞ്ഞു. കുട്ടികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോം രൂപപ്പെടുത്താനായിരുന്നു ഇരുവരെയും ശ്രമം. കഥകളിലൂടെയും മറ്റും ഓരോരുത്തരും തങ്ങളെക്കുറിച്ച് അവതരിപ്പിക്കും. അതോടൊപ്പം മറ്റ് കോളജുകളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും പരസ്പരം പങ്കുവെക്കും.

2013ല്‍ അവര്‍ ഫച്ച(ഫ്രഷര്‍ ഇന്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റി ലിംഗോ) തുടങ്ങി. കുട്ടികള്‍ക്ക് പരസ്പരം ആശയങ്ങള്‍ പങ്കുവെക്കാം എന്നതിന് പുറമേ മത്സരങ്ങളെയും സമ്മേളനങ്ങളെയും ഡിബേറ്റുകളെയും രാജ്യത്തെ തന്നെ മറ്റ് കോളജുകളില്‍ നടക്കുന്ന സംഭവങ്ങളെയും കുറിച്ചുമെല്ലാം പരസ്പരം പങ്കുവെക്കാനും ഇക്കാര്യങ്ങള്‍ എല്ലാവരിലും എത്തിക്കുന്നതിനുമൊക്കെയുള്ള ഓണ്‍ലൈന്‍ മാധ്യമമാണ് ഫച്ഛ. കുട്ടികള്‍ക്ക് പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അവരുടെ കരിയറിലെ വിവിധ മേഖലകളെക്കുറിച്ച് പരസ്പരം സംസാരിച്ച് കൂടുതല്‍ മനസിലാക്കുന്നതിനുമെല്ലാം ഫച്ഛ സഹായിച്ചു.

ഡല്‍ഹി യൂനിവേഴ്‌സിറ്റി മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യം. എന്നാല്‍ വൈകാതെ ഇന്ത്യയിലെ പല കോളജുകളില്‍നിന്നും തങ്ങളുടെ പ്രവര്‍ത്തനം അഭ്യര്‍ത്ഥിച്ച് നിരവധി പേരെത്തി. ഇന്ന് രാജ്യത്തെ 200 കോളജുകളില്‍ ഫച്ഛ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം പേരാണ് ഇതിന്റെ സബ്‌സ്‌ക്രൈബര്‍മാര്‍.

നിരവധി പേരാണ് ഇപ്പോള്‍ ഫച്ഛ സന്ദര്‍ശിക്കുന്നത്. പ്രതിമാസം ശരാശരി രണ്ട് ലക്ഷം പേരാണ് ഫച്ഛ നോക്കുന്നതെന്ന് ഇതിന്റെ സഹസ്ഥാപകന്‍ കൂടിയായ 28 കാരന്‍ തരുണ്‍ പറയുന്നു.

ഫച്ഛയുടെ സന്ദര്‍ശകരില്‍ 80 ശതമാനവും 15നും 30നും ഇടക്ക് പ്രായമുള്ളവരാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ 3000ല്‍ അധികം ഇന്റന്‍ഷിപ്പ് അപേക്ഷകളാണ് തങ്ങള്‍ക്ക് ലഭിച്ചത്. 500ല്‍ അധികം എഴുത്തുകാരും തങ്ങളുടെ സംഭാവനകള്‍ നല്‍കുന്നു.

ഓണ്‍ലൈന്‍ പാര്‍ട്‌നര്‍ഷിപ്പിലൂടെ കോളജ് വിദ്യാര്‍ഥികളെയും അധ്യപകരെയും പരസ്പരം ബന്ധിപ്പിക്കുന്ന വലിയ ഒരു പ്ലാറ്റ്‌ഫോമാണ് ഇന്ന് ഫച്ഛ. കുട്ടികള്‍ക്ക് വിവിധ ബ്രാന്‍ഡുകളിലെ അവസരങ്ങളും ഇത് തുറന്നുകാട്ടുന്നു. ഓരോ ബ്രാന്‍ഡുകള്‍ക്കും യുവതലമുറയുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുന്നതിനും അവരുടെ ട്രെന്‍ഡുകളും മാനസികാവസ്ഥയുമെല്ലാം മനസിലാക്കുന്നതിനും തങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് കുട്ടികളെ മനസിലാക്കിക്കുന്നതിനും ഭാവിയില്‍ ആവശ്യമെങ്കില്‍ അവരെ തങ്ങളുടെ സ്ഥാപനത്തിലേക്ക് നിയമിക്കുന്നതിനുമെല്ലാം ഫച്ഛ സഹായിക്കുന്നു.

കോളജ് ഫെസ്റ്റുകളുടെ ഓണ്‍ലൈന്‍ മീഡിയ പാര്‍ട്‌നര്‍ കൂടിയാണ് ഫച്ഛ. ഐ ഐ എം ലക്‌നൗ, ഐ ഐ എം ബംഗലൂരു, ഐ ഐ എം ട്രിച്ചി, ബി ഐ ടി എസ് പിലാനി എന്നിവയുള്‍പ്പെടെ 200ല്‍ അധികം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ഫച്ഛയുടെ പ്രവര്‍ത്തനം.

തങ്ങളുടെ പ്രധാന വരുമാനം കോളജുകളില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും നല്‍കുന്ന പരസ്യങ്ങളില്‍നിന്നാണ്. ഡ്യൂറക്‌സ്, വൈബര്‍, സ്റ്റഡി ഓവര്‍സീസ്, റെലിഗെയര്‍, സ്‌ട്രെപ്‌സില്‍സ് എന്നിങ്ങനെ 12 ബ്രാന്‍ഡുകളുമായി തങ്ങള്‍ ക്യാമ്പെയിന്‍ നടത്തിയിരുന്നു. 5000 മുതല്‍ 25000 രൂപ വരെയാണ് ക്യാമ്പെയിനുകള്‍ക്ക് വേണ്ടി തങ്ങള്‍ ചാര്‍ജ് ഈടാക്കിയത്.

ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫച്ഛ നിരവധി വെല്ലുവിളികളാണ് നേരിട്ടിട്ടുള്ളത്. ഈ ആശയത്തെക്കുറിച്ച് അറിയാവുന്നവരെ സംഘടിപ്പിച്ച് ഒരു ടീം ഉണ്ടാക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. തങ്ങളിലും തങ്ങളുടെ ആശയങ്ങളിലും വിശ്വാസമില്ലാത്ത ഒരാള്‍ക്ക് ഒരിക്കലും ദീര്‍ഘകാലം തങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനാകില്ല. ഇത് മനസിലാക്കിയാണ് ടീം അംഗങ്ങളെ തിരഞ്ഞെടുത്തത്. ഇന്ന് ആറ് അംഗങ്ങളാണ് തങ്ങളുടെ ടീമില്‍ ഉള്ളത്.

മീഡിയ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ തങ്ങള്‍ മികച്ച ഗുണനിലവാരമുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കുകയും സൃഷ്ടിപരമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി. എന്നാല്‍ ഇതെല്ലാം നിറവേറ്റിയാണ് തങ്ങളുടെ പ്രവര്‍ത്തനം- തരുണ്‍ പറയുന്നു.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ കണക്കനുസരിച്ച് നിലവില്‍ 350 മില്യന്‍ ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് 2017ഓടെ 500 മില്യന്‍ ആകും. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 70 ശതമാനവും 15നും 35നും ഇടക്ക് പ്രായമുള്ളവരാണ്. ഇവര്‍ തങ്ങളുടെ ആശയങ്ങള്‍ വിളിച്ചറിയിക്കുന്നതിനും തങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ അറിയാനുമെല്ലാം ശബ്ദമുയര്‍ത്തുന്നവരാണ്. ഈ നിലയില്‍ 2016 അവസനത്തോടെ പ്രതിമാസം തങ്ങള്‍ക്ക് മൂന്ന് മില്യന്‍ സന്ദര്‍ശകര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുവാക്കളെ കേന്ദ്രീകരിച്ചുളള നിരവധി പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. യൂത്ത് കീ ആവാസ്, സ്‌കൂപ്പ് വൂപ്പ്, 101 ഇന്ത്യ ഡോട്ട് കോം എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളാണ് പ്രവര്‍ത്തനം തുടങ്ങിയത്. എന്നിരുന്നാലും ഓരോരുത്തരും ലക്ഷ്യമിടുന്ന ഓഡിയന്‍സ് വ്യത്യസ്ഥരാണ്.

ഓരോ കോളജുകള്‍ക്കുമായി ഓരോ ചെറിയ സൈറ്റുകള്‍ ലഭ്യമാക്കാനും ഫച്ഛ ലക്ഷ്യമിടുന്നുണ്ട്. 2016ഓടെ തങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കാനായി ഒരു മൊബൈല്‍ ആപ്ലിക്കേഷനും വീഡിയോ ചാനലും തയ്യാറാക്കാനും ലക്ഷ്യമിടുന്നുണ്ട്. ബിസിനസ് ഇന്റലിജന്‍സിനെക്കുറിച്ചുള്ള ഒരു പഠനം വ്യക്തമാക്കുന്നത് 2018 ഓടെ ഡിജറ്റല്‍ പരസ്യങ്ങള്‍ക്കായി 10220 കോടി രൂപയും ലോക്കല്‍ പരസ്യങ്ങള്‍ക്കായി 21 ബില്യന്‍ ഡോളറും ചെലവാക്കും എന്നാണ്. ഇത് തങ്ങള്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സഹായകമാകുമെന്ന് തരുണ്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ തങ്ങളുടെ പ്രവര്‍ത്തന പാതയില്‍ 70 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഫച്ഛക്ക് ഇനിയും ഏറെ വളരാന്‍ സാധിക്കുമെന്നും യുവ തലമുറക്ക് നിരവധി സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു- തരുണ്‍ കൂട്ടിച്ചേര്‍ത്തു.

    Share on
    close