മദ്യത്തിനും, പുകവലിക്കുമെതിരെ വി ചെയ്ഞ്ച് യു

0

വെള്ളിത്തിരയില്‍ നായകന്‍ സിഗററ്റ് വലിച്ച് ഊതിവിട്ട പുകച്ചുരുളുകള്‍ അവന്റെ കണ്ണുകളിലായിരുന്നില്ല മനസിലായിരുന്നു പതിഞ്ഞത്. നായകനെ അനുകരിച്ച് വഴിവക്കില്‍ കിടന്ന സിഗററ്റ് കുറ്റികള്‍ കത്തിച്ച് ആരുംകാണാതെ വലിക്കാന്‍ തുടങ്ങിയ അവന്‍, പിന്നീട് വീട്ടില്‍ നിന്നും പണം മോഷ്ടിച്ച് സിഗററ്റ് വാങ്ങാന്‍ തുടങ്ങി. സിഗററ്റ് വലിക്കാന്‍ ഒപ്പം കൂടിയ കൂട്ടുകാരില്‍ നിന്നും മദ്യപിക്കാനും അവന്‍ ശീലിച്ചു. ഒടുവില്‍ ഈ ശീലങ്ങള്‍ അവനെക്കൊണ്ടെത്തിച്ചതോ ലഹരി വിമുക്ത കേന്ദ്രത്തിലേക്കും. ഇത്തരത്തില്‍ നിരവധി കുഞ്ഞുങ്ങളാണ് ദിനംപ്രതി ജീവിതം ലഹരിക്ക് അടിയറവെക്കുന്നത്. അവരെ ശ്രദ്ധിക്കാന്‍, നേര്‍വഴിക്ക് നയിക്കാന്‍ എന്തേ നമുക്ക് കഴിഞ്ഞില്ല എന്ന് നാമോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്. ഈ ചോദ്യം ചോദിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറായ ഒരു സംഘമാണ് വി ചേയ്ഞ്ച് യു എന്ന സംഘടനക്ക് രൂപം നല്‍കിയത്.

തദ്ദേശീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഫലേച്ഛയൊന്നുമില്ലാതെ ഈ സംഘടന ആരംഭിച്ചത്. ലോകം മുഴുവനും വി ചെയ്ഞ്ച് യു സംഘത്തിന്റെ അലയൊലികള്‍ പ്രതിഫലിക്കണമെന്ന അതിയായ മോഹവുമായാണ് സംഘം പ്രയാണം ആരംഭിച്ചത്. ആരോഗ്യവും അതിനേക്കുറിച്ചുള്ള അവബോധവും എന്ന അടിസ്ഥാന തത്വത്തിലൂന്നി പ്രവര്‍ത്തനമാരംഭിച്ച സംഘടന ആരോഗ്യത്തെ ബാധിക്കുന്ന രണ്ട് ഗുരുതരമായ വിഷയങ്ങള്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു. വര്‍ധിച്ചുവരുന്ന മദ്യ, പുകയില ഉപയോഗം ഇല്ലാതാക്കുക എന്നത് ശ്രമകരമായ ജോലി ആണെങ്കിലും അത് ഏറ്റെടുത്തു വിജയിപ്പിക്കുമെന്ന് അവര്‍ ദൃഢപ്രതിജ്ഞയെടുത്തു. സ്‌കൂളുകളിലും മറ്റ് പൊതുയിടങ്ങളിലും ലഹരി ഉപഭോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ക്ലാസ്സുകള്‍ നടത്തിയായിരുന്നു തുടക്കം. യുവാക്കളുടെ ഭാവി മുന്‍നിര്‍ത്തി ലഹരി ഒന്നോടെ തുടച്ചു നീക്കുക എന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികളുടെ ശാക്തീകരണ പരിപാടികളും ബോധവത്കരണ സെമിനാറുകളും നടത്തി.

ലോകം നേരിടുന്ന പ്രധാന ഭീഷണികളിലൊന്നായ ലഹരി പ്രതിവര്‍ഷം എട്ട് മില്ല്യണ്‍ ആളുകളെയാണ് നാശത്തിലേക്ക് നയിക്കുന്നത്. സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും ഇവ വേരോടെ പിഴുതെറിയുകയായിരുന്നു ലക്ഷ്യമെന്ന് വി ചെയ്ഞ്ച് യു സ്ഥാപകന്‍ വിജയ് ഭാസ്‌കര്‍ പറഞ്ഞു. സംഘത്തിലെ പലരും ആരോഗ്യ മേഖലയിലെ വിദഗ്ധരായിരുന്നു. ഇവര്‍ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവജനങ്ങള്‍ക്ക്‌ ക്ലാസ്സുകള്‍ നല്‍കി. സൊസൈറ്റി ഫോര്‍ റിസേര്‍ച്ച് ഓണ്‍ നിക്കോട്ടിന്‍ ആന്‍ഡ് ടൊബാക്കോ(എസ് ആര്‍ എന്‍ ടി)യുടെ ബോസ്റ്റണില്‍ വെച്ചു നടന്ന 2013ലെ വാര്‍ഷിക സമ്മേളനത്തില്‍ വി ചെയ്ഞ്ച് യുവിന്റെ പോസ്റ്റര്‍ പ്രദര്‍ശനത്തിന് അനുമതി ലഭിച്ചത് വലിയ മാറ്റത്തിന് വഴിവെച്ചു. ലോകത്തിലെ തന്നെ മികച്ച സ്‌കോളര്‍ഷിപ്പുകളും സംഘടനയെത്തേടിയെത്തി.

നൂതന സാങ്കേതിക വിദ്യകളായിരുന്നു സംഘടനയുടെ പ്രയാണത്തിന് കരുത്തേകിയത്. ശക്തമായ ആശയങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമുകളും വിദ്യാര്‍ഥികളേയും യുവാക്കളേയും പോസിറ്റീവ് ആയി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. മദ്യത്തേയും പുകയിലയേയും കുറിച്ചുള്ള മൂന്ന് വര്‍ഷത്തെ പഠനത്തിലൂടെ ഇവയുടെ നിയന്ത്രണ തന്ത്രങ്ങള്‍ മനസിലാക്കാന്‍ സംഘടനക്ക് കഴിഞ്ഞു. സ്‌കുളുകളിലും കോളജുകളിലും നടത്തിയ ക്യാമ്പയിനുകളില്‍ മികച്ച പോസ്റ്ററുകളും 2ഡി, 3ഡി ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമുകളും പ്രദര്‍ശിപ്പിക്കാനായത് ഏറെ ഗുണം ചെയ്തു. ഫെയ്‌സ് ബുക്കിലൂടെയുള്ള പ്രചാരണവും ഫലപ്രദമായി.

പലപ്പോഴും ലഹരി ഉപയോഗമാണ് കുറ്റകൃത്യങ്ങള്‍ക്കും. കൊലപാതകങ്ങള്‍ക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കും, അപകടങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും കാരണമാകുന്നത്. ഡല്‍ഹി കൂട്ടബാലാല്‍സംഗ സംഭവം തന്നെ ഇതിനൊരു ഉദാഹരണമാണ്. എന്നാല്‍ ഇതില്‍ മദ്യത്തിന്റെ പങ്ക് ആരും ചര്‍ച്ച ചെയ്യുന്നില്ല എന്നത് ഖേദകരമാണ്. ലഹരി ഉത്പന്നങ്ങള്‍ പൂര്‍ണമായി നിരോധിക്കുന്നതിന് സംഘടന പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.

ലഹരി വസ്തുക്കളുടെ നിര്‍മാണ കമ്പനികള്‍ നടത്തുന്ന ലോക വ്യാപക പ്രചാരണത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക എന്ന ശ്രമകരമായ ജോലിയും സംഘടന ഏറ്റെടുത്തു. തങ്ങളുടെ ക്യാമ്പയിനുകളേക്കാള്‍ മുകളില്‍ പരസ്യങ്ങള്‍ നല്‍കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഇത് വെല്ലുവിളിയായി ഏറ്റെടുത്ത്‌ ലഹരി വിമുക്ത വീടുകളം ഗ്രാമങ്ങളും നഗരങ്ങളും പടുത്തുയര്‍ത്താന്‍ തീരുമാനിച്ചു. സാമൂഹ്യ പ്രവര്‍ത്തകരേയും ജനപ്രതിനിധികളേയും ഇതിനായി കൂട്ടുപിടിച്ചു. ലഹരി വസ്തുക്കളില്‍ നിന്നും നികുതിപ്പണമായി സര്‍ക്കാറിന് ലഭിക്കുന്ന പണത്തിന്റെ മൂന്നിരട്ടിയാണ് ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുടെ ചികിത്സക്കായി സര്‍ക്കാര്‍ മുടക്കുന്നത്. ഈ തുക കുട്ടികളുടെ പോഷകാഹാര പദ്ധതികള്‍ക്കായി വിനിയോഗിക്കാവുന്നതാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക്‌ ലഹരി വസ്തുക്കള്‍ വില്‍ക്കരുത്, പൊതു സ്ഥലങ്ങളില്‍ ഇവയുടെ ഉപയോഗം പാടില്ല തുടങ്ങി നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ഇവയൊന്നും പാലിക്കപ്പെടുന്നില്ല. ഇവ സംബന്ധിച്ച് പരിശോധന നടത്തുന്ന മോണിറ്ററിംഗ് കമ്മിറ്റികളും ഫലപ്രദമല്ല.

ലാഭകരമായി രീതിയിലുള്ള സംരംഭങ്ങള്‍ നടത്തുന്ന വ്യവസായികളെ പ്രോത്സാഹിപ്പിക്കണം, എന്നാല്‍ അവ സമൂഹത്തിന് ദോഷം ചെയ്യുന്നവയാകരുതെന്നാണ് സംഘടനക്ക് സമൂഹത്തോട് പറയാനുള്ളത്. ഇന്ത്യയില്‍ ഒരാള്‍ 50 രൂപക്ക് ഒരു ചായ കുടിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ഒരു ദിവസത്തിന്റെ അധ്വാനത്തിന്റെ കൂലിയായി ലഭിക്കുന്നത് 50 രൂപയാണ്. ഈ വ്യത്യാസം ഇന്നും ഇവിടെ നിലനില്‍ക്കുകയാണ്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അകലം കുറക്കുക എന്ന ലക്ഷ്യത്തോടെയാവണം ഓരോ സാമൂഹ്യ പ്രവര്‍ത്തകനും സംഘടനകളും പ്രവര്‍ത്തിക്കേണ്ടതെന്ന് വി ചെയ്ഞ്ച് യു അടിവരയിടുന്നു.