സഹകരണ ബാങ്ക്; ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തെഴുതി

സഹകരണ ബാങ്ക്; ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തെഴുതി

Monday November 28, 2016,

2 min Read

കേരളത്തില്‍ പ്രതിസന്ധിയിലായ സഹകരണ മേഖലയുടെ പ്രവര്‍ത്തനം വീണ്ടും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടു വരാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

image


കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം നിര്‍ദ്ദേശിച്ചതനുസരിച്ച് പ്രധാനമന്ത്രിയെ കാണാന്‍ സര്‍വ്വ കക്ഷി സംഘത്തനിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് കേരളത്തിന്റെ വികാരമറിയിച്ച് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

കേന്ദ്രത്തിന്റെ നോട്ട് അസാധുവാക്കല്‍ നടപടി കേരളത്തിന്റെ സാമ്പത്തിക ഘടനയേയും സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. വ്യാപാരവും ചെറുകിട വ്യവസായവും അപ്പാടെ തകിടം മറിഞ്ഞു. ചെറുകിട കച്ചവടക്കാര്‍, തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ പൊടുന്നനെ തൊഴില്‍ രഹിതരായി. വ്യാപാര രംഗത്തുണ്ടായ സ്തംഭനാവസ്ഥ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തേയും പ്രതികൂലമായി ബാധിക്കും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി കേരളത്തിന്റെ സഹകരണ മേഖലയാണ് നോട്ട് അസാധുവാക്കലിന്റെ തിക്തഫലം മുഴുവന്‍ അനുഭവിക്കേണ്ടി വന്നത്. 1625 പ്രാഥമിക സഹകരണ സംഘങ്ങളും അവയുടെ 2700 ലേറെ ശാഖകളും 14 ജില്ലാ സഹകരണ ബാങ്കുകളും അവയുടെ 784 ശാഖകളുമായി അതിവിപുലമാണ് കേരളത്തിന്റെ താഴെതട്ടിലെ സഹകരണ ശൃംഖല. കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഇവയ്ക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കാനാവുന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ സഹകരണ പ്രസ്ഥാനം തകര്‍ന്നടിയും എന്നതില്‍ സംശയമില്ല. ഇത് കുടുംബശ്രീ, അയല്‍ക്കൂട്ടം തുടങ്ങിയ സാമൂഹ്യകൂട്ടായ്മകളുടെ പ്രവര്‍ത്തനത്തെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും തകര്‍ത്തിരിക്കുകയാണ്. സാധാരണക്കാരും കര്‍ഷകരും ദുര്‍ബല വിഭാഗങ്ങളുമാണ് സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍. ഈ സാധുക്കള്‍ക്ക് സംഘങ്ങളില്‍ അവര്‍ നിക്ഷേപിച്ചിട്ടുള്ള പണം അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പിന്‍വലിക്കാനാവുന്നില്ല. ഗ്രാമീണ മേഖലയില്‍ ഇത് സൃഷ്ടിച്ചിട്ടുള്ള പരിഭ്രാന്തി അളവറ്റതാണ്. കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ അത് സഹകരണ പ്രസ്ഥാനത്തിന്‍രെ നിലനില്‍പ്പിനെ മാത്രമല്ല സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെയും തകര്‍ക്കും.

റിസര്‍വ്വ് ബാങ്കിന്റെ ലൈസന്‍സോടെ, നിബന്ധനകളനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ് ജില്ലാ സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും. പക്ഷേ അര്‍ബന്‍ ബാങ്കുകള്‍ക്ക് മാത്രമേ പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ അനുമതി നല്‍കിയുള്ളൂ. ജില്ലാ ബാങ്കുകള്‍ക്ക് ആദ്യം അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിയുടെ രൂക്ഷത കണക്കിലെടുത്താണ് പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചതും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയതും. പക്ഷേ സര്‍വ്വകക്ഷി സംഘത്തിന് പ്രമേയം കൈമാറുന്നതിന് പ്രധാനമന്ത്രിയെ കാണാന്‍ അവസരം നിഷേധിക്കപ്പെട്ടു എന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

    Share on
    close