ദൈവത്തിന്റെ സ്വന്തം നാടിന്റെ സിഗ്‌നേച്ചര്‍ വീഡിയോ വൈറലാകുന്നു

ദൈവത്തിന്റെ സ്വന്തം നാടിന്റെ സിഗ്‌നേച്ചര്‍ വീഡിയോ വൈറലാകുന്നു

Tuesday December 15, 2015,

1 min Read

കേരള ടൂറിസത്തിന്റെ വര്‍ണചാരുതകള്‍ ദൃശ്യവത്ക്കരിക്കുന്ന സിഗ്‌നേച്ചര്‍ വീഡിയോ വൈറലാകുന്നു. കേരള ടൂറിസത്തിന്റെ ഫേസ് ബുക്ക് പേജില്‍ ഡിസംബര്‍ എട്ടിനു വൈകുന്നേരം പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ പതിനായിരത്തോളം പേരാണ് ഇതിനകം കണ്ടിരിക്കുന്നത്. 22000 ഓളം പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു ഔദ്യോഗിക വീഡിയോയ്ക്ക് ഇത്രയുമധികം സന്ദര്‍ശകരെ ലഭിക്കുന്നത് ഇതാദ്യമാണ്.

image


ദൈവത്തിന്റെ സ്വന്തം നാടായ കേരളം, വെറുമൊരു ഭൂപ്രദേശം എന്നതിനുപരിയായി, അനുഭവിച്ചറിയേണ്ട ഒരു വികാരമാണെന്നു വെളിവാക്കുന്ന ദൃശ്യാവിഷ്‌കാരമാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ നിറഞ്ഞ താളത്തനിമയോടെയാണ് സിഗ്‌നേച്ചര്‍ വീഡിയോയില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. മുത്താളം മുടിതാളം കളിയാടും നാടേ നിന്‍ തുഞ്ചത്ത്... എന്നു തുടങ്ങുന്ന വരികള്‍ കേരളത്തിന്റെ തനതു സംസ്‌കാരവും കലകളുമെല്ലാം അതിന്റെ തനിമയോടെ തന്നെ ആവിഷ്‌കരിക്കുന്നുണ്ട്.

പൂക്കളം, ഊഞ്ഞാല്‍, ഉത്സവങ്ങള്‍, കലകള്‍, ആയുര്‍വേദം, സംസ്‌കാരം എന്നുതുടങ്ങി കേരളത്തിന്റെ സംസ്‌കൃതിയുടെ ആഘോഷം തന്നെയാണ് പാട്ടിലും ദൃശ്യാവിഷ്‌കാരത്തിലും അനുഭവവേദ്യമാകുന്നത്. ടൂറിസം ഡയറക്ടര്‍ പി ഐ ഷേയ്ക്ക് പരീത് ഐ എ എസിന്റെ ആശയത്തില്‍ മനോജ് കുറൂര്‍ രചിച്ച് ശ്രീവത്സന്‍ ജെ മേനോന്‍ സംഗീതം നല്‍കിയ വരികള്‍ ആലപിച്ചിരിക്കുന്നത് മീര രാംമോഹന്‍, ശ്രീരഞ്ജിനി കോടമ്പള്ളി എന്നിവര്‍ ചേര്‍ന്നാണ്. അമല്‍ ആന്റണിയും സംഘവും ചേര്‍ന്നാണ് കോറസ് പാടിയിരിക്കുന്നത്. ഇന്‍വിസ് മള്‍ട്ടിമീഡിയയുടേതാണ് ദൃശ്യാവിഷ്‌കാരം. കേരള ടൂറിസത്തിന്റെ ഫേസ്ബുക്ക് പേജില്‍ കയറിയാല്‍ വീഡിയോ സന്ദര്‍ശിക്കുവാന്‍ കഴിയും.