ഇവര്‍ നിങ്ങളെ ഭക്ഷണപ്രിയരാക്കും

ഇവര്‍ നിങ്ങളെ ഭക്ഷണപ്രിയരാക്കും

Thursday November 05, 2015,

4 min Read

ഇത് നവംബര്‍ മാസം . സംഭവബഹുലമായ ഒരു കലണ്ടര്‍വര്‍ഷം അവസാനപേജുകളി ലെത്തിനില്‍ ക്കുന്നു. വര്‍ഷം വിടപറഞ്ഞുപോകുംമുമ്പ് പതിവുപോലെ എല്ലാവര്‍ക്കും സന്തോഷിക്കാനും ആടാനും പാടാനും അവസരമൊരുക്കി രണ്ടു ആഘോഷങ്ങള്‍ വരുന്നുണ്ട് . തിരുപ്പിറവിയുടെ ആഘോഷമായ ക്രിസ്തുമസും പിന്നെ പുതുവത്സരവും . തിരുപ്പിറവിദിവസം പാതിരാകുര്‍ബാനയോടെ പള്ളികളിലെ ചടങ്ങുകളും ആഘോഷങ്ങളും കഴിയുമെങ്കിലും യഥാര്‍ത്ഥ തട്ടുപൊളിപ്പന്‍ ആഘോഷങ്ങള്‍ ആരംഭിക്കുന്നത് അതിനുശേഷമാണ് .നേരം നന്നായൊന്നു വെളുത്തശേഷം വീടുകളില്‍ . ക്രിസ്തുമസ് സമ്മാനം കൈമാറലും കേക്ക് മുറിയ്ക്കലും പാട്ടും മേളവും . അങ്ങനെ എന്തെല്ലാം. എന്നാല്‍ , ഇത് മാത്രമാണോ ക്രിസ്തുമസ് ആഘോഷം ? അല്ലേയല്ല. 

പിന്നെയോ ? കുടംപുളിയിട്ടു പറ്റിച്ച ചാറുമായി നല്ല വലിയ കഷണങ്ങള്‍ ഉള്ള മോതക്കറിയും അമ്മച്ചിയുടെ ചട്ടയുടെ വെണ്മ യുള്ള നല്ല മയമുള്ള പാലപ്പവും തേങ്ങാ വറുത്തരച്ച നാടന്‍ കോഴിക്കറിയും സുറിയാനി ക്രിസ്ത്യാനികള്‍ 'ഒലത്തെറച്ചി' എന്ന് നിഷ്‌കളങ്കമായും ന്യൂജന്‍ പിള്ളാര്‍ ഒരു ഗുമ്മിനുവേണ്ടി ബി ഡി എഫ് അഥവാ ബീഫ്ഡ്രൈ ഫ്രൈ എന്നും വിളിക്കുന്ന പോത്ത് ഒലത്തിയതും പിന്നെ പോര്‍ക്ക് കുരുമുളകിട്ടു പുരട്ടിയതും ഒന്നുമില്ലാതെ എന്ത് ക്രിസ്തുമസ് ആഘോഷം ....ഇത്ര കേട്ടപ്പോഴേക്കും ഒരു വള്ളംകളിക്കുള്ള വെള്ളപ്പൊക്കം വായിലുണ്ടാകും , അല്ലേ ?

image


ആഘോഷങ്ങള്‍ ഏതായാലും എന്നായാലും വീട്ടില്‍ അമ്മമാരും അമ്മൂമ്മമാരും അവരുടെ നിറഞ്ഞ സ്‌നേഹംകൂടി ഒരു ചേരുവയായി ചേര്‍ത്ത് പാകംചെയ്യുന്ന ഭക്ഷണത്തോളം വരില്ല ഒന്നും ....അതേസമയം , നമ്മുടെ ന്യൂജന്‍ പെണ്കു ട്ടികളും ഒട്ടും മോശമല്ല വായയ്ക്ക് രുചിയായി എന്തെങ്കിലും ഉണ്ടാക്കി വിളമ്പുന്നതില്‍ ...അത് കാണാതിരുന്നുകൂടാ ....പക്ഷെ , അവര്‍ക്ക് താല്‍പര്യം ഭക്ഷണത്തിലെ പുതുപുത്തന്‍ പരീക്ഷണങ്ങളാണ് . മുന്‍കാലങ്ങളില്‍ പാചകപുസ്തകങ്ങള്‍ നോക്കിയായിരുന്നു അടുക്കളയെന്ന കുക്കിംഗ് ലാബുകളില്‍ പരീക്ഷണങ്ങള്‍ നടന്നിരുന്നതെങ്കില്‍ കാലം മാറിയതോടെ ടി വി യിലെ കുക്കറി ഷോ കളും അവരെ കൂടുതല്‍ പരീക്ഷണത്തിന് പ്രേരിപ്പിച്ചു ...കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വന്നതോടെ പാചകവിദഗ്ധരുടെ വെബ് സൈറ്റുകളും ബ്ലോഗുകളും ആ രംഗം കൈയടക്കി .

ഈ വരുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷ വേളകളില്‍ രുചി വൈവിധ്യങ്ങള്‍ക്കായി നമുക്ക് പരീക്ഷിക്കാവുന്ന ചില കൂളിനറി ബ്ലോഗുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ ..

image


അര്‍ച്ചനാസ് കിച്ചണ്‍ : സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ , യോഗാ ട്രെയിനര്‍ , പാചകവിദഗ്ധ ...അങ്ങനെ പത്തരമാറ്റ് വിജയവുമായി കൈ തൊട്ട മേഖലകളിലെല്ലാം വെന്നിക്കൊടി പാറിച്ച അര്‍ച്ചനയുടെ ഏറ്റവും ശ്രദ്ധേയമായ നീക്കമാണ് അര്‍ ച്ചനാസ് കിച്ചണ്‍ ...ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും മനുഷ്യര്‍ കഴിക്കുന്ന വെജിറ്റെറിയന്‍ വിഭവങ്ങളെ മാത്രം പരിചയപ്പെടുത്തുകയാണ് അര്‍ച്ചന ഇവിടെ .....വെറുതെ വിഭവങ്ങളുടെ പേര് പറഞ്ഞുപോവുകയല്ല ഇവിടെ . ഓരോ വിഭവങ്ങള്‍ക്കും ആവശ്യമായ പച്ചക്കറികള്‍ , അവയുടെ വിളവെടുപ്പ് കാലം , ഓരോന്നിലുമുള്ള പോഷകങ്ങള്‍ , ഏതൊക്കെ എതിനോടൊപ്പം ഒക്കെ കഴിക്കാം എന്നിങ്ങനെ സമഗ്രമായി വിവരിച്ചിരിക്കുന്നു ഈ ബ്ലോഗില്‍ . മാത്രമല്ല , ഉത്സവകാലത്തെ വിഭവങ്ങള്‍ , കുട്ടികള്‍ക്ക് ലഞ്ച് ബോക്‌സില്‍ വെച്ച് കൊടുത്തുവിടാവുന്ന വിഭവങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചു വിവരിച്ചിരിക്കുന്നതിനാല്‍ വായനക്കാര്‍ക്ക് ഓരോ വിഭവങ്ങളും കണ്ടെത്താനും എളുപ്പമാണ് .

സുബ്ബൂസ് കിച്ചണ്‍ : ദക്ഷിണേന്ത്യന്‍ വിഭവങ്ങളുടെ ഒരു കലവറ തന്നെയാണ് സുബ്ബൂസ് കിച്ചണ്‍ . സുബ്ബു തന്റെ അമ്മയില്‍നിന്നും പഠിച്ച പരമ്പരാഗത വിഭവങ്ങള്‍ അതേ പാരമ്പര്യത്തനിമയോടെ നമുക്കായി ഒരുക്കുകയാണിവിടെ..പാചകം ഒരു കലയാണെന്നും ഒപ്പം അത് ലളിതവും ആസ്വാദ്യകരവും ആണെന്നും കാണിച്ചുകൊടുത്തു പുതുതലമുറയെ കുക്കിങ്ങിലേക്ക് ആകര്‍ഷിക്കുകയാണ് സുബ്ബുവിന്റെ ലക്ഷ്യം . എങ്ങനെ പാചകം ചെയ്യണമെന്നു മാത്രമല്ല , മറിച്ച് എങ്ങനെ ചേരുവകള്‍ ചേര്‍ക്കണം , അത്യാവശ്യമുള്ള മസാലക്കൂട്ടുകള്‍ എങ്ങനെ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം എന്നെല്ലാം സുബ്ബു പഠിപ്പിക്കുന്നു .

image


മഞ്ജുളാസ് കിച്ചണ്‍ : ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ മാത്രം പോരല്ലോ വടക്കേയിന്ത്യന്‍ വിഭവങ്ങളും വേണ്ടേ ? തീര്‍ച്ചയായും വേണം . അങ്ങനെയെങ്കില്‍ അതിനുള്ള ഇടമാണ് മഞ്ജുളാസ് കിച്ചണ്‍ . 'ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ ' എന്നതാണ് മഞ്ജുളാസ് കിച്ചണിന്റെ ആപ്തവാക്യം . നാവില്‍ തോന്നുന്ന രുചി എന്ന് പറയുന്നത് മസാലകളുടെയും ചെരുവകളുടെയും ബുധിപൂര്‍വ്വകമായ കൂടിച്ചേരലുകളുടെ ഫലമാണെന്ന ലളിതമായ പാഠമാണ് മഞ്ജു ളാസ് കിച്ചണ്‍ പഠിപ്പിക്കുന്നത് . മഞ്ജു ളാസ് കിച്ചണിലെ ലളിതമായ പാച കക്കുറി പ്പുകളും വീഡിയോ ട്യൂട്ടോറിയലും പാചകം കൂടുതല്‍ എളുപ്പമാക്കുന്നു ഇവിടെ .

ബേക് ചെയ്ത വിഭവങ്ങളുടെ ഒരു കൊച്ചു പറുദീസാ തന്നെയാണ് ബേകര്‍ ഇന്‍ ഡിസ്ഗസ് . കാര്യങ്ങളെ ലളിതമാക്കുകയാണ് സര്‍വാണി ഇവിടെ . സര്‍വാണി യുടെ സൈറ്റിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തുന്ന ആര്‍ക്കും കാണാന്‍ കഴിയും സര്‍വാണി സ്വന്തമായി തയ്യാറാക്കിയ വിഭവങ്ങള്‍ക്കു പുറമേ അന്താരാഷ്ട്ര നിലവാരമുള്ള വിഭവങ്ങളുടെ ലളിതമായ കുറിപ്പുകളും . പാചകരംഗത്തെ തുടക്കക്കാര്‍ക്കും 'പുലി'കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു സൈറ്റ് .

സൈലൂസ് ഫുഡ് : ആന്ധ്രാ വിഭവങ്ങള്‍ കൂടുതലായി പരിചയപ്പെടുത്തുന്ന ഒരുഗ്രന്‍ സൈറ്റ് . ആന്ധ്രാ വിഭവങ്ങള്‍ മാത്രമല്ല പലരും കേട്ടിട്ടുപോലുമില്ലാത്ത ഇന്ത്യന്‍ വിഭവങ്ങളുടെ ഒരു മഹാസമുദ്രം ...അതാണ് സൈലൂസ് ഫുഡ് .

ഷോ മി ദി കറി : പാചകം ചെയ്യുമ്പോള്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നൊക്കെ എല്ലാവരും പറഞ്ഞുതരും . എന്നാല്‍ , എന്തൊക്കെ ചെയ്യരുത് എന്നാരും ഇതുവരെ പറഞ്ഞുതന്നിട്ടില്ല . ആരും പറയാത്ത അത്തരം കാര്യങ്ങള്‍ പറഞ്ഞുതരുന്നു ഹെതലും അനുജയും . പാചകം ചെയ്യുമ്പോള്‍ പൂര്‍ണ്ണതയേക്കാള്‍ കൂടുതല്‍ പിശകുകളാണ് സംഭവിക്കുന്നത് ...ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അത്തരം പാകപ്പിഴകള്‍ ഒഴിവാക്കാനുള്ള പൊടിക്കൈകളും റ്റിപ്‌സുകളുമാണ് ഇവിടെ . പാചകത്തിനിടയില്‍ നേരിട്ട അബദ്ധങ്ങളും പാകപ്പിഴകളും പങ്കുവെയ്ക്കാനും ഉപദേശം തേടാനും ഇവിടെ സൗകര്യമുണ്ട് .

image


എഡിബിള്‍ ഗാര്‍ഡന്‍ : കേരളം , ഹൈദരാബാദ് , ഓസ്‌ട്രേലിയ ഇവിടെയൊക്കെ ജീവിച്ചിട്ടുള്ളതിനാല്‍ അവിടുത്തെ രുചിഭേദങ്ങളും നഗ്‌സിനു സുപരിചിതമാണ് . ഭര്‍ത്താവിന്റെ കാര്യങ്ങളും പാര്‍ട്ട് ടൈം ആയും ഫുള്‍ ടൈം ആയും ജോലിയും ഒക്കെയായി കഴിയവേയാണ് ഒരു ഫുഡ് ബ്ലോഗ് തുടങ്ങിയാലോ എന്ന ആലോചന . ആലോചിച്ചതും ബ്ലോഗ് തുടങ്ങിയതും ഒക്കെ വളരെ പെട്ടെന്നായിരുന്നു . അത് വന്‍ വിജയമാകുകയും ചെയ്തു ..കേരളാ തമിഴ്‌നാട് ഫ്യൂഷന്‍ രുചി വൈവിധ്യങ്ങളാണ് നാഗിന്റെ എടുത്തുപറയാവുന്ന സവിശേഷത . ഏത് റെസിപ്പിയും വിജയകരമായി പരീക്ഷിക്കാനുള്ള സന്നദ്ധത നാഗിന്റെ മറ്റൊരു പ്രത്യേകതയാണ് . ഓരോ വിഭവങ്ങള്‍ പുതുതായി പരീക്ഷിക്കുമ്പോഴും അതിലോരോന്നിലും നേരിട്ടുള്ള പങ്കാളിത്തം നാഗ് ഉറപ്പുവരുത്തുന്നു .

നിഷ മധുലിക : ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ അതാതു നാടുകളിലെ രുചികളും സംസ്‌കാരവും തേടിനടന്നു അവ ചൂടാറാതെ ഭക്ഷണ പ്രിയര്‍ക്കു വിളമ്പുന്ന ഒരു ചാനല്‍ . നിഷയുടെ പാചകക്കുറിപ്പുകള്‍ക്ക് ആവശ്യമായ ചേരുവകള്‍ നമ്മുടെ നാട്ടില്‍ സുലഭമാണ് . രുചിഭേദങ്ങള്‍ തേടിയുള്ള യാത്രകളുടെ വീഡിയോ ദൃശ്യങ്ങളും സൈറ്റിലുണ്ട് . ഹിന്ദിയിലാണ് ഈ ബ്ലോഗില്‍ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത് .